2022 ഫിഫ ലോകകപ്പ് സമയത്ത് സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനായി റോഡ് മാനേജ്മെന്റ് സെന്ററുമായി അശ്ഗാല്‍
അമാനുല്ല വടക്കാങ്ങര
ദോഹ: മധ്യ പൗരസ്ത്യ ദേശത്ത് ആദ്യമായി നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് സമയത്ത് സുഗമമായ ഗതാഗതം നിരീക്ഷിക്കുന്നതിനും ഉറപ്പാക്കുന്നതിനും താല്‍ക്കാലിക ട്രാഫിക് നിയന്ത്രണ കേന്ദ്രത്തെ പിന്തുണയ്ക്കുന്നതിനായി പൊതുമരാമത്ത് അതോറിറ്റി (അശ്ഗാല്‍) റോഡ് മാനേജ്മെന്റ് സെന്റര്‍ വിന്യസിക്കുമെന്ന് ഓപ്പറേഷന് ലീഡര്‍ അബ്്ദുല്ല അല്‍ ഖഹ്താനി അഭിപ്രായപ്പെട്ടു. ലോകകപ്പിനുള്ള അശ്ഗാലിന്റെ തയ്യാറെുപ്പുകളെക്കുറിച്ച് ഖത്തര്‍ റേഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ട്രാഫിക് ഫ്ളോ ഉറപ്പാക്കുന്നതിനും ആരാധകരെ സ്റ്റേഡിയങ്ങളിലേക്ക് നയിക്കുന്നതിനുമായി വിപുലമായ സിസിടിവി ക്യാമറകളും ഇലക്ട്രോണിക് ട്രാഫിക് സൈന്‍ബോര്‍ഡുകളും സ്ഥാപിക്കും. കൂടാതെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനും ട്രാഫിക് പ്ലാനുകളിലെ മാറ്റങ്ങളോട് വേഗത്തില്‍ പ്രതികരിക്കുന്നതിനുമായി അശ്ഗാലിന്റെ റോഡ് മാനേജ്മെന്റ് സെന്ററിനെ താല്‍ക്കാലിക ട്രാഫിക് കണ്ട്രോള് സെന്ററുമായി ബന്ധിപ്പിക്കും.
സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി , ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്പ്പറേഷന് , ഖത്തര്‍ റെയില്‍ തുടങ്ങിയ മറ്റ് പങ്കാളികളുമായി ഏകോപിപ്പിച്ച് മെഗാ സ്പോര്‍ട്സ് ഇവന്റില്‍ ആരാധകരെ സ്വാഗതം ചെയ്യാന്‍ അശ്ഗാല്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ലോകകപ്പ് ആതിഥേയത്വം വഹിക്കുന്നതില്‍ അശ്ഗാലിന്റെ പങ്ക് പ്രവര്‍ത്തനക്ഷമമാണ്, അത് മൂന്ന് ഘട്ടങ്ങളായുള്ള പ്രവര്‍ത്തന പദ്ധതികളായി തിരിച്ചിരിക്കുന്നു – ഇവന്റിന് മുമ്പും സമയത്തും ശേഷവും,’ അല്‍ ഖഹ്താനി പറഞ്ഞു.
ടൂര്‍ണമെന്റിന്റെ തീയതി പ്രഖ്യാപിച്ചതിന് ശേഷം, ലോകകപ്പ് സ്റ്റേഡിയങ്ങള്‍ക്ക് ചുറ്റുമുള്ള എല്ലാ റോഡുകളും സര്‍വേ ചെയ്യാന്‍ അശ്ഗാല്‍ ഒരു ടീമിനെ സജ്ജമാക്കി.’റോഡ്, സൈന്‍ബോര്‍ഡുകള്‍, സുരക്ഷാ തടസ്സങ്ങള്‍, ഡ്രെയിനേജ് സിസ്റ്റം, തെരുവ് വിളക്കുകള്‍, ട്രാഫിക് സിഗ്നലുകള്‍, കാല്‍നട ക്രോസിംഗ് എന്നിവയുടെ ഗുണനിലവാരം പരിശോധിക്കുകയാണ് ഈ ടീമിന്റെ പ്രധാന ദൗത്യം.
സര്‍വേ ഫലത്തെത്തുടര്‍ന്ന് റോഡ് ഉപയോഗിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തിയതായി അദ്ദേഹം പറഞ്ഞു.
”ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്ക്,സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി എന്നിവയുമായി ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച്, റോഡ് ഉപയോക്താക്കള്‍ക്ക് – പൗരന്മാര്ക്കും വിദേശികള്‍ക്കും കായിക മത്സരങ്ങളില്‍ ബദല്‍ വഴികള്‍ കണ്ടെത്തുന്നതിന് എല്ലാ റോഡ് അടച്ചുപൂട്ടലുകളുടെയും വഴിതിരിച്ചുവിടലുകളുടെയും കണക്കെടുക്കാനും സര്‍വേ നടത്തി. ‘സര്‍വേയുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട പ്രദേശങ്ങളില്‍ സുഗമമായ ഗതാഗതം ഉറപ്പുവരുത്തുന്നതിനാവശ്യമായ പ്രവര്‍ത്തന പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘രണ്ടാം ഘട്ട പ്രവര്‍ത്തന പദ്ധതിയെ തുടര്‍ന്നുള്ള സാഹചര്യം പരിഹരിക്കുന്നതിന് – ടൂര്‍ണമെന്റിനിടെ – സ്റ്റേഡിയങ്ങളിലേക്കും പാര്‍ക്കിംഗ് ഏരിയകളിലേക്കും എത്തിച്ചേരാനുള്ള മികച്ച വഴികളിലേക്ക് ആരാധകരെ നയിക്കാന്‍ ഇലക്ട്രോണിക് റോഡ് സൈന്‍ബോര്‍ഡുകള്‍ ഉപയോഗിക്കും,’
ടണലുകളിലും ഹൈവേകളിലും ഫ്ളൈ ഓവറുകളിലും സ്ഥാപിച്ചിട്ടുള്ള ഇലക്ട്രോണിക് ട്രാഫിക് സൈന്‍ബോര്‍ഡുകള്‍ മത്സരങ്ങള്‍ക്കായി കൃത്യസമയത്ത് സ്റ്റേഡിയത്തിലെത്താന്‍ ആരാധകരെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.