Archived Articles

ഇന്ത്യന്‍ ഫാന്‍സ് ഫിയസ്റ്റ ലോക കിരീടം ബ്രസീലിന്

അമാനുല്ല വടക്കാങ്ങര

ദോഹ: എക്‌സ്പാറ്റ് സ്‌പോര്‍ട്ടീവിന്റെ ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന ഇന്ത്യന്‍ ഫാന്‍സ് ഫിയസ്റ്റയുടെ ഭാഗമായി സംഘടിപ്പിച്ച ഫാന്‍സ് സെവന്‍സ് ടൂര്‍ണ്ണമെന്റില്‍ ബ്രസീല്‍ ജേതാക്കളായി. മിസൈമീര്‍ ഹാമില്‍ട്ടന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണ്ണമെന്റില്‍ എതിരില്ലാത്ത ഒരു ഗോളിന് ഡെന്മാര്‍ക്കിനെ പരാജയപ്പെടുത്തിയാണ് ബ്രസീല്‍ കപ്പുയര്‍ത്തിയത്. ലോകകപ്പ് ആരവങ്ങള്‍ക്ക് ആവേശം പകരാന്‍ ഖത്തറിലേക്ക് ടിക്കറ്റുറപ്പിച്ച ടീമുകളുടെ ഫാന്‍സുകളാണ് അവരുടെ ജഴ്‌സിയില്‍ കളത്തിലിറങ്ങിയത്. സെമി ഫൈനലില്‍ ഖത്തറിനെ ഒരു ഗോളിന് പരാജയപ്പെടുത്തി ബ്രസീല്‍ ഫൈനലില്‍ പ്രവേശിച്ചപ്പോള്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടത്തില്‍ ജര്‍മനിയെ കീഴടക്കിയാണ് ഡെന്മാര്‍ക്ക് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.


ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരനായി ബ്രസീലിന്റെ ജയ് കിഷനെയും ടോപ്പ് സ്കോററായി ബ്രസീലിന്റെ ആന്റണി ബ്യൂട്ടിനെയും മികച്ച ഗോള്‍ക്കീപ്പറായി ഡെന്മാര്‍ക്കിന്റെ റാഷിദിനെയും തെരഞ്ഞെടുത്തു.

ഫാന്‍സ് ഫിയസ്റ്റ ചെയര്‍മാന്‍ സുഹൈല്‍ ശാന്തപുരം ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫിയും നടുമുറ്റം പ്രസിഡണ്ട് സജ്‌ന സാക്കി പ്രൈസ് മണിയും സമ്മാനിച്ചു. ഫാന്‍സ് ഫിയസ്റ്റ ജനറല്‍ കണ്‍വീനര്‍ താസീന്‍ അമീന്‍, ഓര്‍ഗ്ഗനൈസിംഗ് കമ്മറ്റിയംഗങ്ങളായ ഷാനവാസ് ഖാലിദ്, മുഹമ്മദ് കുഞ്ഞി, ഷറഫു വടക്കാങ്ങര, മുഹമ്മദ് റാഫി, സാദിഖ് ചെന്നാടന്‍, സിദ്ദീഖ് വേങ്ങര, രാധാകൃഷ്ണന്‍, റഷീദ് കൊല്ലം, അഹമ്മദ് ഷാഫി, ഷരീഫ് ചിറക്കല്‍, അനസ് ജമാല്‍ തുടങ്ങിയവര്‍ മറ്റ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

നേരത്തെ നൂറുകണക്കിന് പ്രവാസികളെ സാക്ഷിയാക്കി നടന്ന ഉദ്ഘാടന ചടങ്ങില്‍ ഖത്തറിന്റെ ഫൂട്ബാള്‍ ഇതിഹാസ താരങ്ങളും ഫിഫ വേള്‍ഡ് കപ്പ് ഖത്തര്‍ ലെഗസി അമ്പാസഡര്‍മാരുമായ ഖാലിദ് സല്‍മാന്‍ അല്‍ മുഹന്നദി, ഇബ്രാഹീം ഖല്‍ഫാന്‍ തുടങ്ങിയവരും ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിലെ പ്രമുഖരും ഇന്ത്യന്‍ എമ്പസിക്ക് കീഴിലെ അപക്‌സ് ബോഡി ഭാരവാഹികളും പങ്കെടുത്തു.

ഫിയസ്റ്റ ഉദ്ഘാടനത്തോടനുബന്ധിച്ച് കാണികള്‍ക്കും കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു. ക്രയോണ്‍ കളറിങ്ങില്‍ സയാന്‍ മുഹമ്മദ്, നിരഞ്ചന അനൂപ്, അരുഷ് രമേഷ് എന്നിവരും പെന്‍സില്‍ ഡ്രോയിങ്ങില്‍ മുഹമ്മദ് സഫ്വാന്‍, സിയ ഫാതിമ റാസിഖ്, ഇഫ്ഫ ഫാതിമ, നാസ്മിന്‍, വാട്ടര്‍ കളറിംഗില്‍ ഇഷിത ഹരിലാല്‍, മുഹമ്മദ് നാസിം, അമൃത എന്നിവരും യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഫോടോഗ്രഫിയിള്‍ ഇജാസ് അസ്ലം, പ്രിശ ദുധനി എന്നിവര്‍ ജേതാക്കളായി, ഫുട്ബാള്‍ ജഗ്ലിങ്ങില്‍ ആദി, സയാന്‍ സാക്കി എന്നിവര്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ നേടി.

Related Articles

Back to top button
error: Content is protected !!