Archived Articles

അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിലെ താര സാന്നിധ്യമായി ഖത്തര്‍

അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിലെ താര സാന്നിധ്യമായി ഖത്തര്‍

അമാനുല്ല വടക്കാങ്ങര

ദോഹ: ടൂറിസം രംഗത്തെ പ്രതീക്ഷകളും സാധ്യതകളും പ്രദര്‍ശിപ്പിക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന് ഇന്നലെ ദുബൈ വേള്‍ഡ് സെന്ററില്‍ തുടക്കമായപ്പോല്‍ താര സാന്നിധ്യമായി ഖത്തര്‍ .ഗള്‍ഫ് ഉപരോധവും തുടര്‍ന്നുവന്ന കോവിഡ് ഭീഷണിയും കാരണം വര്‍ഷങ്ങളുടെ ഇടവേളക്ക്് ശേഷം ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ ട്രാവല്‍ ആന്റ് ടൂറിസം എക്സ്പോ ആയ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ മികച്ച പങ്കാളിത്തവുമായാണ് ഖത്തര്‍ ശ്രദ്ധ നേടുന്നത്.
ഖത്തര്‍ എയര്‍വേയ്സിന്റേയും ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റേയും പാറിപറക്കുന്ന കൊടികളാണ് പ്രവേശന കവാടത്തില്‍ സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നത്.

അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ ഖത്തറില്‍ നിന്നുള്ള 32 സ്വകാര്യ, പൊതുമേഖലാ പങ്കാളികളുടെ പ്രതിനിധി സംഘത്തെ നയിച്ച് ഖത്തര്‍ ടൂറിസം പങ്കെടുക്കുന്നുവെന്നത് ഏറെ ശ്രദ്ധേയമാണ് .
ഹാള്‍ നമ്പര്‍ 1 ല്‍ സ്ഥാനം പിടിച്ച ഖത്തര്‍ ടൂറിസത്തിന്റെ വിസ്റ്റ് ഖത്തറും ഖത്തര്‍ എയര്‍വേയ്സും നിരവധി സന്ദര്‍ശകരെ ആകര്‍ഷിച്ചു.
ഖത്തറിലെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലുകളും ടൂറിസം കമ്പനികളുടേയും സാന്നിധ്യം അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിലെ ശ്രദ്ധേയമായ സാന്നിധ്യമാണ് . വിസിറ്റ് ഖത്തര്‍ പവലിയനില്‍ ഖത്തരീ കാലിഗ്രാഫി ആര്‍ട്ടിസ്റ്റ് താമിര്‍ അല്‍ ദോസരി ലൈവ് കാലിഗ്രഫി നൂറുകണക്കിന് സന്ദര്‍ശകരെ ആകര്‍ഷിച്ചു.

ഫിഫ 2022 ലോക കപ്പിന് ആതിഥ്യമരുളുവാന്‍ ഖത്തര്‍ തയ്യാറെടുക്കുന്ന ഈ വര്‍ഷത്തെ പ്രദര്‍ശനത്തിന് വമ്പിച്ച പ്രാധാന്യമുണ്ട്. ഖത്തറിന് അതിന്റെ ടൂറിസം വ്യവസായത്തിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനും അതിന്റെ ഏറ്റവും പുതിയ ടൂറിസം, ഹോസ്പിറ്റാലിറ്റി ഓഫറുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുമുള്ള മികച്ച അവസരമാണ് അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് നല്‍കുന്നതെന്ന് ഖത്തര്‍ ടൂറിസം സിഒഒ ബെര്‍ത്തോള്‍ഡ് ട്രെന്‍കെല്‍ അഭിപ്രായപ്പെട്ടു. സാമ്പത്തികവും രാഷ്ട്രീയവുമായ മാറ്റങ്ങളെ അഭിമുഖീകരിക്കുന്ന ആഗോള ടൂറിസം മേഖല പ്രതിരോധത്തിന്റെ മുന്നേറ്റമാണ് നടത്തുന്നത്. ടൂറിസം വ്യവസായത്തിലെ സഹയാത്രികരുമായി വീണ്ടും കണക്റ്റുചെയ്യാനും മേഖലയിലെ ഏറ്റവും വലിയ ട്രാവല്‍ മാര്‍ക്കറ്റില്‍ പുതിയ പങ്കാളിത്തം ഉണ്ടാക്കാനും ഈ കാലയളവില്‍ ഞങ്ങള്‍ പിന്തുടര്‍ന്ന നൂതനമായ ചില പരിഹാരങ്ങള്‍ പ്രദര്‍ശിപ്പിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.

750 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഖത്തറിന്റെ ഡബിള്‍ ഡെക്ക്ഡ് പവലിയനില്‍, ദേശീയ വിമാനക്കമ്പനിയായ ഖത്തര്‍ എയര്‍വേയ്സിന് പുറമേ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുടെയും ഡിസ്‌കവര്‍ ഖത്തര്‍ പോലുള്ള ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കമ്പനികളുടെയും പങ്കാളിത്തമുണ്ട്.

