Uncategorized

ഖത്തറില്‍ വേനല്‍ വിശ്രമ സമയക്രമം ലംഘിച്ച 44 കമ്പനികള്‍ക്കെതിരെ കൂടി തൊഴില്‍ മന്ത്രാലത്തിന്റെ നടപടി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ തുറന്ന സ്ഥലത്ത് തൊഴിലെടുക്കുന്നവര്‍ക്കുള്ള വേനല്‍ വിശ്രമ സമയക്രമം ലംഘിച്ച 44 കമ്പനികള്‍ക്കെതിരെ കൂടി തൊഴില്‍ മന്ത്രാലത്തിന്റെ നടപടി. ജൂണ്‍ 4 മുതല്‍ 9 വരെ നടത്തിയ പരിശോധനയിലാണ് 44 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്. ജൂണ്‍ 1 മുതല്‍ 3 വരെ നടത്തിയ പരിശോധനയില്‍ നേരത്തെ 54 കമ്പനികള്‍ക്കെതിരെ തൊഴില്‍ മന്ത്രാലയം നടപടി സ്വീകരിച്ചിരുന്നു. ഇതോടെ ജൂണ്‍ 1 മുതല്‍ ആരംഭിച്ച വേനല്‍ക്കാല വിശ്രമ സമയം ലംഘിച്ച 98 കമ്പനികള്‍ക്കെതിരെ മന്ത്രാലയം നടപടി സ്വീകരിച്ചു.

വേനലിന്റെ കാഠിന്യം പരിഗണിച്ച് ജൂണ്‍ 1 മുതല്‍ സപ്തംബര്‍ 15 വരെ രാവിലെ 10 മുതല്‍ ഉച്ചക്ക് ശേഷം 3.30 വരെ തുറന്ന സ്ഥലത്ത് പണിയെടുക്കുന്നവര്‍ക്ക് വിശ്രമമനുവദിക്കണമെന്നാണ് നിയമം. 2021 ലെ 17ാം നമ്പര്‍ നിയമം തുറന്ന തൊഴില്‍ സൈറ്റുകളിലെ തൊഴിലാളികളെ കൊടും ചൂടില്‍ നിന്നും രക്ഷിക്കുന്നതിനാവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുവാന്‍ ആഹ്വാനം ചെയ്യുന്നതാണ്. ഈ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികളുണ്ടാകുമെന്ന് മന്ത്രാലയം നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കെട്ടിട നിര്‍മാണം, കോണ്‍ട്രാക്ടിംഗ്, ഗാര്‍ഡനിംഗ്, മെയിന്റനന്‍സ് മേഖലകളിലാണ് മിക്കവാറും നിയമലംഘനങ്ങളും പിടിക്കപ്പെട്ടത്. മുന്‍തസ, മദീന ഖലീഫ, അല്‍ വക്‌റ, വുകൈര്‍, സൈലിയ, ഖര്‍തിയ്യാത്ത്, റയ്യാന്‍ അല്‍ ജദീദ്, ഐന്‍ ഖാലിദ്, ഉം സലാല്‍ മുഹമ്മദ്, ലുസൈല്‍, അല്‍ ദഫ്‌ന, മുറൈഖ്, അല്‍ മശാഫ് തുടങ്ങിയ സ്ഥലങ്ങളിലാണ് നിയമലംഘനം കണ്ടെത്തിയത്.

ഇത്തരത്തിലുളള നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നവര്‍ 16008 എന്ന മന്ത്രാലയത്തിന്റെ ഹോട്ട്ലൈന്‍ നമ്പറില്‍ ബന്ധപ്പെടണം. തൊഴിലാളികളുടെ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള https://acmsidentity.adlsa.gov.qa/en എന്ന ഏകീകൃത പോര്‍ട്ടലിലും പരാതി രജിസ്റ്റര്‍ ചെയ്യാം.

Related Articles

Back to top button
error: Content is protected !!