Uncategorized

സമ്മര്‍ സ്പ്ലാഷ്; കുട്ടികള്‍ക്കായുള്ള നടുമുറ്റം അവധിക്കാല ക്യാമ്പിന് തുടക്കമായി

ദോഹ : ഖത്തറിലെ മലയാളി വിദ്യാര്‍ത്ഥികള്‍ക്കായി കള്‍ച്ചറല്‍ ഫോറം വനിതാ വിഭാഗം നടുമുറ്റം ഖത്തര്‍ സംഘടിപ്പിക്കുന്ന അവധിക്കാല ക്യാമ്പിന് തുടക്കമായി. ടോക്കിയോ ഒളിംപിക്കില്‍ പങ്കെടുക്കുന്ന മലയാളി താരങ്ങളുമായുള്ള സംവാദത്തോടെ ആരംഭിച്ച സമ്മര്‍ സ്പ്ലാഷ് ക്യാമ്പില്‍ നിരവധി കുട്ടികള്‍ പങ്കാളികളായി. ജൂനിയര്‍ , സീനിയര്‍ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായാണ് ക്യാമ്പ് നടക്കുന്നത്.

ഓണ്‍ലൈനായി നടക്കുന്ന ക്യാമ്പ് കള്‍ച്ചറല്‍ ഫോറം ആക്ടിങ് പ്രസിഡന്റ്‌റ് സാദിഖ് ചെന്നാടന്‍ ഉത്ഘാടനം ചെയ്തു. സ്വന്തം കഴിവുകള്‍ തിരിച്ചറിയാനും അവ വളര്‍ത്തിയെടുക്കാനുമുള്ള അവസരങ്ങളാണ് ഇത്തരം ക്യാമ്പുകളെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളില്‍ ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കാനും പുതിയ അറിവുകള്‍ നേടാനും ക്യാമ്പുകള്‍ ഉപകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന മലയാളി താരങ്ങളായ ശ്രീജേഷ് പി.ആര്‍, മുഹമ്മദ് അനസ്, ഇര്‍ഫാന്‍ കെ.ടി, ശ്രീശങ്കര്‍, ജാബിര്‍ എം.പി, നോഹ് നിര്‍മല്‍ ടോം എന്നിവര്‍ ഉദ്ഘാടന പരിപാടിയില്‍ അതിഥികളായി പങ്കെടുത്തു.

കഴിവുകള്‍ തിരിച്ചറിഞ്ഞു നിരന്തരമായ പരിശീലനത്തിലൂടെ അവ പരിപോഷിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടാവണമെന്നു അവര്‍ കുട്ടികളെ ഉണര്‍ത്തി. സമര്‍പ്പണവും പരിശീലനവുമാണ് നേട്ടങ്ങള്‍ക്കു പിന്നിലെന്നും അവര്‍ വ്യക്തമാക്കി. കുട്ടികളുമായി സംവദിച്ച താരങ്ങള്‍ തങ്ങളുടെ വളര്‍ച്ചയും നേട്ടങ്ങളും പ്രതീക്ഷകളും അവരുമായി പങ്കുവെച്ചു. കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റും നടുമുറ്റം ചീഫ് കോര്‍ഡിനേറ്ററുമായ ആബിദ സുബൈര്‍ ഉദ്ഘാടന പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. കള്‍ച്ചറല്‍ ഫോറം സെക്രട്ടറിയും നടുമുറ്റം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ രമ്യദാസ് സ്വാഗതവും നടുമുറ്റം എക്‌സിക്യൂട്ടീവ് അംഗങ്ങളായ നിത്യ സുബീഷ് നന്ദിയും ജോളിതോമസ് പരിപാടിയും നിയന്ത്രിച്ചു. ആറ് ദിവസങ്ങളിലായി നടക്കുന്ന ഓണ്‍ലൈന്‍ ക്യാമ്പ് വെള്ളിയാഴ്ചയാണ് സമാപിക്കുക

Related Articles

Back to top button
error: Content is protected !!