Archived Articles

ഖത്തര്‍ റെയിലിന്റെ പുതുവല്‍സര സമ്മാനമായി ലുസൈല്‍ ട്രാം രാജ്യത്തിന് സമര്‍പ്പിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ റെയിലിന്റെ പുതുവല്‍സര സമ്മാനമായി ലുസൈല്‍ ട്രാം രാജ്യത്തിന് സമര്‍പ്പിച്ചു. കായിക ലോകം കാത്തിരിക്കുന്ന 2022 ഫിഫ ലോക കപ്പിന്റെ കലാശപ്പോരാട്ടം നടക്കാനിരിക്കുന്ന ലുസൈല്‍ സ്‌റ്റേഡിയത്തിലേക്കുള്ള ഏറ്റവും സൗകര്യപ്രദമായ ഗതാഗത സംവിധാനമാണിത്.

ഖത്തര്‍ റെയില്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ ഗതാഗത മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അല്‍ സുലൈത്തിയും മുനിസിപ്പാലിറ്റി മന്ത്രി ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈയും ലുസൈല്‍ ട്രാം പൊതുജനങ്ങള്‍ക്കായി തുറന്ന ചടങ്ങില്‍ സംബന്ധിക്കുകയും ലുസൈല്‍ ട്രാമിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ തുടക്കം പരിശോധിക്കുകയും ചെയ്തു


ആദ്യ ഘട്ടത്തില്‍ മറീന, മറീന പ്രൊമെനേഡ്, യാച്ച് ക്ലബ്, എസ്പ്ലനേഡ്, എനര്‍ജി സിറ്റി സൗത്ത്, കൂടാതെ ലെഗ്‌തൈഫിയ എന്നീ 6 ഓറഞ്ച് ലൈന്‍ സ്റ്റേഷനുകളാണ് പ്രവര്‍ത്തനമാരംഭിച്ചത് .

എല്ലാ ഗുണഭോക്താക്കള്‍ക്കും സുരക്ഷിതവും വിശ്വസനീയവും ഉയര്‍ന്ന നിലവാരമുള്ളതുമായ സേവനങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ, ഏറ്റവും പുതിയ ലോക സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് സുസ്ഥിരവും മള്‍ട്ടിമോഡല്‍, പരിസ്ഥിതി സൗഹൃദ പൊതുഗതാഗതം പ്രദാനം ചെയ്യുന്നതിനുള്ള മന്ത്രാലയത്തിന്റെ പദ്ധതികളുടെ ഭാഗമാണ് ലുസൈല്‍ ട്രാം എന്ന് മന്ത്രി അല്‍ സുലൈത്തി പറഞ്ഞു.


ലുസൈല്‍ ട്രാം ആഴ്ചയില്‍ ഏഴു ദിവസവും 5 മിനിറ്റ് ഇടവേളയില്‍ ഓടും. ശനി മുതല്‍ ബുധന്‍ വരെ രാവിലെ 6 മുതല്‍ രാത്രി 11 വരെയും വ്യാഴാഴ്ചകളില്‍ രാവിലെ 6 മുതല്‍ രാത്രി 11:59 വരെയും ട്രാം പ്രവര്‍ത്തിക്കും. വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 02:00 മുതല്‍ രാത്രി 11:59 വരെയാണ് ട്രാം പ്രവര്‍ത്തിക്കുക

ലുസൈല്‍ ട്രാം നെറ്റ്വര്‍ക്ക് 28 കിലോമീറ്റര്‍ നീളമുള്ളതാണ്, അതില്‍ നാല് ലൈനുകളും 25 സ്റ്റേഷനുകളും 28 ട്രാമുകളും ഉള്‍പ്പെടുന്നു. ലുസൈല്‍ സിറ്റി മുഴുവന്‍ ഉള്‍ക്കൊള്ളുന്ന ട്രാം ലെഗ്‌തൈഫിയ, ലുസൈല്‍ എന്നീ രണ്ട് സ്റ്റേഷനുകള്‍ വഴി ദോഹ മെട്രോയുമായി ബന്ധിപ്പിക്കുന്നു.

Related Articles

Back to top button
error: Content is protected !!