Archived Articles

‘ഭൂഗര്‍ഭ ജലം – അദൃശ്യമെങ്കിലും കാണേണ്ടിയിരിക്കുന്നു’ : ലോക ജല ദിനം (22 മാര്‍ച്ച്)

അബ്ദുല്‍ ലത്തീഫ്. ഇ. കെ, ഫറോക്ക്

ഭൂമിയുടെ മൂന്നില്‍ രണ്ടു ഭാഗം ജലമാണെങ്കിലും അതില്‍ ശുദ്ധജലം ഒരു ശതമാനത്തില്‍ താഴെ മാത്രം. ദിനേന ജലലഭ്യത കുറയുകയും, നിലവിലുള്ള ജലസ്രോതസ്സുകള്‍ ഉപയോഗിക്കാന്‍ പറ്റാത്ത വിധം മലിനീകരിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ മറ്റൊരു ജലദിനം കൂടി കടന്നു വരികയാണ്. എല്ലാ വര്‍ഷവും മാര്‍ച്ച് 22 നാണ് ലോക ജലദിനമായി ആചരിക്കുന്നത്.
ഓരോ തുള്ളി ജലവും സൂക്ഷ്മമായി ഉപയോഗിച്ച് ജലസംരക്ഷണം സാധ്യമാക്കാനാണ് ഓരോ വര്‍ഷവും വ്യത്യസ്ഥ സന്ദേശങ്ങളുമായി ഈ ദിനം ആചരിക്കുന്നത്. ശുദ്ധജലത്തിനായി ഒരു ദിനമെന്ന ആശയം ആദ്യമായി, 1992ല്‍ ബ്രസീലിലെ റിയോ ഡെ ജനീറോ യില്‍ ചേര്‍ന്ന യുനൈറ്റഡ് നേഷന്‍സ് കോണ്‍ഫറന്‍സ് ഓണ്‍ എന്‍വയണ്‍മെന്റ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് (യു.എന്‍.സി.ഇ.ഡി) ആണ് നിര്‍ദ്ദേശിച്ചത്. ഈ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ യുനൈറ്റഡ് നേഷന്‍സ് ജനറല്‍ അസ്സംബ്ലി 1993 (മാര്‍ച്ച് 22) മുതല്‍ ഈ ദിനം ലോക ജല ദിനമായി ആചരിക്കാന്‍ തീരുമാനിച്ചു.

