Breaking News

ട്രാഫിക് അപകടങ്ങള്‍ കുറയ്ക്കുന്നതിന് ഓട്ടോമാറ്റിക് പെഡസ്ട്രിയന്‍ ക്രോസിംഗ് സെന്‍സര്‍ സാങ്കേതിക വിദ്യയുമായി ഖത്തറിലെ പൊതുമരാമത്ത് അതോറിറ്റി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. റോഡ് ഉപയോക്താക്കളുടെ ഗതാഗത സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ട്രാഫിക് അപകടങ്ങള്‍ കുറയ്ക്കുന്നതിനുമായി ഓട്ടോമാറ്റിക് പെഡസ്ട്രിയന്‍ ക്രോസിംഗ് സെന്‍സര്‍ സാങ്കേതികവിദ്യയുമായി ഖത്തറിലെ പൊതുമരാമത്ത് അതോറിറ്റി (അശ്ഗാല്‍) രംഗത്ത് .

ട്രാഫിക് നിയന്ത്രണ പദ്ധതികളുടെ ഭാഗമായി, ദോഹയിലെ ചില പ്രധാന ഇന്റര്‍സെക് ഷനുകളിലൂടെ കടന്നുപോകുന്ന കാല്‍നടയാത്രക്കാരുടെ ഗതാഗതം നിരീക്ഷിക്കാന്‍ അശ്ഗാലിന്റെ റോഡ്സ് ഓപ്പറേഷന്‍ ആന്‍ഡ് മെയിന്റനന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഒരു പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ദോഹ സിറ്റി സെന്റര്‍, നാസര്‍ ബിന്‍ ഖാലിദ് ഇന്റര്‍സെക്ഷന്‍, അല്‍ ജസ്റ ഇന്റര്‍സെക്ഷന്‍, വാദി അല്‍ സെയില്‍ ഇന്റര്‍സെക്ഷന്‍, ഫയര്‍ സ്റ്റേഷന്‍ ഇന്റര്‍സെക്ഷന്‍, അല്‍ ഖലീജ് ഇന്റര്‍സെക്ഷന്‍, അല്‍ ദിവാന്‍ ഇന്റര്‍സെക്ഷന്‍ എന്നിവയുള്‍പ്പെടെയുള്ള ചില സുപ്രധാന ഇന്റര്‍സെക്ഷനുകളിലാണ് ഈ പുതിയ സാങ്കേതികവിദ്യ പ്രയോഗിക്കുന്നത്. താമസിയാതെ, ഖത്തറിലെ മറ്റ് പ്രദേശങ്ങളിലും ആപ്ലിക്കേഷന്‍ നടപ്പിലാക്കും.

കാല്‍നടയാത്രക്കാരുടെയും സൈക്കിള്‍ യാത്രക്കാരുടെയും ക്രോസിംഗിന് മുന്‍ഗണന നല്‍കുന്നതിന് ഗ്രീന്‍ സിഗ്‌നല്‍ മാറി റെഡ് സിഗ്നലാക്കുന്നതിനുള്ള ഇന്‍ഫ്രാറെഡ് പ്രകാശത്തോടുകൂടിയ ത്രീഡി സ്റ്റീരിയോസ്‌കോപ്പിക് വിഷന്‍ അത്യാധുനിക സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഈ സാങ്കേതികവിദ്യ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുകയും ക്രോസിംഗുകളിലെ കാല്‍നട കാത്തിരിപ്പ് കേന്ദ്രം നിരീക്ഷിക്കുകയും ആവശ്യമെങ്കില്‍ കാല്‍നടയാത്രക്കാരുടെയും സൈക്ലിസ്റ്റുകളുടെയും ചലനത്തിന് മുന്‍ഗണന നല്‍കുകയും ചെയ്യുന്നു.

റോഡ് മുറിച്ചുകടക്കാന്‍ കാത്തിരിക്കുന്ന കാല്‍നടയാത്രക്കാരെയും സൈക്കിള്‍ യാത്രക്കാരെയും കണ്ടെത്താനും നിരീക്ഷിക്കാനും ഈ നൂതന സംവിധാനം സഹായിക്കുന്നു. ഇന്റര്‍സെക് ഷനിലെ കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം കാല്‍നടയാത്രക്കാര്‍ വന്നാല്‍ മാത്രമേ ഈ സംവിധാനം പ്രവര്‍ത്തിക്കൂ.

‘സുസ്ഥിര വികസനം കൈവരിക്കുന്നതിനുള്ള രാജ്യത്തിന്റെ സ്ട്രാറ്റജിക്ക്  അനുസൃതമായി, മികച്ച രീതികളും നൂതന സാങ്കേതികവിദ്യകളും ഉപയോഗിച്ച് സുരക്ഷിതവും കാര്യക്ഷമവുമായ രീതിയില്‍ റോഡ് ക്രോസിംഗ് സാധ്യമാക്കുകയാണ് പുതിയ സാങ്കേതിക വിദ്യ ലക്ഷ്യം വെക്കുന്നതെന്ന് അശ്ഗാലിലെ റോഡ്സ് ഓപ്പറേഷന്‍ ആന്‍ഡ് മെയിന്റനന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള എന്‍ജിനീയര്‍ അബ്ദുല്ല അല്‍ ഖലഫ് അഭിപ്രായപ്പെട്ടു.

Related Articles

Back to top button
error: Content is protected !!