IM Special

സംഗീത രംഗത്ത് പുതിയ പരീക്ഷണങ്ങളുമായി ഡോ. ഗോപാല്‍ ശങ്കര്‍

ഡോ. അമാനുല്ല വടക്കാങ്ങര

സംഗീത രംഗത്ത് പുതിയ പരീക്ഷണങ്ങള്‍ നടത്തുകയാണ് ഖത്തറിലെ അല്‍ സുല്‍ത്താന്‍ മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ഗോപാല്‍ ശങ്കര്‍. രോഗികളെ പരിശോധിക്കുകയും മരുന്നുകള്‍ നിര്‍ദേശിക്കുകയും ചെയ്യുന്നപോലെ തന്നെ പാട്ടെഴുത്തും സംഗീത സംവിധാനവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചാണ് ഡോ. ഗോപാല്‍ ശങ്കര്‍ സഹൃദയ ലോകത്തിന്റെ ശ്രദ്ധ നേടുന്നത്. ഖത്തറിലെ പ്രവാസി മലയാളികള്‍ നിര്‍മിച്ച് കഴിഞ്ഞ ദിവസം ഒ.ടി.ടി പ്ളാറ്റ്ഫോമില്‍ റിലീസായ പാപ്പാസിലെ നാലു പാട്ടുകള്‍ക്കും സംഗീതം നല്‍കിയാണ് ഡോ. ഗോപാല്‍ ശങ്കര്‍ സിനിമ ലോകത്തെ ഞെട്ടിച്ചത്. പാപ്പാസിലെ പാട്ടുകള്‍ക്ക് ഈണമിടുക മാത്രമല്ല ഒരു പാട്ട് എഴുതിയതും പാടിയതും ഡോ. ഗോപാല്‍ ശങ്കര്‍ തന്നെയായിരുന്നു എന്നറിയുമ്പോള്‍ അദ്ദേഹത്തിന്റെ സംഗീത സപര്യയുടെ നാള്‍വഴികള്‍ നമ്മെ കൂടുതല്‍ ആകര്‍ഷിക്കും.

ഡോ. ഗോപാല്‍ ശങ്കറിന്റെ സംഗീത സംവിധാനത്തില്‍ ഗാനഗന്ധര്‍വന്‍ ഡോ. കെ.ജെ. യേശുദാസ്, വിജയ് യേശുദാസ്, ശ്രേയ എന്നിവരാണ് പാപ്പാസിലെ മറ്റു ഗാനങ്ങള്‍ പാടിയത്. സംഗീതത്തിന്റെ മഹാസാഗരമായ ദാസേട്ടനോടൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കാനായത് തന്റെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തമായാണ് അദ്ദേഹം കരുതുന്നത്. ചെന്നൈയിലെ റിക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ ഡോ. ഗോപാല്‍ ശങ്കറിന്റെ സംവിധാനത്തില്‍ കൈതപ്രം ദാമോദരന്‍ മ്പൂതിരി എഴുതിയ വരികള്‍ അതിമനോഹരമായി ദാസേട്ടന്‍ ആലപിച്ചപ്പോള്‍ സംഗീത സംവിധാനത്തിന്റെ വിശാലമായ ലോകം തനിക്ക് മുന്നില്‍ തുറക്കപ്പെടുകയായിരുന്നു. അവിശ്വസനീയമായ ആ അനുഭവത്തിന്റെ ഓര്‍മകള്‍ തന്നെ കോള്‍മയിര്‍കൊള്ളിക്കുന്നതാണ്.

പാപ്പാസ് പുറത്തിറങ്ങിയതോടെ ഒരു പുതിയ സംഗീത സംവിധായകനെ സിനിമ ലോകം വരവേറ്റു എന്നുവേണം കരുതാന്‍. ദേശീയ അവാര്‍ഡ് ജേതാവും അന്തരാഷ്ട്ര അടിസ്ഥാനത്തില്‍ ശ്രദ്ധേയനുമായ സംവിധായകന്‍ രാജേഷ് ടച്ച്റിവറിന്റെ പുതിയ പടമായ സയനൈഡിന്റെ സംഗീത സംവിധായകനാവാനുള്ള അവസരമാണ് ഡോ. ഗോപാല്‍ ശങ്കറിനെ തേടിയെത്തിയത്. മലയാളമടക്കം അഞ്ചു ഭാഷകളില്‍ പുറത്തിറങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ സംഗീത സംവിധായകനാവുകയെന്ന വെല്ലുവിളിയേറ്റെടുക്കുവാന്‍ ഡോ. ഗോപാല്‍ ശങ്കര്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു. കെനിയയില്‍ ഷൂട്ട് ചെയ്യുന്ന പ്രിയമണിയുടെ ഹിന്ദി, ഇംഗ്ളീഷ് ദ്വിഭാഷാചിത്രമാണ് അദ്ദേഹം ഏറ്റെടുത്ത മറ്റൊരു പ്രധാന പ്രൊജക്ട്. ഒരു ഒറിയ ഹിന്ദി പടത്തിന്റെ സംഗീത സംവിധാനവും അദ്ദേഹത്തെ തേടിയെത്തിയത് സംഗീത ലോകത്തെ അദ്ദേഹത്തിന്റെ പുതുപരീക്ഷണങ്ങള്‍ക്കുള്ള അംഗീകാരമായി വേണം കരുതാന്‍.

