Uncategorized

സിനിമ മോഹങ്ങളുമായി നിജ കെ അനിലന്‍

ഡോ. അമാനുല്ല വടക്കാങ്ങര

വെള്ളിത്തിരയില്‍ അങ്കം കുറിക്കാനുള്ള അവസരവും കാത്ത് സിനിമ മോഹങ്ങളുമായി കഴിയുന്ന പ്രവാസി കലാകാരിയാണ് നിജ കെ അനിലന്‍. പ്രൊഫഷണ്‍ കൊണ്ട് എഞ്ചിനീയറാണെങ്കിലും നൃത്തനൃത്യങ്ങളുടേയും അഭിനയത്തിന്റേയും ലോകമാണ് നിജയുടെ സ്വപ്നം.

തൃശൂര്‍ ജില്ലയില്‍ ഇരിഞ്ഞാലക്കുടക്കടുത്ത് തളിയക്കോണം ഗ്രാമത്തില്‍ ഷാജിദ, അനിലന്‍ ദമ്പതികളുടെ സീമന്ത പുത്രിയായ നിജ സ്‌ക്കൂള്‍ തലം തൊട്ടേ കലാ സാഹിത്യ പ്രവര്‍ത്തനങ്ങളില്‍ തല്‍പരയായിരുന്നു. നിജയിലെ ഡാന്‍സ്‌കാരിയെ ആദ്യം തിരിച്ചറിഞ്ഞത് ഒരു പക്ഷേ മാതാപിതാക്കള്‍ തന്നെയാകാം. അങ്ങനെ സീനത്ത്, സക്കീര്‍ ഹുസൈന്‍ എന്നീ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ നൃത്തമഭ്യസിപ്പിക്കുകയും പല പരിപാടികള്‍ക്കും കൊണ്ടുപോവുകയും ചെയ്യുമായിരുന്നു.

ചെറുപ്പത്തിലേ ക്ളാസിക്കല്‍ നൃത്തമഭ്യസിച്ചതാണ് എല്ലാ പ്രകടനങ്ങള്‍ക്കും അടിസ്ഥാനമായത്. നാടന്‍ പാട്ടുകള്‍ക്കനുസരിച്ച് സിനിമ പാട്ടുകള്‍ക്കനുസരിച്ചുമൊക്കെ നൃത്തച്ചുവടുകള്‍വെക്കുമ്പോള്‍ ക്ളാസിക്കല്‍ നൃത്തമഭ്യസിച്ചത് ഏറെ സഹായകമായിട്ടുണ്ട്.

സ്‌ക്കൂള്‍ തലത്തില്‍ ഡാന്‍സിന് നിരവധി തവണ സമ്മാനങ്ങള്‍ നേടിയ നിജ സ്‌ക്കൂള്‍ യുവജനോല്‍സവങ്ങളില്‍ ജില്ലാതലം വരെയെത്തിയിരുന്നു. ഗിത്താര്‍ വായിക്കാനും പഠിച്ചെങ്കിലും കാര്യമായ പ്രാക്ടീസ് ചെയ്യുവാനോ പെര്‍ഫോം ചെയ്യുവാനോ മെനക്കെട്ടില്ല. സ്‌ക്കൂള്‍ കാലത്ത് കഥാ പ്രസംഗത്തിലും ഒരു കൈ പരീക്ഷിച്ചിട്ടുണ്ട്.

ഗിന്നസ് റിക്കോര്‍ഡ് ലക്ഷ്യം വെച്ച് നാട്ടില്‍ തനിമ സംഘടിപ്പിച്ച തിരുവാതിരക്കളിയുടെ കോര്‍ഡിനേറ്ററായിരുന്ന നിജ പല വേദികളിലും നൃത്തം ചെയ്തിട്ടുണ്ട്.

കരുവണ്ണൂര്‍ സെന്റ് ജോസഫ് സി.ജി. ഹൈസ്‌ക്കൂളില്‍ നിന്നും എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കിയ നിജ മുകുന്ദപുരം പബ്ളിക് സ്‌ക്കൂളില്‍ നിന്നാണ് പ്ളസ് ടു പടിച്ചത്. തുടര്‍ന്ന് മംഗലാപുരത്തെ പ്രശസ്തമായ സഹ്യാദ്രി എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ബി.ടെക്. പൂര്‍ത്തിയാക്കി.

എഞ്ചിനീയറിംഗ് കഴിഞ്ഞ് കരിയറിനെക്കുറിച്ചാലോചിച്ചപ്പോള്‍ ആദ്യമെത്തിയത് അധ്യാപക ജോലിയായിരുന്നു. ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്‌ക്കൂളിലാണ് അധ്യാപനം തുടങ്ങിയത്. തുടര്‍ന്ന് അവരുടെ തന്നെ എഞ്ചിനീയറിംഗ് കോളേജില്‍ അധ്യാപികയായി.


