ഫോം ഖത്തറിന്റെ എരഞ്ഞോളി മൂസ പുരസ്‌കാരം റഫീഖ് അഹ്‌മ്മദിന്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ സംഗീത കലാസ്വാദകരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് റിഥം ആന്റ് മെഴ്‌സിയുടെ (ഫോം ഖത്തറിന്റെ) ഈ വര്‍ഷത്തെ എരഞ്ഞോളി മൂസ പുരസ്‌കാരത്തിന് പ്രശസ്ത കവിയും ഗാന രചയിതാവുമായ റഫീഖ് അഹമ്മദിനെ് തെരഞ്ഞെടുത്തതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലയാള ചലച്ചിത്ര ഗാന രചനാരംഗത്തെ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. ഒരു ലക്ഷം രൂപയും ശില്‍പ്പവുമാണ് പുരസ്‌കാരം.
പ്രശസ്ത സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍, സുപ്രസിദ്ധ പിന്നണി ഗായകനും സംഗീതജ്ഞനുമായ വി. ടി. മുരളി, സംഗീത നിരൂപകന്‍ ഇ. ജയകൃഷ്ണന്‍ എന്നിവരടങ്ങിയ ജൂറിയാണു പുരസ്‌കാരം നിര്‍ണ്ണയിച്ചത്.
നവംബര്‍ മാസം 10 ന് ബുധനാഴ്ച തിരുവനന്തപുരം മസ്‌കോട്ട് ഹോട്ടലില്‍ വെച്ച് നടക്കുന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ വെച്ച് പുരസ്‌കാര സമര്‍പ്പണം നടക്കും. വ്യത്യസ്ത കലാമേഖലയില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട നാലു കലാകാരന്മാര്‍ക്കുള്ള ആദരവും ഈ വേദിയില്‍ വെച്ച് നടക്കും. കാനേഷ് പൂനൂര്‍ (മാപ്പിളപ്പാട്ട് രചന), കോഴിക്കോട് അബൂബക്കര്‍ (വാദ്യ സംഗീതം), മുരളീധരന്‍ ടി. കെ. (നാടന്‍ പാട്ട്), വിജയന്‍ അരങ്ങാടത്ത് (നാടകം) എന്നീ കലാകാരന്മാരെയാണു 25,000/ രൂപയും പ്രശസ്തി ഫലകവും നല്‍കി ഈ വര്‍ഷം ആദരിക്കുന്നത്. കലാ – സാംസ്‌കാരിക – രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.
ഇന്നലെ ദൊഹയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംഘടനയുടെ ഉപദേശക സമിതി അംഗങ്ങളായ പി. എന്‍. ബാബുരാജന്‍, കെ. എം. വര്‍ഗ്ഗീസ്, പ്രസിഡണ്ട് കെ.കെ. ഉസ്മാന്‍ , ജനറല്‍ സെക്രട്ടറി ഇ. എം . സുധീര്‍, ട്രഷററും പ്രോഗ്രാം കണ്‍വീനറുമായ കെ. മുഹമ്മദ് ഈസ, വര്‍ക്കിംഗ് പ്രസിഡണ്ട് അന്‍വര്‍ ബാബു, വൈസ് പ്രസിഡണ്ട് ഡോ. അബ്ദുല്‍ സമദ്, ജോയിന്റ് സെക്രട്ടറി ഡോ. സമീര്‍ കലന്തന്‍, മന്‍സൂര്‍ അലി, സല്‍മാന്‍ ഇളയിടം, അബ്ദുല്‍ റസാഖ് എന്നിവര്‍ പങ്കെടുത്തു.