ആവാസ വ്യവസ്ഥ പുനസ്ഥാപിക്കാനാഹ്വാനം ചെയ്യുന്ന ലോക പരിസ്ഥിതി ദിനം
ഡോ. അമാനുല്ല വടക്കാങ്ങര
ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം. മാനവരാശിയുടെ സമാധാനപൂര്‍ണമായ ജീവിതമാഗ്രഹിക്കുന്ന ഓരോരുത്തര്‍ക്കും പ്രധാനപ്പെട്ട ദിനമാണിത്. പക്ഷേ ഈ ദിനത്തെ നാം ശരിയായ അര്‍ഥത്തില്‍ ഇനിയും ഉള്‍കൊണ്ടിട്ടുണ്ടോ എന്ന് വിലയിരുത്തേണ്ട സന്ദര്‍ഭമാണിത്. നമ്മുടെ തെറ്റായ ജീവിത രീതികളും ഉപഭോഗ സംസ്‌കാരവും വികസന കാഴ്ചപ്പാടുകളുമൊക്കെ നമ്മുടെ പരിസ്ഥിതിക്ക് ഏല്‍പ്പിക്കുന്ന ആഘാതം ചില്ലറയല്ല. സന്ദര്‍ഭത്തിന്റെ ഔചിത്യം തിരിച്ചറിഞ്ഞ് എല്ലാവരും ഉണര്‍ന്ന് പ്രവര്‍ത്തിക്കാതിരുന്നാല്‍ സ്ഥിതിഗതികള്‍ കൈവിട്ടുപോകുമെന്നാണ് സമകാലിക സംഭവങ്ങള്‍ നല്‍കുന്ന സൂചന.
പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് ലോകജനതയെ ബോധവത്കരിക്കാനും ഇതിനായുള്ള കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനുമായി 1972 ജൂണ്‍ 5 മുതലാണ് ഐക്യരാഷ്ട്രസഭ പരിസ്ഥിതി ദിനാചരണത്തിന് തുടക്കമിട്ടത്. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങള്‍ വിപുലീകരിക്കുക, ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക തുടങ്ങിയവയാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം.
നാം ജീവിക്കുന്ന ഭൂമിയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി എല്ലാ വര്‍ഷവും ജൂണ്‍ 5 ന് ലോക പരിസ്ഥിതി ദിനം ആഘോഷിക്കുന്നു. ആവാസവ്യവസ്ഥകള്‍ക്ക് ഏറെ കരുതല്‍ നല്‍കേണ്ട കാലത്താണ് നാമിന്ന് ജീവിക്കുന്നത്. കാരണം, ധാരാളം പാരിസ്ഥിതിക മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് നമ്മുടെ ഭൂമി ഇന്ന്. വെള്ളപ്പൊക്കം, പേമാരി, ചൂട്, ഭൂകമ്പങ്ങള്‍, ഹിമതാപം, മലിനീകരണം എന്നിവ പ്രവചനാതീതമായി ഈ ലോകത്തിന്റെ പല ഭാഗങ്ങളില്‍ സംഭവിക്കുന്നു. ഇവയെല്ലാം വളരെ വലിയ തോതില്‍ ജനജീവിതത്തെയും ബാധിക്കുന്നു. ആഗോള താപനവും കാലാവസ്ഥ വ്യതിയാനവുമൊക്കെ നേരത്തെ ലോകത്തിന്റെ ഏതോ ദിക്കില്‍ വളരെ കുറഞ്ഞപേരുടെ പങ്കാളിത്തത്തോടെ നടന്നിരുന്ന സമ്മേളനങ്ങളുടെ അജണ്ടയായിരുന്നെങ്കില്‍ ഇന്ന് ഗ്രാമാന്തരങ്ങള്‍ പോലും ഇത്തരം പ്രതിസന്ധിയുടെ തീവ്രതയനുഭവിക്കുന്നുവെന്നതാണ് പാരിസ്ഥിക പ്രശ്‌നങ്ങളുടെ സമകാലിക പ്രസക്തി നമ്മെ ഓര്‍മപ്പെടുത്തുന്നത്.