സ്‌ക്കൂളിലും കോളേജിലുമൊക്കെ പാട്ട് പാടാനും ബാന്‍ഡ് സംഘത്തിലും കൊയറിലുമൊക്കെ ഭാഗമാകാനും അവസരം ലഭിച്ച ഡോ. ഗോപാല്‍ ശങ്കറിന് സംഗീതം ദൈവികമായി ലഭിച്ച ഒരു സിദ്ധിയാണ്. ഔപചാരികമായി സംഗീതം കാര്യമായൊന്നും അഭ്യസിച്ചിട്ടില്ലെങ്കിലും ജന്മ വാസനയും സൗഹചര്യങ്ങളും അദ്ദേഹത്തെ ഒരു പാട്ടുകാരനും പാട്ടെഴുത്തുകാരനുമെന്ന പോലെ സംഗീസ സംവിധായകനുമാക്കി എന്നു വേണം കരുതാന്‍. ഖത്തറിലെ പ്രശസ്തനായ ഡോ. കൃഷ്ണന്‍ കുട്ടിയുടെ മകനാണ് ഡോ. ഗോപാല്‍ ശങ്കര്‍. ഡോ. കൃഷ്ണന്‍ കുട്ടി അത്യാവശ്യം നന്നായി പാടാന്‍ കഴിയുന്ന ഒരു സംഗീതാസ്വാദകനാണ്. അച്ഛനില്‍ നിന്നും സര്‍ഗസിദ്ധി അനന്തരമെടുത്ത ഡോ. ഗോപാല്‍ ശങ്കര്‍ ലഭിച്ച എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തി സംഗീത രംഗത്ത് ഉദിച്ചുയരുകയായിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് വിദ്യാധരന്‍ മാഷ് ആള്‍ ഇന്ത്യാ റേഡിയോക്ക് വേണ്ടി ഓഡീഷന്‍ നടത്തി തെരഞ്ഞെടുത്ത ഡോ. ഗോപാല്‍ ശങ്കര്‍ പല സന്ദര്‍ഭങ്ങളിലും റേഡിയോയില്‍ പാടിയിട്ടുണ്ട്.

മെഡിസിന് പഠിക്കുന്ന കാലത്ത് മെഡിക്കല്‍ കോളേജിലെ കലാസാഹിത്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ആ സമയത്ത് ഒരു കൂട്ടുകാരന്‍ പാട്ട് കംപോസ് ചെയ്യുന്നത് കണ്ടാണ് ആവേശം തോന്നിയത്. നിരന്തരമായി പരിശ്രമിച്ച് കുറേ പാട്ടുകള്‍ എഴുതിയും ഈണമിട്ടും സംഗീതാസ്വാദനത്തിന്റെ ലഹരി നുകര്‍ന്നാണ് ഡോ. ഗോപാല്‍ ശങ്കര്‍ വളര്‍ന്നത്. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യവേ അവിടുത്തെ സഹപ്രവര്‍ത്തരായ കന്യാ സ്ത്രീകള്‍ ആവശ്യപ്പെട്ടതനുസരിച്ച് ക്രിസ്തീയ ഭക്തിഗാനം ചിട്ടപ്പെടുത്തിയത് ഡോ. ഗോപാല്‍ ശങ്കര്‍ കൃത്യമായും ഓര്‍ത്തെടുക്കാനാകും. വരികളും രീതികളുമൊക്കെ സ്വന്തമായതിനാല്‍ എന്നും അവ നാവില്‍ സജീവമായി തത്തിക്കളിക്കും.

