Uncategorized

ഖത്തറിന്റെ വികസന പദ്ധതികള്‍ക്ക് നിരവധി വിദഗ്ധ തൊഴിലാളികളെ വേണം

ഡോ.അമാനുല്ല വടക്കാങ്ങര

ദോഹ. പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്ക് കുതിക്കുന്ന ഖത്തറിന്റെ വികസന പദ്ധതികള്‍ നടപ്പാക്കുവാന്‍ നിരവധി വിദഗ്ധ തൊഴിലാളികളെ വേണമെന്നും ഖത്തറിലെ ഊഷ്മളമായ തൊഴില്‍ അന്തരീക്ഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മികച്ച തൊഴിലാളികളെ ഖത്തറിലേക്ക് ആകര്‍ഷിക്കുമെന്നും തൊഴില്‍ ഭരണ വികസന സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിലെ തൊഴിലാളി കാര്യങ്ങള്‍ക്കായുള്ള അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ഹസന്‍ അല്‍ ഉബൈദലി അഭിപ്രായപ്പെട്ടു. തൊഴില്‍ മന്ത്രാലയവുമായി സഹകരിച്ച് ഖത്തറിലെ പ്രമുഖ പ്രസാധകരായ ദാറുല്‍ ശര്‍ഖ് സംഘടിപ്പിച്ച ഏഴാമത് തൊഴിലാളി വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദേശി തൊഴിലാളികളുടെ പരിചരണവും ക്ഷേമവും ഉറപ്പുവരുത്തുന്നതില്‍ പ്രതിജ്ഞാബദ്ധമായാണ് മന്ത്രാലയം മുന്നോട്ടുപോകുന്നത്. തൊഴിലാളികളുടെ ന്യായമായ എല്ലാ അവകാശങ്ങളും സംരക്ഷിക്കുന്ന തൊഴില്‍ നിയമ പരിഷ്‌കാരങ്ങളും മിനിമം വേതന നിയമവുമൊക്കെ ഈ രംഗത്തെ ഖത്തറിന്റെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ്. ഖത്തര്‍ വിഷന്‍ 2030 ലേക്ക് രാജ്യം നീങ്ങുന്നത് തൊഴില്‍ മേഖലയില്‍ വിപ്ളവകരമമായ പരിഷ്‌കാരങ്ങള്‍ വരുത്തിയാണ്.

ആധുനിക ലോകത്ത് മികച്ച പുരോഗതി ഉറപ്പുവരുത്തുവാന്‍ നൂതനവും കാലികവുമായ തൊഴില്‍ മാര്‍ക്കറ്റ് സജ്ജമാക്കണം. ലോകോത്തര നിലവാരത്തിലുള്ള സമര്‍ഥരായ തൊഴിലാളികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള പരിഷ്‌കാരങ്ങളാണ് രാജ്യം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഖത്തറിലെ വിദേശ നിക്ഷേപം വര്‍ദ്ധിപ്പിക്കുവാനും സ്വകാര്യ മേഖലയെ വളര്‍ത്തുവാനും സഹായകമാകുന്ന നടപടികളാണ് ഖത്തര്‍ സ്വീകരിക്കുന്നത്.

തൊഴിലാളികളുടെ പരിചരണം ധാര്‍മിക ബാധ്യത എന്ന പ്രമേയത്തോടെയാണ് ഈ വര്‍ഷത്തെ സമ്മേളനം സംഘടിപ്പിച്ചത്. ഖത്തറിന്റെ തൊഴിലാളി ക്ഷേമ നടപടികള സമ്മേളനം പ്രത്യേകം പ്രശംസിച്ചു.

ഈ വര്‍ഷത്തെ വര്‍ക്കേര്‍സ് വെല്‍ഫയര്‍ അവാര്‍ഡുകള്‍ കമ്മറ്റി ചെയര്‍മാന്‍ മുഹമമ്മദ് ബിന്‍ തവാര്‍ അല്‍ കുവാരി പ്രഖ്യാപിച്ചു. അര്‍ബകോണ്‍ ട്രേഡിംഗ് ആന്റ് കോണ്‍ട്രാക്ടിംഗ് കമ്പനി കോവിഡ് കാലത്ത് തൊഴിലാളികളെ പരിചരിച്ച മികച്ച കമ്പനിക്കുള്ള പുരസ്‌കാരം നേടി. അല്‍ ജാബര്‍ എഞ്ചിനീയറിംഗും തക്ഫന്‍ അലയന്‍സ് കമ്പനിയുും തൊഴില്‍ സുരക്ഷ ആരോഗ്യ പരിചരണ രംഗത്തെ മികച്ച കമ്പനികള്‍ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. മികച്ച ലേബര്‍ അക്കമഡേഷനുള്ള പുരസ്‌കാരം എച്ച്. ബി.കെ. കോണ്‍ട്രാക്ടിംഗ് കമ്പനിക്കായിരുന്നു.

വിവിധ മേഖലയിലെ പ്രമുഖരുടെ സാന്നിധ്യവും പങ്കാളിത്തവും ഓണ്‍ലൈന്‍ പ്ളാറ്റ് ഫോമില്‍ നടന്ന സമ്മേളനം സവിശേഷമാക്കി.

Related Articles

Back to top button
error: Content is protected !!