പുനസങ്കല്‍പിക്കുക, പുനസൃഷ്ടിക്കുക, പുനസ്ഥാപിക്കുക (Reimagine. Recreate. Restore) എന്ന സുപ്രധാനമയ പ്രമേയമാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനത്തിനായി ഐക്യ രാഷ്ട്ര സംഘടന തെരഞ്ഞെടുത്തിരിക്കുന്നത്. പരിസ്ഥിതി പുനസ്ഥാപനത്തെക്കുറിച്ചുള്ള യുഎന്‍ ദശകമാരംഭിക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രമേയം ചര്‍ച്ച ചെയ്യുന്നത്.
പ്രകൃതിയെ സുരക്ഷിതമാക്കണമെന്ന് നമ്മില്‍ ഓരോരുത്തര്‍ക്കും ഒരു ഓര്‍മ്മപ്പെടുത്തലായി ഈ ദിവസം നിലകൊള്ളുന്നു. എന്നാല്‍ പല ദിവസങ്ങളേയും പോലും ഈ ദിവസവും കേവലമൊരാചാരമായി മാറിയാല്‍ സ്ഥിതി അത്യന്തം ഗുരുതരമാകുമെന്ന് നാം ഓര്‍ക്കണം.
ആവാസ വ്യവസ്ഥയുടെ സന്തുലിതമായ നിലനില്‍പ് നമ്മുടെയോരോരുത്തരുടേയും നിലനില്‍പിന്റെ ഭാഗമാണെന്ന് നാം തിരിച്ചറിയുവാന്‍ ഇനിയും വൈകിക്കൂട.
പരിസ്ഥിതി ദിനം എന്നു കേള്‍ക്കുമ്പോഴേക്കും കുറച്ച് ചെടികളും ക്യാമറയുമായി പുറത്തിറങ്ങുന്ന നിരവധിപേരെ നമുക്ക് കാണാം.
പരിസ്ഥിതിയെ പരിപാലിക്കുന്നതിനുള്ള ഏറ്റവും എളുപ്പവും മികച്ചതുമായ മാര്‍ഗങ്ങളില്‍ ഒന്നാണ് മരങ്ങള്‍ നട്ടുപിടിപ്പിക്കുക എന്നതില്‍ സംശയമില്ല. എന്നാല്‍ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നടുന്ന മരങ്ങളുടെ സംരക്ഷണവും പരിചരണവും ആരെങ്കിലും ഏറ്റെടുക്കാറുണ്ടോ എന്ന അന്വേഷണം പ്രസക്തമാണ്. പരിസ്ഥിതി ചിന്തകളും പ്രവര്‍ത്തനങ്ങളും ഈ ദിനത്തില്‍ പരിമിതപ്പെടുത്താതെ തുടര്‍പ്രവര്‍ത്തമനങ്ങളുണ്ടാകുമ്പോള്‍ മാത്രമേ പരിസ്ഥിതി സംരക്ഷണം ശരിയായ അര്‍ഥത്തില്‍ സാധ്യമാവുകയുള്ളൂ
പരിസ്ഥിതിയുടെ അടിസ്ഥാനമായ ജൈവവൈവിധ്യത്തിന് മനുഷ്യരുടെ ക്ഷേമവുമായി വലിയ ബന്ധമുണ്ട്. ഭൂമിയുടെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നത് ജൈവവൈവിധ്യമാണ്. ആരോഗ്യകരമായ ഒരു ആവാസവ്യവസ്ഥ മനുഷ്യരില്‍ രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുകയും പാരിസ്ഥിതിക മാറ്റങ്ങള്‍ക്ക് കാരണമാകാതിരിക്കുകയും നല്ലൊരു ജീവിതം വാഗ്ദാനം ചെയ്യുകയും ചെയ്യുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
നശിപ്പിക്കപ്പെടുകയോ നാശത്തിലേക്ക് നീങ്ങുകയോ ചെയ്യുന്ന ആവാസവ്യവസ്ഥയുടെ വീണ്ടെടുക്കലിനെ സഹായിക്കുകയെന്നത് നാമോരോരുത്തരുടേയും വ്യക്തിപരമായ ബാധ്യതയായി മനസിലാക്കിയാല്‍ വമ്പിച്ച മാറ്റമുണ്ടാകും. ദുര്‍ബലമായതോ ദുര്‍ബലാവസ്ഥിയിലോ ആയ ആവാസവ്യവസ്ഥയെ പല തരത്തില്‍ പുനസ്ഥാപിക്കാന്‍ കഴിയും. അതിനുളള ക്രിയാത്മക ചിന്തകളും നടപടികളുമാണ് ഈ ദിനം ആവശ്യപ്പെടുന്നത്.
