IM Special

മുരളീ മാധവന്‍, സൗഹൃദത്തിന്റെ പാട്ടുകാരന്‍

ഡോ. അമാനുല്ല വടക്കാങ്ങര

സൗഹൃദത്തിന്റെ പാട്ടുകാരനായ മുരളീ മാധവന്‍ ഈശ്വരദാനമായ സംഗീതത്തെ മാനവരാശിയുടെ സ്നേഹ സൗഹൃദങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്ന ഒരു മനുഷ്യ സ്നേഹിയാണ്. ഗുരുവായൂരിനടുത്ത് താമരയൂര്‍ സ്വദേശിയായ അദ്ദേഹം കഴിഞ്ഞ ഇരുപത്താറ് വര്‍ഷത്തോളമായി ഖത്തറിലുണ്ടെങ്കിലും അധികം വേദികളിലൊന്നും അദ്ദേഹം പ്രത്യക്ഷപ്പെടാറില്ല.

ഖത്തറില്‍ സ്വന്തമായി ഇന്റീരിയര്‍ ആര്‍ട് വര്‍ക്കുകള്‍, ജിപ്സം ഡക്കറേഷന്‍, ടെക്നിക്കല്‍ പെയിന്റിംഗ്, ലാന്റ്‌സ്‌കേപ്പ് മുതലായ ജോലികള്‍ ഏറ്റെടുത്ത് ചെയ്യുന്ന ആര്‍ട്ടിസ്റ്റായ മുരളിക്ക് ചെറുപ്പത്തിലേ പാട്ടിനോട് കമ്പമുണ്ടായിരുന്നെങ്കിലും പാട്ട് പഠിക്കാന്‍ പോകാവുന്ന സാഹചര്യമുണ്ടായിരുന്നില്ല. ആര്‍ട്ടും പഠിക്കാനായില്ല. എന്നാല്‍ പാട്ടുകാരനും ആര്‍ട്ടിസ്റ്റുമാവുകയെന്നതായിരുന്നു മുരളിയുടെ ജീവിത നിയോഗം. സഹോദരന്‍ അജയനെ ആര്‍ട് പഠിപ്പിച്ചാണ് മുരളി തനിക്ക് പഠിക്കാനാവാത്തതിന്റെ സങ്കടം തീര്‍ത്തത്. കഴിഞ്ഞ 24 വര്‍ഷമായി മുരളിയുടെ നിഴലായി സഹോദരന്‍ അജയന്‍ കൂടെയുണ്ട്.

പാട്ടുകള്‍ കേട്ടും ആസ്വദിച്ചും സംഗീതത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് വളര്‍ന്നത്. മുരളിയുടെ ചെറിയച്ഛന്‍ പാടുമായിരുന്നു. അവരിവരും കനോലി കനാല്‍ തീരത്ത് ചെന്നിരുന്ന് പാട്ട് പാടിയിരുന്നതൊക്കെ മുരളി ഇപ്പോഴും ഓര്‍ക്കുന്നു.

പ്രവാസ ലോകത്തെത്തിയതോടെ അവസരങ്ങള്‍ പരിമിതമായി. എങ്കിലും സൗഹൃദ സദസ്സുകളിലും കുടുംബ കൂട്ടായ്മകളിലുമൊക്കെ മുരളി പാടുമായിരുന്നു.

അജിത്ത് തൃപ്പൂണിത്തറയാണ് ഖത്തറില്‍ മുരളിയുടെ സംഗീത യാത്രക്ക് പ്രേരകമായത്. മുരളിയുടെ സംഗീതത്തിലുള്ള കഴിവും താല്‍പര്യവും തിരിച്ചറിഞ്ഞ അദ്ദേഹം മുരളിയെ പാടാന്‍ പ്രോല്‍സാഹിപ്പിക്കുകയും അവസരങ്ങള്‍ നല്‍കുകയും ചെയ്തത് ഏറെ നന്ദിയോടെയാണ് മുരളി ഓര്‍ത്തെടുക്കുന്നത്.