ഖത്തര്‍ ടൂറിസത്തിന്റെ ഹോളിഡേ ഹോമുകള്‍ക്ക് വഴിയൊരുക്കിയ പുതിയ നിയന്ത്രണങ്ങള്‍ മുതല്‍, പ്രാദേശിക വീട്ടുടമകള്‍ക്ക് അവരുടെ ഒഴിഞ്ഞ വീടുകള്‍ ജനപ്രിയ അവധിക്കാല വാടക വെബ്സൈറ്റുകളില്‍ ലിസ്റ്റ് ചെയ്യാന്‍ കഴിയുന്ന പ്രോഗ്രാം, വിന്റര്‍ വണ്ടര്‍ലാന്‍ഡ് പോലുള്ള ആകര്‍ഷണങ്ങള്‍ ദോഹയിലേക്ക് കൊണ്ടുവരുന്ന പുതിയ മള്‍ട്ടി മില്യണ്‍ ഡോളര്‍ പ്രോജക്റ്റുകള്‍ , പ്ലേസ് വെന്‍ഡോം പോലുള്ള മിക്‌സഡ്-ഉപയോഗ ലക്ഷ്വറി വികസനങ്ങള്‍ തുടങ്ങിയ ഖത്തര്‍ ടൂറിസം പ്രദര്‍ശിപ്പിക്കും.

2030-ഓടെ സന്ദര്‍ശകരുടെ എണ്ണം 6 ദശലക്ഷമായി വര്‍ദ്ധിപ്പിക്കുക എന്നതാണ് ഖത്തര്‍ ടൂറിസത്തിന്റെ തന്ത്രം, ഇത് അന്താരാഷ്ട്ര സന്ദര്‍ശകര്‍ക്കായി മിഡില്‍ ഈസ്റ്റിലെ അതിവേഗം വളരുന്ന ലക്ഷ്യസ്ഥാനമായി ഖത്തറിനെ മാറ്റുന്നു.

വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് ഇവന്റുകളുടെ ഭാഗമായി നാല് ഭൂഖണ്ഡങ്ങളിലായി നടക്കുന്ന ആറ് വാര്‍ഷിക ബിസിനസ്സ് ടു ബിസിനസ് ഇവന്റുകളില്‍ ഒന്നാണ് എടിഎം. ഇത് 2.5 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള യാത്രാ വ്യവസായ ഡീലുകള്‍ സുഗമമാക്കുകയും തത്സമയ, വെര്‍ച്വല്‍ ഇവന്റുകളിലൂടെ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് എക്‌സിബിറ്റര്‍മാരെയും ട്രാവല്‍ ട്രേഡ് സന്ദര്‍ശകരെയും ആകര്‍ഷിക്കുകയും ചെയ്യുന്നു.

അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് 2022 ‘അന്താരാഷ്ട്ര യാത്രയുടെയും ടൂറിസത്തിന്റെയും ഭാവി’ എന്ന വിഷയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കോവിഡാനന്തര ലോകത്തെ ടൂറിസം സാധ്യതകളും സാഹചര്യങ്ങളുമാകും പ്രധാന ചര്‍ച്ചാ വിഷയം. കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച മേഖലയായിരുന്നു ട്രാവല്‍ ആന്റ് ടൂറിസം മേഖല.

1,500 പ്രദര്‍ശകരും 112 ആഗോള ലക്ഷ്യസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ 20,000 ലധികം സന്ദര്‍ശകരെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. മെയ് 9 മുതല്‍ 12 വരെയുള്ള തത്സമയ ഷോയ്ക്ക് ശേഷം മെയ് 17, 18 തിയ്യതികളില്‍ എടിഎം വെര്‍ച്വലും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ , ദുബായിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമി ആന്‍ഡ് ടൂറിസം എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന എടിഎമ്മിന്റെ 29-ാമത് പതിപ്പ് യുഎഇയുടെ വാര്‍ഷിക അറേബ്യന്‍ ട്രാവല്‍ വീക്കിന്റെ അവിഭാജ്യ ഘടകമായിരിക്കും.

‘അന്താരാഷ്ട്ര യാത്രയുടെയും വിനോദസഞ്ചാരത്തിന്റെയും ഭാവി’ എന്ന ഈ വര്‍ഷത്തെ പ്രമേയത്തിന് അനുസൃതമായി, എടിഎം 2022 വൈവിധ്യമാര്‍ന്ന ചര്‍ച്ചാസെഷനും ഇവന്റുകളും സംഘടിപ്പിക്കുന്നുണ്ട്. ഇത് ലോകമെമ്പാടുമുള്ള യാത്ര, ഗതാഗതം, വിനോദസഞ്ചാരം, ആതിഥ്യം, ഇവന്റുകള്‍ എന്നിവയുമായി ബന്ധപ്പെട്ട വ്യവസായ പ്രൊഫഷണലുകള്‍ക്ക് നിലവിലെ ട്രെന്‍ഡുകള്‍ ചര്‍ച്ച ചെയ്യാനും ഈ മേഖലകളിലെ ദീര്‍ഘകാല അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യാനും സഹായകമാകും.

 

Related Articles

Back to top button
error: Content is protected !!