
നൈന്‍ വണ്‍ ഇവന്റ്സും കേരള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മോളിവുഡ് മാജിക് അവിസ്മരണീയമാക്കാനൊരുങ്ങി ഖത്തര്‍
ദോഹ. നൈന്‍ വണ്‍ ഇവന്റ്സും കേരള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മോളിവുഡ് മാജിക് അവിസ്മരണീയമാക്കാനൊരുങ്ങി ഖത്തര്‍. വിനോദപരിപാടികള്‍ക്കായി ഒരുക്കുന്ന ദോഹയിലെ സ്റ്റേജ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ അരങ്ങായി മാറുകയാണ്. ഫിഫ 2022 ലോകകപ്പില്‍ മെസ്സിയും നെയ്മറും എല്ലാം പന്ത് തട്ടിയ 974 സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുക.
കലയും കായികവും ഒരുപോലെ കാണുന്ന വലിയൊരു ജനതയാണ് മോളിവുഡ് മാജിക്കിനായി കാത്തിരിക്കുന്നത്.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള എഴുന്നൂറോളം തൊഴിലാളികള്‍ രാപകല്‍ ഇല്ലാതെ അദ്ധ്വാനിച്ചാണ് വേദിയുടെ അവസാന വട്ട മിനുക്ക് പണികള്‍ നിര്‍വഹിക്കുന്നത്.
പ്രവാസി മണ്ണില്‍ മലയാള സിനിമാലോകം ഇത്ര വിപുലമായ പരിപാടി ഒരുക്കുന്നത് ഇതാദ്യമായാണ്. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ഈ പരിപാടിയുടെ ഭാഗമാവും.
ഏകദേശം 58 മീറ്റര്‍ വീതിയും 14 മീറ്റര്‍ ഉയരവും ഉള്ള വേദി മികച്ച കാഴ്ചാനുഭവമാണ് പ്രദാനം ചെയ്യുക .
കാഴ്ചകള്‍ കൊണ്ടും ഉള്ളടക്കം കൊണ്ടും എന്നും പ്രേക്ഷകരെ വിസ്മയിപ്പിച്ച സിനിമാ ലോകം ഒരിക്കല്‍ക്കൂടി പ്രേക്ഷകരിലേക്ക് എത്തുകയാണ്. കെട്ടിലും മട്ടിലും പുത്തന്‍ കാഴ്ചാ അനുഭവവുമായി 974 സ്റ്റേഡിയത്തിലെ കൂറ്റന്‍ വേദിയില്‍ മലയാള സിനിമയിലെ ഇതിഹാസങ്ങളും പിന്മുറക്കാരും മാറ്റുരയ്ക്കുമ്പോള്‍ ഖത്തറിലെ സഹൃദയര്‍ക്ക് അവിസ്മരണീയ രാവൊരുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.