Breaking News

കോവിഡിനെതിരെ ഖത്തറില്‍ ഒരു മാസത്തിനകം സമൂഹ പ്രതിരോധ ശേഷി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കോവിഡിനെതിരെ ഖത്തറില്‍ ഒരു മാസത്തിനകം സമൂഹ പ്രതിരോധ ശേഷി (ഹേര്‍ഡ് ഇമ്മ്യൂണിറ്റി ) രൂപപ്പെടുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ പബ്‌ളിക് ഹെല്‍ത്് ഡയറക്ടര്‍  ശൈഖ് ഡോ. മുഹമ്മദ് ബിന്‍ ഹമദ് അല്‍ ഥാനി അഭിപ്രായപ്പെട്ടു.മാസ്സ് വാക്‌സിനേഷന്‍ മുഖേനയും രോഗം ബാധിച്ച് ഭേദമാകുന്നതിലൂടേയും സമൂഹത്തിലുണ്ടാകുന്ന രോഗ പ്രതിരോധ ശേഷിയെയാണ് ഹേര്‍ഡ് ഇമ്മ്യൂണിറ്റി എന്ന് വിശേഷിപ്പിക്കുന്നത്.

ഖത്തറിന്റെ സാമ്പത്തിക വളര്‍ച്ചയും അവസരങ്ങളും എന്ന വിഷയത്തില്‍ ദോഹ ബാങ്ക് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക രാജ്യങ്ങളില്‍ ഹേര്‍ഡ് ഇമ്മ്യൂണിറ്റി സ്വന്തമാക്കുന്ന ആദ്യ രാജ്യങ്ങളുടെ കൂട്ടത്തിലായിരിക്കും ഖത്തറെന്നും താമസിയാതെ നിയന്ത്രണങ്ങള്‍ നീക്കുമെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം മേഖല ഉണരും. ആദ്യ ഘട്ടത്തില്‍ വാക്‌സിനെടുത്തവര്‍ക്കാണ് പരിഗണന. ഓരോ ഘട്ടവും സൂക്ഷ്മമായി വിശകലനം ചെയ്താണ് മുന്നോട്ടു പോവുക.

ഖത്തറില്‍ വളരെ ഊര്‍ജിതമായ രീതിയിലാണ് വാക്‌സിനേഷന്‍ കാമ്പയിന്‍ നടക്കുന്നത്.പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പകുതിയിലധികം ജനങ്ങളും വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ച് കഴിഞ്ഞു. രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ നിയന്ത്രണവിധേയമാണ് .ഘട്ടം ഘട്ടം നിയന്ത്രണങ്ങള്‍ നീക്കി എത്രയും വേഗം രാജ്യം സാധാരണ നിലയിലേക്ക് വരുമെന്നാണ് പ്രതീക്ഷ, അദ്ദേഹം പറഞ്ഞു.

ഇനിയും വാക്‌സിനെടുക്കാത്ത അര്‍ഹരായ എല്ലാവരും എത്രയും വേഗം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 30 വയസിനും അതിനുമേലുള്ളവര്‍ക്കുമാണ് ഇപ്പോള്‍ വാക്‌സിന്‍ നല്‍കുന്നത്.

Related Articles

Back to top button
error: Content is protected !!