ദോഹയിലെ ഒരു സ്വകാര്യ മെഡിക്കല്‍ സെന്ററില്‍ ഡോക്ടറായാണ് പത്ത് വര്‍ഷം ഡോ. ഗോപാല്‍ ശങ്കര്‍ ചിലവഴിച്ചത്. ഒഴിവു വേളകളില്‍ പാട്ടുകളെഴുതിയും ചിട്ടപ്പെടുത്തിയും സായൂജ്യമടഞ്ഞ് ദിവസങ്ങള്‍ തളളി നീക്കുന്നതിനിടയിലാണ് ഒരു ദിവസം വോയ്സ് ഓഫ് കേരളയുടെ അഹ്‌ലന്‍ ദോഹ നടത്തുന്ന സംഗീത പരിപാടിയുടെ ഓഡീഷ്യനെക്കുറിച്ച് കേള്‍ക്കുന്നത്. പങ്കെടുക്കാനുറച്ച് പേര് രജിസ്റ്റര്‍ ചെയ്തു. ഒഡീഷ്യനില്‍ തെരഞ്ഞെടുത്ത 8 പേരില്‍ ഡോ. ഗോപാല്‍ ശങ്കറുമുണ്ടായിരുന്നു. അങ്ങനെയാണ് അഹ്‌ലന്‍ ദോഹയുടെ സാരഥിയും സംഗീത പ്രേമിയുമായ കെ. മുഹമ്മദ് ഈസ, പ്രോഗ്രാം ഡയറക്ടര്‍ യതീന്ദ്രന്‍ മാസ്റ്റര്‍ എന്നിവരെ പരിചയപ്പെടുന്നത്. ഇത് വോയ്സ് ഓഫ് കേരളയില്‍ പല തവണ പാടാന്‍ അവസരമൊരുക്കി.

യതീന്ദ്രന്‍ മാഷുമായുള്ള അടുപ്പവും സൗഹൃദവുമാണ് പാപ്പാസിലെത്തിച്ചത്. ഒട്ടും ലാഭേച്ഛയില്ലാതെ സാമൂഹ്യ പ്രതിബദ്ധതയോടെ നിര്‍മിക്കുന്ന ഒരു ചിത്രം എന്നതായിരുന്നു ഡോ. ഗോപാല്‍ ശങ്കറിനെ പാപ്പാസിലേക്ക് ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത്. ഒരു പറ്റം നല്ല മനുഷ്യരുമായി സഹകരിക്കുവാനും പുതിയ അനുഭവങ്ങള്‍ നേടിയെടുക്കുവാനും കഴിഞ്ഞതില്‍ ഏറെ സന്തുഷ്ടവാനാണെന്നും ജനോപകാരപ്രദമായ എല്ലാ പരിപാടികളുമായും സഹകരിക്കുമെന്നും ഡോ. ഗോപാല്‍ ശങ്കര്‍ പറഞ്ഞു.

പീഡിയാട്രിക് ഗ്യാസ്ട്രോ എന്‍ഡോളജിസ്റ്റായ ഡോ. ജിഷ ശങ്കറാണ് ഭാര്യ. എട്ടാം ക്ളാസ് വിദ്യാര്‍ഥിനി കല്യാണി ശങ്കര്‍ മേനോന്‍ ഏക മകളാണ്. ലണ്ടനില്‍ പഠിക്കുന്ന കല്യാണിയുടെ കഴിഞ്ഞ ജന്മ ദിനത്തിന് കോവിഡ് കാരണം സമ്മാനമൊന്നും എത്തിക്കാന്‍ കഴിയാതെ വന്നപ്പോള്‍ മോള്‍ക്ക് വേണ്ടി പ്രത്യേകമായി ഇംഗ്ളീഷില്‍ സ്വന്തമായി എഴുതി ഈണമിട്ട പാട്ടാണ് ഡോ. ഗോപാല്‍ ശങ്കര്‍ സമ്മാനമായി നല്‍കിയത്.

ജീവിതം സംഗീത സാന്ദ്രമാകുമ്പോള്‍ ജോലിക്ക് കൂടുതല്‍ ഊര്‍ജം ലഭിക്കുമെന്നാണ് ഡോ. ഗോപാല്‍ ശങ്കര്‍ കരുതുന്നത്. അതുകൊണ്ട് തന്നെ ആതുരസേവനത്തിനിടയിലും തന്റെ സംഗീത പരീക്ഷണങ്ങളുമായി സജീവമായി മുന്നോട്ടുപോകുവാന്‍ തന്നെയാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!