ഖത്തറില്‍ വിദേശികള്‍ക്ക് തങ്ങളുടെ നിയമപരമായ സ്റ്റാറ്റസ് ശരിയാക്കാന്‍ ഗ്രേസ് പിരിയഡ് അനുവദിച്ച് ആഭ്യന്തര മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ വിദേശികള്‍ക്ക് തങ്ങളുടെ നിയമപരമായ സ്റ്റാറ്റസ് ശരിയാക്കാന്‍ ഗ്രേസ് പിരിയഡ് അനുവദിച്ച് ആഭ്യന്തര മന്ത്രാലയം . ഖത്തറിലെ താമസ നിയമം, തൊഴില്‍ വിസ നിയമം, ഫാമിലി വിസിറ്റ് വിസ നിയമം മുതലായ ലംഘിച്ച് അനധികൃതമായി താമസിക്കുന്നവര്‍ക്ക് അവരുടെ താമസ രേഖകള്‍ ശരിപ്പെടുത്തുവാന്‍ ഒക്ടോബര്‍ 10 മുതല്‍ ഡിസംബര്‍ 31 വരെ ഗ്രേസ് പിരിയഡ് അനുവദിച്ച് ആഭ്യന്തര മന്ത്രാലയം.
റെസിഡന്‍സി നിയമങ്ങള്‍, തൊഴില്‍ വിസ നിയമം അല്ലെങ്കില്‍ ഫാമിലി വിസിറ്റ് വിസ നിയമം എന്നിവ ലംഘിച്ച പ്രവാസികള്‍ക്ക് ഈ കാലയളവില്‍ അവരുടെ നിയമപരമായ സ്റ്റാറ്റസ് ശരിപ്പെടുത്താന്‍ അപേക്ഷ സമര്‍പ്പിക്കാം. നിയമ നടപടിക്രമങ്ങള്‍ ഒഴിവാക്കാനും അനുരഞ്ജനത്തിനുള്ള അപേക്ഷ സമര്‍പ്പിക്കാനുമാണ് സാവകാശം നല്‍കിയിരിക്കുന്നത്. ഉച്ചയ്ക്ക് 1 മണി മുതല്‍ 6 മണി വരെ നിശ്ചിത കാലയളവില്‍ അനുരഞ്ജനത്തിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഈ കാലയളവില്‍, ഖത്തറിലെ അനധികൃത കുടിയേറ്റക്കാരായും നിയമലംഘകരായും കഴിയുന്ന എല്ലാ പ്രവാസികള്‍ക്കും തൊഴിലുടമകള്‍ക്കും / ഹോസ്റ്റുകള്‍ക്കും സെര്‍ച്ച് ആന്‍ഡ് ഫോളോ-അപ്പ് ഡിപ്പാര്‍ട്ട്‌മെന്റിനെ അല്ലെങ്കില്‍ ഉമ്മു സലാല്‍, ഉമ്മു സുനൈം (മുമ്പ് വ്യവസായ മേഖല), മിസൈമീര്‍, അല്‍ വക്ര, അല്‍ റയ്യാന്‍ എന്നീ ഏതെങ്കിലും സേവന കേന്ദ്രങ്ങളെ സമീപിക്കാം.
പ്രവാസികളുടെ പ്രവേശനം, താമസം, പുറത്തുകടക്കല്‍ മുതലായവ നിയന്ത്രിക്കുന്ന 2015 ലെ നമ്പര്‍ 21 ലെ നിയമങ്ങള്‍ അനുസരിച്ചാണ് ആഭ്യന്തര മന്ത്രാലയം ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.
അനധികൃത തൊഴിലാളികള്‍ക്കും താമസക്കാര്‍ക്കും ഭീമമായ പിഴകള്‍ കൂടാതെ തങ്ങളുടെ സ്റ്റാറ്റസ് ശരിപ്പെടുത്താനുള്ള സുവര്‍ണാവസരമാണിത്.