Archived Articles

സമ്മര്‍ ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ് പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള അപെക്സ് ബോഡിയായ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററും ഖത്തര്‍ മഞ്ഞപ്പടയും സംയുക്തമായി സംഘടിപ്പിച്ച സമ്മര്‍ ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പ് പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

ദോഹയിലെ ഒലിവ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന വൈവിധ്യമാര്‍ന്ന പരിപാടികളോടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികമായ ആസാദി കാ അമൃത് മഹോത്സവ്, ഫിഫ ലോകകപ്പിനുള്ള 100 ദിവസത്തെ കൗണ്ട് ഡൗണ്‍ എന്നിവ ആഘോഷിച്ചു.


ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ ഇവന്റ് ഉദ്ഘാടനം ചെയ്തു.

ഖത്തറിലെ വിദ്യാര്‍ഥികള്‍ക്കായി ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററും മഞ്ഞപ്പടയും സംയുക്തമായി ഒരു മാസത്തെ സൗജന്യ സമ്മര്‍ ഫുട്ബോള്‍ ക്യാമ്പ് സംഘടിപ്പിച്ചതിനെ അംബാസിഡര്‍ അഭിനന്ദിച്ചു.

സമ്മര്‍ ക്യാമ്പ് പരിശീലകരായ സുനീഷ് ശിവന്‍, സുവിത്ത് വാഴപ്പുള്ളി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

സമ്മര്‍ ഫുട്‌ബോള്‍ ക്യാമ്പിലെ യംഗ് കോംബന്‍സ് എന്നറിയപ്പെടുന്ന കുട്ടികള്‍ക്ക് ഇന്ത്യന്‍ എംബസി ഡിഫന്‍സ് അറ്റാഷെ ക്യാപ്റ്റന്‍ മോഹന്‍ അല്‍ത, ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ വൈസ് പ്രസിഡന്റ് ഷെജി വലിയകത്ത്,ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ മാനേജിംഗ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍ എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകളും മെഡലുകളും സമ്മാനിച്ചു.

ഐഎസ്സിയും റേഡിയോ പാര്‍ട്ണേഴ്സും തമ്മിലുള്ള സൗഹൃദ മത്സരവും പരിപാടിക്ക് മാറ്റുകൂട്ടി.

ആസാദി കാ അമൃത് മഹോത്സവ് ഓണ്‍ എയര്‍ ക്വിസ് മത്സരത്തില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.

ഐഎസ്സി വൈസ് പ്രസിഡന്റ്, ഷെജി, ചെയര്‍മാന്‍, മുഹമ്മദ് ഈസ, മറ്റ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ശ്രീനിവാസ്, ബോബന്‍, രാജേഷ്, സിപ്പി ജോസ്, മണികണ്ഠന്‍, നിഷ, മഞ്ഞപ്പട പ്രസിഡന്റ് ദീപേഷ് ഗോവിന്ദന്‍ കുട്ടി. , വൈസ് പ്രസിഡന്റ് ജോസ് ഫ്രാന്‍സിസ്, സെക്രട്ടറി അഖില്‍ നൂര്‍ദീന്‍, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!