അധിക സര്‍വ്വീസ് നടത്താനൊരുങ്ങി കേന്ദ്രം; പ്രവാസികള്‍ പ്രതീക്ഷയില്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ലോകാടിസ്ഥാനത്തില്‍ തന്നെ കോവിഡ് സ്ഥിതിഗതികള്‍ മെച്ചപ്പെട്ട സാഹചര്യത്തില്‍ യാത്രക്കാരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് കുതിച്ചുയുരുന്ന വിമാന ടിക്കറ്റ് നിരക്കില്‍ കുറവ് വരുത്താനായി അധിക സര്‍വ്വീസുകള്‍ നടത്തുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമം പ്രവാസികള്‍ക്ക് പ്രതീക്ഷ പകരുന്നതാണെന്ന് പ്രവാസി സാമൂഹ്യ പ്രവര്‍ത്തകനും ലോക കേരളസഭാംഗവുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി അഭിപ്രായപ്പെട്ടു.
എയര്‍ ബബ്ള്‍ കരാറില്‍ ഉള്‍പ്പെടുത്തി ഈ കാര്യത്തില്‍ നടപടികള്‍ വേഗത്തിലാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുകായാണെന്ന് കഴിഞ്ഞ ദിവസം സിവില്‍ ഏവിയേഷന്‍ സെകട്ടറി രാജീവ് ബന്‍സാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
കോവിഡിന്റെ രണ്ടാം തരംഗം അവസാനിച്ചതോടെ, മിക്ക വിദേശങ്ങളിലേക്കുമുള്ള യാത്രാ നിയന്ത്രണങ്ങള്‍ ഏറെക്കുറേ നീങ്ങിയതോടെ യാത്രക്കാരുടെ ബാഹുല്യവും സീറ്റുകളുടെ അപര്യാപ്തയും ടിക്കറ്റ് നിരക്കില്‍ വന്‍വര്‍ദ്ധനക്കാണ് വഴി വെച്ചത്. കോവിഡിന് മുമ്പുണ്ടായിരുന്ന റിട്ടേണ്‍ ടിക്കറ്റ് നിരക്കിനേക്കാള്‍ കൂടിയ നിരക്കാണ് വണ്‍വെ ടിക്കറ്റിന് ഇപ്പോള്‍ ചിലവഴിക്കേണ്ടത്.
കോവിഡ് മൂലം സാധാരണ നിലയിലുള്ള അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയ സാഹചര്യത്തില്‍, ഇപ്പോള്‍ ഗള്‍ഫ് നാടുകള്‍ അടക്കം മുപ്പതോളം രാജ്യങ്ങളുമായി എയര്‍ബബ്ള്‍ കരാര്‍ വഴിയാണ് യാത്ര തുടര്‍ന്നത്. അതിനാല്‍ തന്നെ ഇരു രാജ്യങ്ങളും കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നതിനും അനുമതി നല്‍കണം. അതിനുള്ള ശ്രമമാണ് നടക്കുന്നത്. ഇക്കഴിഞ്ഞ ആഗസ്റ്റ് മാസം ഇന്ത്യ – യുകെ സെക്ടറില്‍ ആഴ്ചയില്‍ മുപ്പത് സര്‍വീസുകള്‍ ഉണ്ടായിരുന്നത് അറുപത് സര്‍വീസുകള്‍ ആയി ഉയര്‍ത്തിയിരുന്നു. ഇതേ മാതൃകയില്‍ ഗള്‍ഫ് മേഖലയിലേക്കും അധിക സര്‍വ്വീസുകള്‍ വേണമെന്ന് ആവശ്യം അന്നേ ഉയര്‍ന്നിരുന്നു. അതിനാല്‍ തന്നെ, ഇപ്പോള്‍ നടക്കുന്ന നീക്കം പ്രതീക്ഷയോടെയാണ് പ്രവാസികള്‍ നോക്കിക്കാണുന്നത്.