സൗഹൃദത്തിന്റെ വലയമൊരുക്കുന്ന ലോകത്ത് തീര്‍ത്തും പുതിയ സംഗീതാനുഭവം സമ്മാനിച്ചത് വാട്സ് അപ്പ് കൂട്ടായ്മകളാണ്. സംഗീതവുമായി ബന്ധപ്പെട്ട നിരവധി ഗ്രൂപ്പുകളില്‍ സജീവമായ മുരളിയെ സംഗീത യാത്രയില്‍ ഇന്നും മുന്നോട്ട് നയിക്കുന്നത് ഈ കൂട്ടായ്മയാണ്. അതിരുകളില്ലാത്ത ദിവ്യ സൗഹൃദത്തിന്റെ മാധുര്യമാണ് ഈ കൂട്ടായ്മകള്‍ സമ്മാനിക്കുന്നത്. ലോകത്തിന്റെ പല ദിക്കുകളിലുമുള്ള മനുഷ്യരുമായി സ്നേഹത്തിന്റേയും സൗഹൃദത്തിന്റേയും ശക്തമായ കണ്ണികള്‍ തീര്‍ക്കാന്‍ സംഗീതത്തിനാകുന്നുവെന്നത് ഏറെ പ്രധാനമാണ്.

സംഗീതം സൗഹൃദമാണ്. സൗഹൃദം തണലാകുമ്പോഴാണ് നന്മകള്‍ പരിലസിക്കുന്നത്. അതിരുകളില്ലാത്ത ലോകത്ത് സ്നേഹവും പരിഗണനയും ചേര്‍ത്ത് നിര്‍ത്തലും നല്ല മനുഷ്യരെ സൃഷ്ടിക്കും. ആ സുഹൃദം ഊട്ടിയുറപ്പിക്കുന്ന ദിവ്യ ഔഷധമാണ് സംഗീതം.

അധ്യാപകന്‍, നടന്‍, ഗാനരചയിതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനായ ജിജോയ് ജോര്‍ജ് മുരളിയുടെ സംഗീത സപര്യയെ ഉണര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച കലാകാരനാണ്. മുരളിയുമായുള്ള സൗഹൃദം തന്റെ സര്‍ഗസഞ്ചാരത്തിലും പ്രധാനവഴിത്തിരിവ് സൃഷ്ടിച്ചതായി ജിജോയ് സാക്ഷ്യപ്പെടുത്തുന്നു. അമ്മയെക്കുറിച്ചും അച്ഛനെക്കുറിച്ചുമൊക്കെ ജിജോയ് എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കി പാടി അനശ്വരമാക്കിയത് മുരളിയായിരുന്നു.

ചാവക്കാട് സിംഗേര്‍സ് ഗ്രൂപ്പ് അഡ്മിന്‍ ബഷീര്‍ കുറുപ്പത്ത് മുരളിയെ ഏറെ പ്രചോദിപ്പിച്ച കലാകാരനാണ്. കാത്തിരിപ്പിന്റെ ഈണം എന്ന മുരളിയുടെ ആദ്യ പാട്ട് സഹൃദയ ലോകം ഏറ്റെടുത്തത് ഈ വാട്സ്അപ്പ് കൂട്ടായ്മയിലൂടെയാണ്. നിസാര്‍ മമ്പാട്, ശശാങ്കന്‍ മാഷ്, ഹാറൂണ്‍ തയ്യില്‍ തുടങ്ങി നിരവധി സഹൃദയരായ സംഗീതയാത്രയില്‍ പ്രോല്‍സാഹനം നല്‍കിയത്.

തൃശൂര്‍ ജില്ല സൗഹൃദവേദിയുടെ ചില വേദികളിലും പാടാന്‍ അവസരം ലഭിച്ച മുരളി വേദിയുടെ ടൈറ്റില്‍ സോംഗിന്റേയും ഭാഗമായിരുന്നു.

താമരയൂരിലെ മാധവന്‍ ചന്ദ്രിക ദമ്പതികളുടെ അഞ്ച് മക്കളില്‍ മൂത്തവനാണ് മുരളി. ദീപയാണ് സഹധര്‍മിണി. ദേവിക, മയൂഖ എന്നിവര്‍ മക്കളാണ്. രണ്ട് മക്കളും അത്യാവശ്യം നന്നായി പാടും. മുരളി സംഗീതം നല്‍കി മകള്‍ ദേവിക പാടിയ താരാട്ട് പാട്ട് താമസിയാതെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എല്ലാപാട്ടുകളും ഇഷ്ടമാണെങ്കിലും മെലഡികളോടാണ് മുരളിക്ക് ആഭിമുഖ്യം

 

Related Articles

Back to top button
error: Content is protected !!