അച്ഛന്‍ ദീര്‍ഘകാലം പ്രവാസിയായതുകൊണ്ടാകാം പ്രവാസമൊന്നുപയറ്റി നോക്കാമെന്നാലോചിച്ചത്. 2015 ലാണ് വലിയ സ്വപ്നങ്ങളുമായി കടല്‍ കടന്ന് ഖത്തറിലെത്തിയത്. കുറച്ച് കാലം എഞ്ചിനീയറായും കമ്പനി അഡ്മിനിസ്ട്രേഷനിലുമൊക്കെ ജോലി ചെയ്തെങ്കിലും വിദ്യാഭ്യാസ മേഖലയാണ് തനിക്ക് ഏറ്റവും അനുയോജ്യമെന്ന് തിരിച്ചറിഞ്ഞു. തന്റെ കലാവാസനയും പ്രകടനങ്ങളുമൊക്കെ പൊടി തട്ടിയെടുക്കാനും ജീവിതം കൂടുതല്‍ സജീവമാക്കാനും അവസരങ്ങള്‍ ലഭിക്കുമെന്നത് തന്നെയാണ് എഡ്യൂക്കേഷന്‍ സെന്ററുകളിലേക്ക് ജോലി മാറുവാന്‍ നിജയെ പ്രേരിപ്പിച്ച പ്രധാന ഘടകം. അങ്ങനെയാണ് ലേണേര്‍സ് എഡ്യൂക്കേഷന്‍ സെന്റര്‍, കലാ മണ്ഡലം ഖത്തര്‍ എന്നിവിടങ്ങളിലെത്തിയത്. ഇപ്പോള്‍ മെല്‍ബണ്‍ എഡ്യൂക്കേഷണ്‍ സെന്റര്‍ മാനേജറായാണ് നിജ ജോലി ചെയ്യുന്നത്.

ഖത്തറിലെ ചെറുതും വലുതുമായ നിരവധി വേദികളില്‍ നിജ ഇതിനകം നൃത്തമവതരിപ്പിച്ചിട്ടുണ്ട്. അല്‍ ജസീറ ടെലിവിഷന്റെ ഒരു ഹ്രസ്വ ചിത്രത്തിലും ഖത്തര്‍ നാഷണല്‍ തിയേറ്ററിന്റെ ബല്‍ഖീസ് സമാധാനത്തിന്റെ പക്ഷി അറബി നാടകത്തിലും പങ്കെടുത്തു.

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ യൂത്ത് ഫോറം സംഘടിപ്പിച്ച വണ്‍ ഫെസ്റ്റിവലില്‍ ഖത്തര്‍ പ്രൊവിന്‍സില്‍ നിന്നും ഫോള്‍ക് ഡാന്‍സില്‍ ഒന്നാം സ്ഥാനം നിജക്കായിരുന്നു. ഖത്തര്‍ ഓണ്‍ ലൈന്‍ യൂത്ത് ഫെസ്റ്റിവലിന്റെ ഫോള്‍ക് ഡാന്‍സില്‍ രണ്ടാം സ്ഥാനം നേടിയ നിജ വിമണ്‍ ഇന്ത്യ സ്ത്രീ ശക്തി സുരക്ഷ സംബന്ധിച്ച് നടത്തിയ പ്രസംഗമല്‍സരത്തിലും ഒന്നാം സമ്മാനം നേടി.

പ്രശസ്ത നൃത്താധ്യാപകനും കൊരിയോഗ്രാഫറുമായ ഡോ. സൂസന്‍ ഡിമസൂസന്‍, ഖത്തറിലെ കലാകാരന്മാരായ നിസാം, ഷഫീഖ്, റിച്ചാള്‍ഡ് കലാഭവന്‍ തുടങ്ങിയവരുമായി സഹകരിച്ച് ഖത്തറിലെ നിരവധി നൃത്തപരിപാടികളുടെ ഭാഗമാകാന്‍ നിജക്ക് അവസരം ലഭിച്ചു. ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിലെ സജീവമായ കലാവിരുന്നുകളിലെ നിത്യസാന്നിധ്യമായിരുന്നു നിജ. മാള്‍ ഓഫ് ഖത്തറിലെ 360 ഡിഗ്രി തിയേറ്ററില്‍ പരിപാടി അവതരിപ്പിക്കുവാന്‍ അവസരം ലഭിച്ച നിജ നിരവധി അറബി കല്യാണ പരിപാടികള്‍ക്കും നൃത്തം ചെയ്തിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ നിജ നേരത്തെ ടിക്ടോക്കിലായിരുന്നു ശ്രദ്ധ കേന്ദ്രകരിച്ചിരുന്നത്. എന്നാല്‍ ടിക് ടോക് പോസ്റ്റുകളുടെ ഫോക്കസ് മാറുന്നോ എന്ന ആശങ്കയെ തുടര്‍ന്ന് ഇന്‍സ്റ്റഗ്രാമിലേക്ക് മാറി. nijaanilofficial1 എന്ന വിലാസത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ സജീവമായ നിജക്ക് കുറഞ്ഞ മാസങ്ങള്‍ക്കുള്ളില്‍ 19600 ഫോളോവേര്‍സിനെ ലഭിച്ചുവെന്നത് അവരുടെ സജീവമായ ഇടപെടലിനുള്ള സാക്ഷ്യ പത്രമാണ്.

തിങ്ക് എഫ്.എം. ട്വന്റി ഫോര്‍ ഇന്റു സെവന്‍ എന്ന ഫേസ് ബുക്ക് റേഡിയോയില്‍ ആര്‍.ജെ. ആയി നിജ ഖത്തറില്‍ നിന്നും പ്രതിവാര പരിപാടികള്‍ അവതരിപ്പിക്കാറുണ്ട്

നിജയുടെ അമ്മ ഷാജിദ മുളന്‍കുന്നത്തുകാവ് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നഴ്സാണ്. അച്ഛന്‍ അനിലന്‍ മുന്‍ പ്രവാസിയാണ്. ഏകസഹോദരന്‍ നീരജ് കെ. അനിലന്‍ മലയാള സിനിമയില്‍ സജീവമാണ്.
nijaanilan67@gmail.com എന്ന വിലാസത്തില്‍ നിജയുമായി ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!