ഫിഫ ലോകകപ്പ് ഖത്തര്‍ 2022 പ്ലേ ഓഫ് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ ഇന്നുമുതല്‍
റഷാദ് മുബാറക്
ദോഹ. ഖത്തറിലെ അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ നടക്കുന്ന അവസാന മൂന്ന് ഫിഫ ലോകകപ്പ് ഖത്തര്‍ 2022 പ്ലേ-ഓഫ് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ മെയ് 26 വ്യാഴാഴ്ച ദോഹ സമയം 15:00 മുതല്‍ ലഭ്യമാകുമെന്ന് അന്താരാഷ്ട്ര ഫുട്ബോള്‍ അസോസിയേഷന്‍ (ഫിഫ) അറിയിച്ചു.
ജൂണ്‍ 7 ന് ഓസ്‌ട്രേലിയയും യുഎഇയും തമ്മിലുള്ള എ.എഫ്സി പ്ലേ-ഓഫിലെ വിജയികള്‍ ജൂണ്‍ 13 ന് ഇന്റര്‍കോണ്ടിനെന്റല്‍ പ്ലേ-ഓഫിലെ നിര്‍ണായകമായ മല്‍സരത്തില്‍ പെറുവിനെ നേരിടും.
ജൂണ്‍ 14 ന് കോസ്റ്ററിക്ക ന്യൂസിലന്‍ഡിനെ നേരിടും.
മൂന്ന് മത്സരങ്ങള്‍ക്കുള്ള പൊതു പ്രവേശന ടിക്കറ്റുകള്‍ (tickets.qfa.qa) വഴിയാണ് ലഭിക്കുക. ക്രെഡിറ്റ് കാര്‍ഡ് വഴി മാത്രമേ ടിക്കറ്റുകള്‍ വാങ്ങാന്‍ കഴിയൂ.
ആരാധകര്‍ക്ക് പ്രിന്റ് അറ്റ് ഹോം ടിക്കറ്റുകളോ ഇ-ടിക്കറ്റുകളോ ഉപയോഗിക്കാം. മൂന്ന് ഗെയിമുകളും ഖത്തറില്‍ പ്രാദേശിക സമയം 21:00 ന് ആരംഭിക്കും.
നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സ്, ഡെന്മാര്‍ക്ക്, ടുണീഷ്യ എന്നിവര്‍ക്കൊപ്പം ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് ഡിയില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാന്‍ ഓസ്‌ട്രേലിയ, യുഎഇ അല്ലെങ്കില്‍ പെറു എന്നിവര്‍ക്ക് അവസരമുണ്ട്.
ന്യൂസിലന്‍ഡുമായുള്ള കോസ്റ്ററിക്കയുടെ മത്സരത്തിലെ വിജയികള്‍ 2010 ഫിഫ ലോകകപ്പ് ജേതാക്കളായ സ്പെയിന്‍, 2014 ചാമ്പ്യന്മാരായ ജര്‍മ്മനി, ജപ്പാന്‍ എന്നിവരോടൊപ്പം ഗ്രൂപ്പ് ഇയിലേക്ക് യോഗ്യത നേടും.