ഭൂഗര്‍ഭ ജലം – അദൃശ്യമെങ്കിലും നമ്മള്‍ അത് കാണേണ്ടിയിരിക്കുന്നു എന്നതാണ് 2022 മാര്‍ച്ച് 22 ന്റെ ജലദിന സന്ദേശം.
ഭൂഗര്‍ഭ ജലം അദൃശ്യമാണെന്ന് മാത്രമല്ല, ദിനേനയെന്നോണം ഭൂമിയില്‍ അതിന്റെ നിരപ്പ് താഴോട്ട് പോയികൊണ്ടിരിക്കുകയാണ്. അതുമൂലമുണ്ടാകുന്ന വിപത്ത് ഭയാനകമാണ്. അത് നാം കാണാതിരുന്നു കൂടാ.
ഭൂഗര്‍ഭ ജലം ഒളിച്ചു വെച്ച നിധിയാണ്, അത് നമ്മുടെ കാലിനടിയിലാണ്. ഭൂമിയില്‍ ജീവ സാന്നിധ്യം നില നില്‍ക്കാന്‍ ജല സംരക്ഷണം അനിവാര്യവുമാണ്. ഈ തിരിച്ചറിവ് വൈകുന്തോറും അടുത്ത തലമുറകളെ നാം കുരുതി കൊടുക്കുകയാണ്.
നമ്മുടെ ജീവന്‍ കാത്ത് സംരക്ഷിക്കുന്ന ഈ ജീവജലം മിക്കവാറും ഭൂഗര്‍ഭ ജലം തന്നെയാണ്. ഇതിന്റെ നിരപ്പ് കുത്തനെ താഴോട്ട് പോവുമ്പോള്‍ ഭീതിദായകമായ സാഹചര്യമാണ് നമ്മേ കാത്തിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനം അതിന് ആക്കം കൂട്ടുന്നു. അനിയന്ത്രിതമായ മനുഷ്യ ഇടപെടല്‍ സ്ഥിതി കൂടുതല്‍ ഭയാനകമാക്കുന്നു.
ഭൂമിയില്‍ ജലസ്രോതസ് വറ്റുകയും, അവശേഷിക്കുന്നത് മലിനമാവുകയും ചെയ്യുന്ന ദുസ്ഥിതിയാണിന്ന്. ഇതിന്റെ പിറകില്‍ മനുഷ്യകരങ്ങളാണെന്നതിന് കാരണം വേണ്ടത്ര അവബോധം ലഭിക്കാത്തതോ, ചൂഷണ വ്യഗ്രതയില്‍ കാഴ്ച നഷ്ടപ്പെട്ടതോ ആവാം. ഭൂഗര്‍ഭ ജലവും, ശുദ്ധ ജലത്തിന്റെ അപര്യാപ്തതയും നമ്മുടെ കാഴ്ച്ചക്ക് പുറത്തെങ്കിലും അകക്കണ്ണ് തുറക്കാന്‍ സമയമായി. നമ്മുടെ മുന്നിലുള്ള ഈ മഹാവിപത്തിനെ മനസ്സ് തുറന്നു കാണാനും അതിന് പരിഹാരങ്ങള്‍ പ്രവൃത്തി പതത്തില്‍ കൊണ്ടുവരാനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നു.
ജലസംരക്ഷണത്തിനായി സാധ്യമായ എല്ലാ വഴികളും തേടേണ്ടിയിരിക്കുന്നു. നൂതന ശാസ്ത്ര – സാങ്കേതിക വിദ്യകള്‍ അതിനുപയോഗപ്പെടുത്തണം. കൂടെ പരമ്പരാഗത രീതികളും ആര്‍ദ്രമായ മനസ്സും അനിവാര്യം തന്നെ.
അമൂല്യമായ ഈ ശുദ്ധജല സമ്പത്തിനെ സംരക്ഷിക്കാന്‍ നാം ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. അതിനുള്ള പ്രതിജ്ഞയാവട്ടെ ഈ ജലദിനത്തില്‍ നാം ഓരോരുത്തരും ഏറ്റെടുക്കേണ്ടത്.
മഴ ദൗര്‍ലഭ്യവും ആഗോള താപനവും നമ്മെ വലം വെച്ചിരിക്കുമ്പോഴും വന നശീകരണവും പ്രകൃതിയുടെ മേലുള്ള കിരാതമായ കയ്യേറ്റങ്ങളും അനുദിനം വര്‍ദ്ധിക്കുക തന്നെയാണ്. പ്രകൃതിയുടെ താളം തെറ്റിയപ്പോള്‍ പ്രകൃതി പ്രതിഭാസങ്ങളും ഒട്ടും കുറവല്ല. ഒരു തുള്ളി ജലത്തിനായി മനുഷ്യനെ തന്നെ കൊന്നുടുക്കുന്ന കാലം വിദൂരമല്ല, വന്യജീവികള്‍ ജലത്തിനായി കാടു വിട്ടു നാട്ടിലേക്കിറങ്ങുന്ന കാലത്തിനും നാന്ദിയായി. ഇനി തിരിച്ചറിവാണ് മനുഷ്യനെ മുന്നോട്ട് നയിക്കേണ്ടത്.
മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ഭൂമി മൂന്നു പതിറ്റാണ്ടിനകം ഇല്ലാതാവുമ്പോള്‍ മനുഷ്യവാസത്തിനായി മറ്റൊരു ഗ്രഹത്തെ കണ്ടെത്തേണ്ടിയിരിക്കുന്നുവെന്ന സ്റ്റീഫന്‍ ഹോക്കിങ്‌സിന്റെ വാക്കുകള്‍ ഏറെ ശ്രദ്ധേയമാണ്. പ്രകൃതിയിലേക്ക് തിരിച്ചു നടന്നില്ലെങ്കില്‍, ജലവിനിയോഗം സൂഷ്മമായി നിയന്ത്രിച്ചില്ലെങ്കില്‍ ജീവിതം അസാധ്യമാവുന്ന കാലം വിദൂരമല്ല. ഭക്ഷണം കഴിച്ചില്ലെങ്കില്‍ 14 ദിവസം ജീവന്‍ നിലനിര്‍ത്താമെങ്കില്‍ വെള്ളം കുടിച്ചില്ലെങ്കില്‍ അത് മൂന്ന് ദിവസത്തിലധികം സാധ്യമല്ല. പ്രകൃതി സംരക്ഷണാവബോധം വളര്‍ത്തി, നാം മാറി നടക്കാന്‍ തയ്യാറായാല്‍ പ്രകൃതിയുടെ ആയുസ്സിനേക്കാള്‍ മനുഷ്യായുസ്സിനു ഗുണം ചെയ്യും.
ജലം സുലഭമാവുന്നതോടൊപ്പം അത് സുരക്ഷിതവുമാവേണ്ടതാണ്. നമ്മുടെ ജീവന്‍ നില നിര്‍ത്താന്‍ വേണ്ടി നാം ഉപയോഗിക്കുന്ന ജലം മലിനമായിക്കൂടാ. ശുദ്ധജല ലഭ്യത തീരെ കുറഞ്ഞ ഈ കാലഘട്ടത്തില്‍ കോളിഫോം ബാക്ട്ടീരിയ അടങ്ങിയ ജലം പോലും കുടിക്കുന്നവര്‍ നിരവധിയാണ്. കൂടാതെ ഫാക്റ്ററികളില്‍ നിന്നും മറ്റും പുറം തള്ളുന്ന മാലിന്യങ്ങളാല്‍ അശുദ്ധമായതും നിരവധിയാണ്. നിലവിലുള്ള ജല സ്രോതസ്സുകള്‍ മലിനമാവാതെ സൂക്ഷിക്കാന്‍ നാം തയ്യാറാവേണ്ടിയിരിക്കുന്നു. കൂട്ടത്തില്‍ അനാവശ്യ ജലോപയോഗം ഒഴിവാക്കുകയും മിതമായി ഉപയോഗിച്ച് ശീലിക്കുകയും വേണം. ജലസ്രോതസ്സുകള്‍ നില നിര്‍ത്താനും ഭൂഗര്‍ഭ ജലത്തിന്റ നിരപ്പ് താഴോട്ട് പോവാതെ കാത്തു സൂക്ഷിക്കാനും നാം പ്രതിജ്ഞാബദ്ധമാണ്.
പ്രകൃതിയെ കടന്നാക്രമിക്കുന്നത് അവസാനിപ്പിക്കുന്നതോടൊപ്പം കൃത്യമായ വനവല്‍ക്കരണ പദ്ധതികളും ആസൂത്രണം ചെയ്യേണ്ടിയിരിക്കുന്നു. മഴവെള്ള സംഭരണത്തിനും, പാഴാകുന്ന വെള്ളത്തിന്റെ റീ-സൈക്ലിംഗ് ഉള്‍പ്പടെ നൂതന വിദ്യകള്‍ പ്രവര്‍ത്തികമാക്കേണ്ടതുണ്ട്. അങ്ങിനെ ജലസമൃദ്ധമായ ഒരു നാളേക്ക് വേണ്ടി നമുക്കുരുമിച്ചു പ്രവര്‍ത്തിച്ചു തുടങ്ങാം. ഓരോ കൈകുമ്പിളിലും ശുദ്ധജലം നിറയാനാവട്ടെ ഈ ലോക ജല ദിനം.

Related Articles

Back to top button
error: Content is protected !!