പ്രഥമ ഫിഫ അറബ് കപ്പ് 2021 അള്‍ജീരിയക്ക്
റഷാദ് മുബാറക്
ദോഹ. ഖത്തറില്‍ നടന്ന പ്രഥമ ഫിഫ അറബ് കപ്പ് 2021 ന്റെ കലാശപ്പോരാട്ടത്തില്‍ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ടൂണീഷ്യയെ തറപറ്റിച്ച് അല്‍ജീരിയ ജേതാക്കളായി .
കരുത്തരായ ഇരു ടീമുകളും തുടക്കം മുതലേ പൊരുതി കളിച്ചതിനാല്‍ നിശ്ചിത സമയം കഴിഞ്ഞിട്ടും ആര്‍ക്കും ഗോള്‍വല കുലുക്കാനായില്ല.
കളി എക്സ്ട്രാ ടൈമിലേക്ക് കടന്നതോടെ സ്ഥിതിഗതികള്‍ മാറി. എക്സ്ട്രാ സമയം തുടങ്ങിയ ആദ്യ മിനിറ്റുകളില്‍ തന്നെ അള്‍ജീരിയയുടെ ആമിര്‍ സയൂദ് ടുണീഷ്യയുടെ വല കുലുക്കിയതോടെ അള്‍ജീരിയ ഒരു ഗോളിന് മുന്നിട്ട് ആധിപത്യം സ്ഥാപിച്ചു.
ഗോള്‍ തിരിച്ചടിക്കാന്‍ ടുണീഷ്യ പഠിച്ച പണി പതിനെട്ടും പയറ്റിയെങ്കിലും അള്‍ജീരിയയുടെ ശക്തമായ പ്രതിരോധ നിര ഭേദിക്കാനായില്ല.
കളിയവസാനിക്കുവാന് ഏതാനും മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കേ അള്‍ജീരിയയുടെ യെചിന്‍ ബ്രഹ് മി രണ്ടാമതൊരു ഗോള്‍ കൂടി നേടിയതോടെ അള്‍ജീരിയ ജയമുറപ്പിച്ചു .
ആദ്യ ഗോള്‍ നേടിയ ആമിര്‍ സയൂദ് മാന്‍ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു.
ഫിഫയുടെ കണക്കനുസരിച്ച് 60456 പേരാണ് കലാശപ്പോരാട്ടത്തിന് സാക്ഷ്യം വഹിച്ചത്
അറബ് കപ്പിലെ ഫെയര്‍ പ്ളേ അവാര്‍ഡ് മൊറോക്കോ ടീമിന് ലഭിച്ചു. ടോപ് സ്കോറര്‍മാര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് ടുണീഷ്യയുടെ സൈഫുദ്ധീന്‍ ജസീരി സ്വന്തമാക്കി. അള്‍ജീരിയയുടെ യെചിന്‍ ബ്രഹ് മി സില്‍വര്‍ ബൂട്ടും ജോര്‍ദാനിന്റെ യാസര്‍ ഇമാദ് ബ്രോണ്‍സ് ബൂട്ടും നേടി.
ടൂര്‍ണമെന്റിലെ മികച്ച ഗോളി അള്‍ജീരിയയുടെ റയിസ് ബോല്വിയാണ്
അള്‍ജീരിയയുടെ യെചിന്‍ ബ്രഹ് മി മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കിയപ്പോള്‍ അള്‍ജീരിയയുടെ തന്നെ മുഹമ്മദ് ബിലൈലിയും ഖത്തറിന്റെ അക്രം അഫീഫും യഥാക്രമം സില്‍വര്‍ ബോളും ബ്രോണ്‍സ് ബോളും നേടി.
ഫിഫ പ്രസിഡണ്ട് ഗിയാനി ഇന്‍ഫാന്റിനോ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ്് അല്‍ ഥാനിയും ഫിഫ പ്രസിഡണ്ട് ഗിയാനി ഇന്‍ഫാന്റിനോയും ചേര്‍ന്നാണ് ട്രോഫി സമ്മാനിച്ചത്