കായികരംഗത്തെ ഖത്തറിന്റെ മുന്നേറ്റം വിസ്മയകരം. ജാമിര്‍ വലിയമണ്ണില്‍
ദുബൈ. കായികരംഗത്തെ ഖത്തറിന്റെ മുന്നേറ്റം വിസ്മയകരമാണെന്ന് ഖത്തര്‍ വേള്‍ഡ്കപ്പ് ഫാന്‍ ലീഡറും ഫിഫ ഫാന്‍ മൂവ്‌മെന്റിലെ ഇന്ത്യന്‍ അമ്പാസിഡറുമായ ജാമിര്‍ വലിയമണ്ണില്‍ അഭിപ്രായപ്പെട്ടു. മീഡിയപ്ലസ് പ്രസിദ്ധീകരിച്ച ‘ദ പര്‍സ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ്’ സ്വീകരിച്ച് സംസാരിക്കുകായിരുന്നു അദ്ദേഹം.
കുറഞ്ഞ കാലംകൊണ്ട് ഗള്‍ഫ് മേഖലയുടെ കായിക തലസ്ഥാനമായി ഉയര്‍ന്ന ഖത്തര്‍, നിരന്തരം മികച്ച കായിക പരിപാടികള്‍ സംഘടിപ്പിച്ചുകൊണ്ട് മിഡില്‍ ഈസ്റ്റിലെ മാത്രമല്ല ലോകത്തിലെ തന്നെ മികച്ച സംഘാടകരെന്ന സ്ഥാനത്തേക്കാണ് ഉയരുന്നത്. ഗള്‍ഫ് മേഖലക്ക് മൊത്തം അഭിമാനകരമായ നേട്ടങ്ങളുമായി ഖത്തര്‍ മുന്നേറുന്നു എന്നത് പ്രവാസി സമൂഹത്തിനും സന്തോഷകരമാണെന്ന് അദ്ദേഹം പറഞ്ഞു.
ലോകോത്തര സ്റ്റേഡിയങ്ങളും അത്യാധുനിക സൗകര്യങ്ങളുമൊരുക്കിയാണ് ഫിഫ 2022 ലോകകപ്പ് കാല്‍പന്തുകളിയാരാധകരെ സ്വാഗതം ചെയ്യുവാന്‍ ഖത്തര്‍ കാത്തിരിക്കുന്നത്. ഖത്തറിലെത്തി ഫിഫ ലോകകപ്പിനുള്ള സൗകര്യങ്ങള്‍ നേരില്‍ കാണാന്‍ സാധിച്ചതിന്റെ അടിസ്ഥാനത്തില്‍ അവിശ്വസനീയമായ ഒരുക്കങ്ങളാണ് ഖത്തര്‍ നടത്തിയിരിക്കുന്നതെന്ന് പറയാന്‍ കഴിയുമെന്ന് ജാമിര്‍ അഭിപ്രായപ്പെട്ടു. ഖത്തറിലെ സ്റ്റേഡിയങ്ങളും ലോകകപ്പിനുള്ള ഒരുക്കങ്ങളും സമയത്തിനു മുമ്പുതന്നെ പൂര്‍ത്തിയാക്കിയാണ് കോവിഡ് മഹാമാരിക്കാലത്തും ഫുട്‌ബോള്‍ ലോകത്തെ മാത്രമല്ല സംഘാടകരെയും ഫിഫയെയും ഞെട്ടിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഫിഫ 2022 ഖത്തര്‍ ലോകകപ്പിന്റെ സംഘാടകരായ സുപ്രീം കമ്മറ്റി ഫൊര്‍ ഡെലിവറി ആന്റ് ലെഗസിയുടെ പ്രത്യേക ക്ഷണപ്രകാരം ഖത്തറിന്റെ ലോകകപ്പ് ഒരുക്കങ്ങള്‍ നേരില്‍ കാണാന്‍ കഴിഞ്ഞതായും ജാമിര്‍ വലിയമണ്ണില്‍ കൂട്ടിച്ചേര്‍ത്തു.