രാജ്യത്തെ 101 അംഗീകൃത സ്വകാര്യ മെഡിക്കല്‍ സെന്ററുകളില്‍ നിന്നെടുക്കുന്ന ആന്റിജന്‍ ടെസ്റ്റ് ഫലം മാത്രമേ ഇഹ്തിറാസ് ആപ്പില്‍ പ്രതിഫലിക്കൂ
അമാനുല്ല വടക്കാങ്ങര
ദോഹ. രാജ്യത്തെ 101 അംഗീകൃത സ്വകാര്യ മെഡിക്കല്‍ സെന്ററുകളില്‍ നിന്നെടുക്കുന്ന ആന്റിജന്‍ ടെസ്റ്റ് ഫലം മാത്രമേ ഇഹ് തിറാസ് ആപ്പില്‍ പ്രതിഫലിക്കൂവെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അംഗീകൃത കേന്ദ്രങ്ങളുടെ ലിസ്റ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മറ്റ് സ്വകാര്യ കേന്ദ്രങ്ങളില്‍ നടത്തുന്ന പരിശോധനകള്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് മാത്രമേ പ്രയോജനപ്പെടുകയുള്ളൂ.
ഖത്തറില്‍ ഈ മാസം ആദ്യമാണ് കോവിഡ് ടെസ്റ്റിംഗ് പ്രോട്ടോകോളില്‍ താല്‍ക്കാലിക മാറ്റങ്ങള്‍ അനുവദിക്കുകയും 50 വയസില്‍ താഴെയുള്ളവര്‍ക്കും യാത്ര കഴിഞ്ഞു തിരിച്ചെത്തുന്നവര്‍ക്കുമടക്കം ചില വിഭാഗങ്ങള്‍ക്ക് പി.സി. ആര്‍. പരിശോധനക്ക് പകരം റാപിഡ് ആന്റിജന്‍ ടെസ്റ്റ് മതിയെന്ന വ്യവസ്ഥ കൊണ്ടുവരികയും ചെയ്തത്.
ജനുവരി 5 മുതല്‍ തന്നെ പുതിയ പ്രോട്ടോക്കോള്‍ പ്രാബല്യത്തില്‍ വന്നിരുന്നെങ്കിലും പല സ്വകാര്യ മെഡിക്കല്‍ സെന്ററുകളില്‍ നിന്നെടുക്കുന്ന ആന്റിജന്‍ ടെസ്റ്റ് ഫലം ഇഹ് തിറാസില്‍ പ്രതിഫലിക്കുന്നില്ലെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് 101 അംഗീകൃത സ്വകാര്യ മെഡിക്കല്‍ സെന്ററുകളുടെ ലിസ്റ്റ് മന്ത്രാലയം വീണ്ടും പ്രസിദ്ധീകരിച്ചത്.