ഖത്തര്‍-ഈജിപ്ത് ബന്ധങ്ങളിലെ അനുകൂല സംഭവവികാസങ്ങള്‍ പ്രാദേശിക സുരക്ഷ വര്‍ദ്ധിപ്പിക്കും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍-ഈജിപ്ത് ബന്ധങ്ങളിലെ അനുകൂല സംഭവവികാസങ്ങള്‍ പ്രാദേശിക സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്ന് ഖത്തര്‍ ഉപപ്രധാന മന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹിമാന്‍ അല്‍ ഥാനി അഭിപ്രായപ്പെട്ടു. ഏകദേശം 4 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഖത്തറിലെത്തിയ ഈജിപ്ത് വിദേശകാര്യ മന്ത്രി സാമേഹ് ഷൗക്കറിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതാണിത്.
കൂടിക്കാഴ്ചയില്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം, പ്രത്യേകിച്ച് നിക്ഷേപ മേഖല, അന്താരാഷ്ട്ര വേദികളില്‍ പിന്തുണ കൈമാറ്റം എന്നിവ അവലോകനം ചെയ്തു. അതുപോലെ തന്നെ മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും, വിശിഷ്യ പലസ്തീന്‍ പ്രശ്നം, ലിബിയയിലെ നിലവിലെ അവസ്ഥ തുടങ്ങിയവയും ഇരുവരും അവലോകനം ചെയ്തു. പ്രദേശത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പുനല്‍കുന്നതും സംയുക്ത സഹകരണം പ്രോത്സാഹിപ്പിക്കുന്നതുമായ പരിഹാരങ്ങളില്‍ എത്തിച്ചേരാനുള്ള പ്രാദേശിക ശ്രമങ്ങളെ ഏകോപിപ്പിക്കുന്നതിന്റെ പ്രാധാന്യം ഇരുപക്ഷവും ഊന്നിപ്പറഞ്ഞു.
കൂടിക്കാഴ്ചയില്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ ഗുണപരമായ സംഭവവികാസങ്ങള്‍ ശ്രദ്ധിച്ചതായും ഇവ പ്രദേശത്തിന്റെ സുരക്ഷയും സ്ഥിരതയും വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഖത്തര്‍ വിദേശകാര്യ മന്ത്രി അഭിപ്രായപ്പെട്ടു.
ഗാസ മുനമ്പില്‍ അടുത്തിടെ വെടിനിര്‍ത്തലിന് കാരണമായ ഈജിപ്തിന്റെ ശ്രമങ്ങളെ ഖത്തര്‍ വിദേശകാര്യ മന്ത്രി ഒരിക്കല്‍ കൂടി നന്ദിയോടെ അനുസ്മരിച്ചു. പൊതുമേഖലയിലും സ്വകാര്യമേഖലയിലും ഈജിപ്ഷ്യന്‍ സമൂഹത്തിന്റെ പ്രധാന പങ്ക് അദ്ദേഹം ഊന്നിപ്പറഞ്ഞു. ”ഈജിപ്ത് വിദേശ കാര്യ മന്ത്രി സാമേഹ് ഷൗക്കറിയെ ദോഹയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ട്. ഞങ്ങളുടെ ഉഭയകക്ഷി ബന്ധത്തിലെ ഗുണപരമായ സംഭവവികാസങ്ങളും സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും സംയുക്ത അറബ് പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തു എന്നാണ് കൂടിക്കാഴ്ചക്ക് ശേഷം ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹിമാന്‍ അല്‍ ഥാനി ട്വീറ്റ് ചെയ്തത്.
അറബ് ലീഗിന്റെ മിനിസ്റ്റീരിയല്‍ കമ്മിറ്റിയുടെ അധ്യക്ഷതയിലൂടെ ഖത്തറിന്റെ ശ്രമങ്ങളെ ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രി അഭിനന്ദിച്ചു. ദോഹയില്‍ അടിയന്തര കണ്‍സള്‍ട്ടേറ്റീവ് മീറ്റിംഗ് നടത്തിയതിന് ഖത്തറിനോട് ഈജിപ്തിന്റെ നന്ദി അറിയിച്ച അദ്ദേഹം ഖത്തറിലെ ഈജിപ്ഷ്യന്‍ സമൂഹത്തെ പരിപാലിച്ചതിനും ഖത്തറിനോടുള്ള കടപ്പാട് അറിയിച്ചു.