Archived Articles

ഖുര്‍ആന്‍ മലയാളം റമദാനില്‍ സമ്മാനിക്കാവുന്ന മികച്ച ഉപഹാരം.ഷറഫ് പി. ഹമീദ്

ദോഹ. പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവ് അബ്ദുല്ല യൂസുഫ് അലിയുടെ ഖുര്‍ആനിന്റെ ഇംഗ്‌ളീഷ് പരിഭാഷയെ അടിസ്ഥാനമാക്കി എഴുത്തുകാരനും പത്രാധിപരും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ വി.വി.എ. ശുക്കൂര്‍ തയ്യാറാക്കി ആശയം ഫൗണ്ടേഷന്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്കായി ലഭ്യമാക്കിയ ഖുര്‍ആന്‍ മലയാളം റമദാനില്‍ സമ്മാനിക്കാവുന്ന മികച്ച ഉപഹാരമാണെന്ന് പ്രമുഖ സംരംഭകനും ഖത്തറിലെ സിറ്റി എക്‌സ്‌ചേഞ്ച് സി. ഇ. ഒ. യുമായ ഷറഫ് പി. ഹമീദ് അഭിപ്രായപ്പെട്ടു. മാധ്യമപ്രവര്‍ത്തകനായ ഡോ. അമാനുല്ല വടക്കാങ്ങരയില്‍ നിന്നും ഖുര്‍ആന്‍ മലയാളത്തിന്റെ കോപ്പി സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുഗമമായ വായന ഉറപ്പുവരുത്തുന്ന ഖുര്‍ആന്‍ മലാളത്തിന്റെ ശൈലി ഏറെ ആകര്‍ഷകമാണ്. ഏത് കാലത്തും പ്രസക്തവും പ്രധാനവുമായ ഈ സംരംഭത്തിന് പരിശുദ്ധ റമദാനില്‍ പ്രസക്തിയേറെയാണെന്ന് അദ്ദേഹം പറഞ്ഞു.

ഖുര്‍ആന്‍ മലയാളം വിവര്‍ത്തന-പ്രസാധനപദ്ധതി ആശയം ഫൗണ്ടേണ്ടഷന്റെ ലാഭേച്ഛയില്ലാത്ത സംരംഭമാണ്. കേരള സര്‍കാരില്‍ രജിസ്റ്റര്‍ ചെയ്ത ചാരിറ്റബിള്‍ ട്രസ്റ്റാണ് ആശയം ഫൗണ്ടേണ്ടഷന്‍. ഖുര്‍ആനിക സന്ദേശങ്ങള്‍ വിശാല ജനസമൂഹങ്ങളിലേക്ക് എത്തിക്കുകയാണ് ട്രസ്റ്റിന്റെ സുപ്രധാന ലക്ഷ്യങ്ങളിലൊന്ന്. പൊതുവായ വിജ്ഞാനവ്യാപനം, വിദ്യാഭ്യാസ സഹായനടപടികള്‍, ജീവകാരുണ്യ-മനുഷ്യോപകാര പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് ഇതര ലക്ഷ്യങ്ങള്‍.

ഖുര്‍ആന്‍ മലയാളം ശരിക്കും നമ്മുടെ പതിവ് ഖുര്‍ആന്‍ വിവര്‍ത്തനങ്ങളില്‍ നിന്നുള്ള ഒരു മാറിനടക്കലാണ് – ഭാഷയിലും ശൈലിയിലും അവതരണത്തിലും വായനാസൗഹൃദ സമീപനത്തിലും എല്ലാം. മലയാളികള്‍ അവരുടെ സാഹിത്യ-അക്കാദമിക വ്യവഹാരങ്ങളില്‍ സാധാരണ ഉപയോഗിക്കുന്ന മലയാളമാണ് ഇതിലുടനീളം ഉപയോഗിച്ചിരിക്കുന്നത്. മത-സാമുദായിക പ്രത്യേകതയുള്ളതോ, മറ്റുള്ളവര്‍ക്ക് അപരിചിതമായതോ, പൊതുവായനക്കാരെ ഖുര്‍ആനിന്റെ സൗന്ദര്യത്തില്‍ നിന്നും സമ്പന്നതയില്‍ നിന്നും അകറ്റാന്‍ കാരണമാകുന്നതോ ആയ പ്രയോഗങ്ങളും ശൈലികളും ഈ വിവര്‍ത്തനത്തില്‍ കഴിവതും ഒഴിവാക്കിയിരിക്കുന്നു. വായനയുടെ ഒഴുക്കിനും സൗന്ദര്യത്തിനും ഭംഗം വരുത്താതെയുള്ള വിവര്‍ത്തനം ഖുര്‍ആനിക ശൈലികളുടേയും ഭാഷയുടേയും സൗന്ദര്യം കൂടുതല്‍ അനുഭവവേദ്യമാക്കുന്നു. മാനവരാശിയുടെ മാര്‍ഗദര്‍ശനമായ ഈ ഗ്രന്ഥം കൂടുതലാളുകളിലേക്ക് എത്തിക്കുന്നതിനും സര്‍ഗാത്മകമായ സംവാദങ്ങള്‍ക്കും ഖുര്‍ആന്‍ മലയാളം കാരണമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Related Articles

Back to top button
error: Content is protected !!