ഖത്തര്‍ എയര്‍വേയ്സും ഇന്‍ഡിഗോയും സ്ട്രാറ്റജിക് സഹകരണം സജീവമാക്കുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ: കോവിഡ് മഹാമാരിയെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി നിര്‍ത്തിവെച്ചിരുന്ന സാധാരണ ഗതിയിലുള്ള അന്താരാഷ്ട്ര വിമാനങ്ങളുടെ വിലക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ പിന്‍വലിച്ചതിന് പിന്നാലെ ഖത്തര്‍ എയര്‍വേയ്സും ഇന്‍ഡിഗോയും തങ്ങളുടെ തന്ത്രപരമായ സഹകരണം വീണ്ടും സജീവമാക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട് .
ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ, കൊച്ചി, കോഴിക്കോട്, അഹമ്മദാബാദ്, അമൃത്സര്‍, ഗോവ, കൊല്‍ക്കത്ത, തിരുവനന്തപുരം എന്നിങ്ങനെ ഇന്ത്യയിലെ 12 സ്ഥലങ്ങളിലേക്കും തിരിച്ചും ആഴ്ചയില്‍ 190 വിമാനങ്ങളാണ് ഖത്തര്‍ എയര്‍വേയ്സ് നിലവില്‍ സര്‍വീസ് നടത്തുന്നത്. ഇന്‍ഡിഗോ നിലവില്‍ ദോഹയ്ക്കും മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ എട്ട് നഗരങ്ങള്‍ക്കുമിടയില്‍ ആഴ്ചയില്‍ 154 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്.
ഖത്തര്‍ എയര്‍വേയ്സും ഇന്‍ഡിഗോയും തമ്മിലുള്ള വിപുലീകരിച്ച കോഡ്-ഷെയര്‍ കരാറിന്റെ ഭാഗമായി, ദോഹയ്ക്കും ഡല്‍ഹിക്കും മുംബൈയ്ക്കും ഹൈദരാബാദിനുമിടയില്‍ 2022 ഏപ്രില്‍ 25 മുതലും ചെന്നൈ, ബംഗളൂരു, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ മെയ് 9 മുതലും ഇന്‍ഡിഗോ നടത്തുന്ന വിമാനങ്ങളില്‍ ഖത്തര്‍ എയര്‍വേയ്സ് മാര്‍ക്കറ്റിംഗ് കോഡ് സ്ഥാപിക്കും.
ഖത്തര്‍ എയര്‍വേയ്സ്, ഇന്‍ഡിഗോ വിമാനങ്ങള്‍ ഖത്തര്‍ എയര്‍വേയ്സിന്റെ ഹബ്ബായ ദോഹയിലെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുമായി മികച്ച രീതിയില്‍ ബന്ധിപ്പിച്ചിരിക്കുന്നു. വടക്കേ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ/ഓസ്ട്രേലിയ എന്നിവയുള്‍പ്പെടെ എയര്‍ലൈനിന്റെ മുഴുവന്‍ റൂട്ട് നെറ്റ്വര്‍ക്കുകളിലേക്കും തടസ്സങ്ങളില്ലാത്തതും സൗകര്യപ്രദവുമായ കണക്ഷനുകളില്‍ നിന്ന് പ്രയോജനം നേടാന്‍ ഇത് യാത്രക്കാരെ അനുവദിക്കുന്നു.
ഇന്‍ഡിഗോയുമായുള്ള ഞങ്ങളുടെ തന്ത്രപരമായ പങ്കാളിത്തം ഖത്തറും ഇന്ത്യയും തമ്മിലുള്ള വ്യോമയാന വികസനത്തിലെ മറ്റൊരു നാഴികക്കല്ലാണെന്ന് ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു. ഖത്തര്‍ എയര്‍വേയ്സും ഇന്‍ഡിഗോയും സ്ട്രാറ്റജിക് സഹകരണത്തിലൂടെ ഇന്ത്യയിലെ 13 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആഴ്ചയില്‍ 340 സര്‍വീസുകള്‍ നടത്തും. . ഇന്‍ഡിഗോയുമായുള്ള ഞങ്ങളുടെ പങ്കാളിത്തം കൂടുതല്‍ ശക്തമാക്കുന്നതും തന്ത്രപരമായ സഹകരണം പുനരാരംഭിക്കുന്നതും മഹാമാരിയുടെ വെല്ലുവിളികളെ തരണം ചെയ്യുന്നതില്‍ ഇരു പങ്കാളികളും കാണിച്ച ദൃഢതയും ചടുലതയും പ്രതിബദ്ധതയും പ്രകടമാക്കുന്നതാണ് .
ലോകത്തിലെ അതിവേഗം വളരുന്ന എയര്‍ലൈനുകളിലൊന്നായ ഖത്തര്‍ എയര്‍വേയ്സുമായുള്ള ഞങ്ങളുടെ കോഡ്-ഷെയര്‍ കരാര്‍ വീണ്ടും സജീവമാക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന് ഇന്‍ഡിഗോയുടെ ഹോള്‍ടൈം ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ റോണോജോയ് ദത്ത പ്രതികരിച്ചു. ” ഈ ശക്തമായ പങ്കാളിത്തം ഉപഭോക്താക്കള്‍ക്കുള്ള അവസരങ്ങള്‍ വിപുലീകരിക്കുക മാത്രമല്ല, ഇരു രാജ്യങ്ങളിലെയും വ്യാപാരവും വിനോദസഞ്ചാരവും വര്‍ദ്ധിപ്പിക്കുമെന്നും ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിലൂടെ, ഇന്‍ഡിഗോയുടെ തടസ്സമില്ലാത്ത രാജ്യവ്യാപക കണക്റ്റിവിറ്റിയിലൂടെ ഇത് സാമ്പത്തിക വളര്‍ച്ച സൃഷ്ടിക്കുമെന്ന വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലേക്കും തിരിച്ചുമുള്ള വേഗതയേറിയതും സൗകര്യപ്രദവുമായ കണക്ഷനുകള്‍ക്ക് പുറമേ, ഇന്‍ഡിഗോ നടത്തുന്ന എല്ലാ കോഡ്-ഷെയര്‍ ഫ്‌ളൈറ്റുകളിലും ഖത്തര്‍ എയര്‍വേയ്സിന്റെ ലോയല്‍റ്റി പ്രോഗ്രാം പ്രിവിലേജ് ക്ലബ്ബിലെ അംഗങ്ങള്‍ക്ക് എവിയോസ് പോയന്റുകള്‍ നേടാനാകും. അതുപോലെതന്നെ , ഖത്തര്‍ എയര്‍വേയ്സിന്റെ ഉദാരമായ ലഗേജ് നിയമങ്ങള്‍, അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് പ്രത്യേകിച്ചും എല്ലാ കോഡ്-ഷെയര്‍ ഫ്‌ളൈറ്റുകളിലും ബാധകമാണ്.