നാലു ദിവസത്തെ ഈദാഘോഷ പരിപാടികളുമായി കത്താറ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഈദുല്‍ ഫിത്വര്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും അവിസ്മരണീയമാക്കുവാന്‍ നാലു ദിവസത്തെ വൈവിധ്യമാര്‍ന്ന ഈദാഘോഷ പരിപാടികളുമായി കത്താറ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍ രംഗത്ത്.
ഈദിന്റെ സന്തോഷവും ആഹ്‌ളാദവും പ്രതിഫലിപ്പിക്കുന്ന തരത്തില്‍ കത്താറയുടെ പരിസരവും തെരുവുകളും അലങ്കരിക്കുന്നതിനൊപ്പം എല്ലാ വിഭാഗങ്ങളെയും പ്രായക്കാരെയും ആകര്‍ഷിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് ആസൂത്രണം ചെയ്യുന്നതെന്ന് കത്താറ പ്രസ്താവനയില്‍ പറഞ്ഞു. കത്താറ ബീച്ചില്‍ വൈകിട്ട് 4 മുതല്‍ രാത്രി 9 വരെയാണ് പരിപാടികള്‍.
മാനത്ത് വര്‍ണവൈവിധ്യങ്ങള്‍ വാരിയെറിയുന്ന കരിമരുന്ന് പ്രയോഗമടക്കം അത്യാകര്‍ശകമായ പരിപാടികളാണ് അണിയിച്ചൊരുക്കുന്നത്.
ഈദ് ദിനങ്ങളില്‍ കുട്ടികള്‍ക്കായി ഈദ് സമ്മാനങ്ങള്‍ വിതരണം ചെയ്യും. കൂടാതെ, കത്താറയിലെ സന്ദര്‍ശകര്‍ക്ക് കത്താറ കോര്‍ണിഷില്‍ അഞ്ച് അറബ് നാടോടി ഗ്രൂപ്പുകള്‍ അവതരിപ്പിക്കുന്ന രസകരമായ ഷോകള്‍ ആസ്വദിക്കാം, പങ്കെടുക്കുന്ന രാജ്യങ്ങളുടെ സംസ്‌കാരവും പൈതൃകവും പ്രതിഫലിപ്പിക്കുന്ന കലാസാംസ്‌കാകാരിക പരിപാടികള്‍ ആസ്വാദകര്‍ക്ക് വേറിട്ട അനുഭവമാകും.
ബില്‍ഡിംഗ് 41 ലെ അല്‍ തുരായ പ്ലാനറ്റോറിയം ഈദുല്‍ ഫിത്തറിന്റെ രണ്ടാം ദിവസം മുതല്‍ പ്രതിദിനം മൂന്ന് പ്രദര്‍ശനങ്ങളോടെ ആരംഭിക്കുന്ന നിരവധി വിനോദ, വിദ്യാഭ്യാസ സിനിമകള്‍ അവതരിപ്പിക്കും.
മെയ് 10 മുതല്‍ 14 വരെ കത്താറ ഡ്രാമ തിയേറ്ററില്‍ നാടകം അരങ്ങേറും.
സന്ദര്‍ശകര്‍ക്ക് കത്താറ ബീച്ചിലെ കടലും മണലും അവിടെ നടക്കുന്ന വിവിധ പരിപാടികളും ആസ്വദിക്കാം. കുട്ടികളുടെ സുരക്ഷയും സൗകര്യവും ഉറപ്പുവരുത്തുന്ന കളിസ്ഥലത്ത് വിവിധ ഗെയിമുകള്‍ സജ്ജീകരിക്കും.