Breaking News

അല്‍ ഖോര്‍ റോഡിന്റെ കിഴക്ക് ഭാഗത്ത് 38 കിലോമീറ്റര്‍ കാല്‍നട, സൈക്ലിംഗ് ട്രാക്കുകള്‍ തുറന്ന് അശ്ഗാല്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: അല്‍ ഖോര്‍ റോഡിന്റെ കിഴക്ക് ഭാഗത്ത് 38 കിലോമീറ്റര്‍ കാല്‍നട, സൈക്ലിംഗ് ട്രാക്കുകള്‍ തുറന്ന് പൊതുമരാമത്ത് അതോറിറ്റി (അശ്ഗാല്‍). ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗത്തുള്ള ഒളിമ്പിക് സൈക്ലിംഗ് ട്രാക്കുമായി സംയോജിപ്പിച്ചാണിത്. സെക്ലിംഗ് ഹോബിയാക്കുന്നവര്‍ക്ക് പൂര്‍ണ്ണ സുരക്ഷയോടെ സൈക്ലിംഗും ജോഗിംഗും പരിശീലിക്കുവാന്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതാണിത്.

38 കിലോമീറ്റര്‍ നീളവും 6 മീറ്റര്‍ വീതിയുമുള്ള ഈ ട്രാക്ക് 18 അണ്ടര്‍ പാസുകളിലൂടെ കടന്നുപോകുന്നതോടൊപ്പം, സുഗമവും തടസ്സമില്ലാത്തതുമായ സഞ്ചാരം ഉറപ്പാക്കുന്നു. റോഡരികിലുള്ള ട്രാക്കുകള്‍ മികച്ച രീതിയില്‍ ഉപയോഗിക്കുന്നതിന്, 80 സൈക്കിള്‍-പാര്‍ക്കിംഗ് പോയിന്റുകള്‍, 100 ബെഞ്ചുകള്‍, 20 വിശ്രമ സ്ഥലങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.

കാല്‍നടയാത്രക്കാര്‍ക്കും സൈക്ലിസ്റ്റുകള്‍ക്കും കൂടുതല്‍ സുരക്ഷ നല്‍കുന്നതിനായി, സൈക്കിള്‍ യാത്രക്കാര്‍ക്കായി 6 സൈക്ലിംഗ് കൗണ്ടറുകള്‍ സ്ഥാപിക്കുമെന്ന് അശ്ഗാല്‍ പ്രഖ്യാപിച്ചു, ഒളിമ്പിക് സൈക്ലിംഗ് ട്രാക്കില്‍ 4 ഉം സാധാരണ കാല്‍നടയാത്ര, സൈക്ലിംഗ് ട്രാക്കില്‍ രണ്ടും കൗണ്ടറുകളാണ് സ്ഥാപിക്കുക. കൗണ്ടറുകളില്‍ വിവിധ വിവരങ്ങള്‍ നല്‍കുന്ന ഉപകരണങ്ങളും സംവിധാനങ്ങളുമുണ്ടാകും. ഈ ഉപകരണങ്ങള്‍ അപ്‌ഡേറ്റുചെയ്ത വിവരങ്ങളും തീയതി, സമയം, കാലാവസ്ഥ, താപനില, എന്നിവ പോലുള്ള ഉപയോഗപ്രദമായ ഡാറ്റയും നല്‍കും. മോശം കാലാവസ്ഥ (കാറ്റ് അല്ലെങ്കില്‍ മൂടല്‍മഞ്ഞ്) ട്രാക്കിലുണ്ടാകുന്ന അപകടം എന്നീ സന്ദര്‍ഭങ്ങളില്‍ അലേര്‍ട്ട് സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ഈ ഉപകരണങ്ങള്‍ സഹായിക്കും.

ഒളിമ്പിക് സൈക്ലിംഗ് ട്രാക്കിനൊപ്പം പുതിയ കാല്‍നടയാത്രയും സൈക്ലിംഗ് പാതയും തുറക്കുന്നത് കൂടുതല്‍ അമേച്വര്‍, പ്രൊഫഷണല്‍ അത്ലറ്റുകള്‍ക്ക് സ്പോര്‍ട്സ് പരിശീലനം നടത്താനും ജീവിതശൈലിയില്‍ മാറ്റം വരുത്താനും സഹായിക്കുമെന്ന് അശ്ഗാലിലെ പ്രോജക്ട് അഫയേഴ്സ് ഡയറക്ടര്‍ എഞ്ചിനീയര്‍ യൂസഫ് അല്‍ ഇമാദി പറഞ്ഞു.

2020 ല്‍ 33 കിലോമീറ്റര്‍ നീളവും 7 മീറ്റര്‍ വീതിയുമുള്ള ഓളിംപിക് സൈക്കിളിംഗ് ട്രാക്ക് തുറന്നത് അന്താരാഷ്ട്ര കായിക മത്സരങ്ങള്‍ക്ക് സൗകര്യമൊരുക്കിയിരുന്നു. 29 തുരങ്കങ്ങളും 5 പാലങ്ങളും ഉപയോഗപ്പെടുത്തി മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സഹായകമാകുന്ന രീതിയിലാണ് ഈ ട്രാക്ക് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

ലുസൈല്‍ സ്റ്റേഡിയം, അല്‍ ബെയ്ത് സ്റ്റേഡിയം എന്നിവയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ഈ റോഡ് അല്‍ റയ്യാന്‍ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനൊപ്പം അല്‍ മജദ് റോഡ് വഴി സിമൈസിമ യൂത്ത് സെന്റര്‍, അല്‍ ഖോര്‍ യൂത്ത് സെന്റര്‍, അല്‍ ഖോര്‍ സ്പോര്‍ട്സ് ക്ലബ്, ലുസൈല്‍ സ്പോര്‍ട്സ് കോംപ്ലക്സ്, ദോഹ ഗോള്‍ഫ് ക്ലബ് തുടങ്ങി നിരവധി കായിക സൗകര്യങ്ങളിലേക്കുള്ള ഒരു പ്രധാന കണ്ണിയായും വര്‍ത്തിക്കുന്നു

2020 സെപ്റ്റംബറില്‍, ഏറ്റവും ദൈര്‍ഘ്യമേറിയ സൈക്ലിംഗ് പാതയ്ക്കുള്ള രണ്ട് റെക്കോര്‍ഡുകളും അല്‍ ഖോര്‍ റോഡില്‍ തുടര്‍ച്ചയായി നിര്‍മ്മിച്ച ഏറ്റവും വലിയ അസ്ഫാല്‍റ്റിനും അശ്ഗാല്‍ ലോക റിക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു.കണക്റ്റു ചെയ്ത അസ്ഫാല്‍റ്റ് നടപ്പാതയുടെ നീളം 25. 275 കിലോമീറ്ററായിരുന്നു. 7 മീറ്റര്‍ വീതിയുള്ള 32.869 കിലോമീറ്റര്‍ നീളമുള്ള സൈക്ലിംഗ് പാതക്കാണ് അശ്ഗാല്‍ ലോക റിക്കോര്‍ഡ് നേടിയത്.

Related Articles

Back to top button
error: Content is protected !!