നമുക്ക് ലഭിച്ച ഈ ഭൂമിയും അതിലെ അമൂല്യങ്ങളായ വിഭവങ്ങളും നമുക്ക് ലഭിച്ചതിലും മികച്ച രൂപത്തില്‍ വരും തലമുറക്ക് കൈമാറണമെന്ന ഉത്തരവാദിത്തബോധമാണ് നമുക്ക് വേണ്ടത്. നാം ശ്വസിക്കുന്ന വായു, നമ്മള്‍ കഴിക്കുന്ന ഭക്ഷണം, കുടിക്കുന്ന വെള്ളം, നമ്മള്‍ താമസിക്കുന്ന ആവാസ വ്യവസ്ഥ എന്നിവയെല്ലാം പരിസ്ഥിതി നമുക്ക് ദാനമായി നല്‍കിയതാണ്. എന്നാല്‍ ആഗോളവത്കരണത്തിനു പുറകേയാണ് മനുഷ്യര്‍ സഞ്ചരിക്കുന്നത്. ഉപഭോഗ സംസ്‌കാരവും തെറ്റായ വികസന നയപരിപാടികളും വനനശീകരണം, ആവാസവ്യവസ്ഥയുടെ കയ്യേറ്റം, മൃഗങ്ങളെ വേട്ടയാടല്‍ തുടങ്ങിയ അപകടകരമായ സ്വഭാവമാണ് സൃഷ്ടിക്കുന്നത്.
വിഭവങ്ങളുടെ ഉപഭോഗം കുറക്കുക, റീസൈക്കിള്‍ ചെയ്യുക, വീണ്ടും ഉപയോഗിക്കുക (reduce, recycle, re use) എന്നിവയാണ് പ്രോല്‍സാഹിപ്പിക്കേണ്ട പ്രധാന നിലപാട്. പ്‌ളാസ്റ്റിക് മലിനീകരണം തടയുക, പുഴകളും കടലുകളും സംരക്ഷിക്കുക, കാടും വീടും നാടിന്റെ അവിഭാജ്യ ഘടകമാക്കുക, ജൈവവൈവിധ്യങ്ങളും ആവാസവ്യവസ്ഥയുമൊക്കെ നിലനിര്‍ത്തി ജന്തുക്കളും പക്ഷികളും മരങ്ങളും മനുഷ്യരുമൊക്കെ സഹകരിച്ചും പരസ്പരം ഇണങ്ങിയും കഴിയുന്ന മനോഹരമായൊരു പരിസ്ഥിതിയാണ് മാനവരാശിയുടെ സമാധാനപൂര്‍ണവും ആരോഗ്യകരവുമായ ജീവിതത്തിനാവശ്യമെന്നാണ് ഈ ദിനം നമ്മെ ഓര്‍മപ്പെടുത്തുന്നത്. കാര്‍ബണ്‍ വികിരണം കുറക്കുക, ബദല്‍ ഊര്‍ജ സ്രോതസുകള്‍ കണ്ടെത്തി പ്രയോജനപ്പെടുത്തുക തുടങ്ങിയവയും പ്രധാനം തന്നെ. ഈ ലക്ഷ്യങ്ങള്‍ക്ക് പക്ഷേ ഒരു ദിവസത്തെ ആഘോഷം മതിയാവില്ല. ഇത് നമ്മുടെ ജീവിത രീതിയും സംസ്‌കാരവുമായി മാറേണ്ടതുണ്ട്.