ദോഹയിലെ ഗതാഗതക്കുരുക്കിന് പരിഹാരം തേടി സംയുക്ത യോഗം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഒക്ടോബര്‍ 3 ന് ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളിലെ കൂടുതല്‍ ഇളവുകള്‍ നിലവില്‍ വരികയും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫീസുകളുമെല്ലാം നൂറ് ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കുവാന്‍ തുടങ്ങുകയും ചെയ്തതോടെ ദോഹയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അസാധാരണമായ ഗതാഗതക്കുരുക്കിന് പരിഹാരം തേടി സംയുക്ത യോഗം. ആഭ്യന്തര മന്ത്രാലയം, ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം, പബ്‌ളിക് വര്‍ക്‌സ് അതോരിറ്റി എന്നിവയാണ് യോഗം ചേര്‍ന്നത്.
റോഡുകളില്‍ വാഹനങ്ങളുടെ എണ്ണം കൂടിയതും എല്ലാവരും ഒരേ സമയം പുറത്തിറങ്ങുന്നതും പല ഭാഗങ്ങളിലും നടക്കുന്ന റോഡ് പണികളുമൊക്കെയാണ് ഗതാഗതക്കുരുക്കിന് കാരണമായി പറയപ്പെടുന്നത്.
സ്‌ക്കൂളുകളിലേക്കും ഓഫീസുകളിലേക്കും പോകുന്നവര്‍ അവസാന നിമിഷത്തിനായി കാത്തിരിക്കാതെ കുറച്ച് നേരത്തെ പുറപ്പെട്ടാല്‍ വലിയ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാകുമെന്ന് യോഗം വിലയിരുത്തി. തിരക്കേറിയ ഭാഗങ്ങളില്‍ ട്രാഫിക് പട്രോളിംഗ് ശക്തമാക്കാനും തീരുമാനമായി.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുറ്റുമുള്ള റോഡ് അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കിയും ഗതാഗതക്കുരുക്കിന് ആശ്വാസം കാണാനാകുമെന്നാണ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നത്.