ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ബുധനാഴ്ച ഫിയസ്റ്റ’ ഉദ്ഘാടനം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഖത്തറില്‍ വസിക്കുന്ന ഊര്‍ജ്ജസ്വലരായ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതിവാര സാംസ്‌കാരിക ഉത്സവമായ ‘ബുധനാഴ്ച ഫിയസ്റ്റ’ ഉദ്ഘാടനം ചെയ്തു. ഐസിസിയുടെ അശോക ഹാളിലാണ് പരിപാടി നടന്നത്.
ഇന്ത്യന്‍ എംബസിയെ പ്രതിനിധീകരിച്ച് ചാര്‍ജ്ജ് ഡി അഫയേഴ്സ് ആയ ആഞ്ജലിന്‍ പ്രേമലത ചടങ്ങിന്റെ മുഖ്യാതിഥിയായിരുന്നു. കമ്മ്യൂണിറ്റി പോലീസിംഗ് ഡിപ്പാര്‍ട്ട്മെന്റിലെ ബോധവല്‍ക്കരണ വിഭാഗം ലെഫ്റ്റനന്റ് അബ്ദുള്‍ അസീസ് അല്‍ മുഹന്നദി വിശിഷ്ടാതിഥിയായിരുന്നു. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ കോഓര്‍ഡിനേറ്റിംഗ് ഓഫീസറും ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറിയുമായ സേവ്യര്‍ ധനരാജ്, ഇന്ത്യന്‍ എംബസിയിലെ ഫസ്റ്റ് സെക്രട്ടറി പദ്മ കാരി, ഐസിസി ഉപദേശക സമിതി ചെയര്‍മാന്‍ സതീഷ് പിള്ള എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
എല്ലാ ബുധനാഴ്ചയും ഐസിസി അശോക ഹാളില്‍ വൈകുന്നേരം 7 മണി മുതല്‍ ‘ബുധനാഴ്ച ഫിയസ്റ്റ’ നടത്തുമെന്നും . ഖത്തറില്‍ താമസിക്കുന്ന മുഴുവന്‍ ഇന്ത്യന്‍ പ്രവാസികളേയും ഐസിസി ഊഷ്മളമായി സ്വാഗതം ചെയ്യുന്നതായും പ്രസിഡണ്ട് എ.പി.മണികണ് ഠന്‍ പറഞ്ഞു.
