കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട കുട്ടികള്‍ക്കായി അല്‍ വകറ പീഡിയാട്രിക് കോവിഡ്-19 സെന്റര്‍ നിശ്ചയിച്ച് ഹമദ് മെഡിക്കല്‍ കോര്പറേഷന്
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട കുട്ടികള്‍ക്കുള്ള ചികിത്സാ സൗകര്യമായി അല്‍ വക്ര ഹോസ്പിറ്റല്‍ കാമ്പസില്‍ സ്ഥിതി ചെയ്യുന്ന അല്‍ വക്ര പീഡിയാട്രിക് കോവിഡ്-19 സെന്റര്‍ നിശ്ചയിച്ച് ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് ഉത്തരവിട്ടു.
ഖത്തറിലും ലോകമെമ്പാടുമുള്ള കോവിഡ് കേസുകളുടെ എണ്ണത്തില്‍ അടുത്തിടെയുണ്ടായ വര്‍ധനയുടെ വെളിച്ചത്തില്‍ കോവിഡ് ബാധിക്കുന്ന കുട്ടികള്‍ക്ക് മികച്ച ചികില്‍സ ഉറപ്പാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയാണ് ഈ കേന്ദ്രത്തെ കോവിഡ് ബാധിക്കുന്ന കുട്ടികള്‍ക്കുള്ള പ്രത്യേക ചികില്‍സാ കേന്ദ്രമായി നിശ്ചയിച്ചത്. കോവിഡ് ബാധിക്കുന്ന എല്ലാ കുട്ടികള്‍ക്കും ഒരേ സ്ഥലത്ത് മികച്ച സേവനം ഉറപ്പുവരുത്തുവാന്‍ ഈ സൗകര്യം പ്രയോജനപ്പെടും.
39 കിടത്തിച്ചികിത്സ കിടക്കകള്‍, 4 തീവ്രപരിചരണ കിടക്കകളും ഹ്രസ്വകാല രോഗികള്‍ക്ക് 22 നിരീക്ഷണ കിടക്കകളുമാണ് കേന്ദ്രത്തിലുള്ളത്. ആവശ്യമെങ്കില്‍ കിടത്തിച്ചികിത്സയ്ക്കുള്ള 140 കിടക്കകള്‍ വരെ വര്‍ധിപ്പിക്കാനുള്ള സൗകര്യം കേന്ദ്രത്തിനുണ്ട്.