2023, 24 വര്‍ഷങ്ങളില്‍ ജി.സി.സിയില്‍ കൂടുതല്‍ സാമ്പത്തിക വളര്‍ച്ച ഖത്തറിലായിരിക്കുമെന്ന് ലോക ബാങ്ക് റിപ്പോര്‍ട്ട്
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ ലോക കപ്പിനോടനുബന്ധിച്ച് ഖത്തറിന്റെ സമ്പദ്വ്യവസ്ഥയില്‍ വമ്പിച്ച പുരോഗതിയുണ്ടാകുമെന്നും 2023, 24 വര്‍ഷങ്ങളില്‍ ജി.സി.സിയില്‍ കൂടുതല്‍ സാമ്പത്തിക വളര്‍ച്ച ഖത്തറിലായിരിക്കുമെന്നും ലോക ബാങ്ക് റിപ്പോര്‍ട്ട് .
ലോകബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, യഥാര്‍ത്ഥ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 2022-ല്‍ 4.9 ശതമാനവും തുടര്‍ന്ന് 2023-ലും 2024-ലും യഥാക്രമം 4.5 ശതമാനവും 4.4 ശതമാനവും വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഖത്തറിന്റെ സുസ്ഥിരവും വീണ്ടെടുക്കാന്‍ നൈസര്‍ഗിക ശേഷിയുള്ളതുമായ സമ്പദ്വ്യവസ്ഥ അതിവേഗം വളരുകയാണ്. രാജ്യത്തിന്റെ ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനം, വിശാലമായ ഹൈഡ്രോകാര്‍ബണ്‍ കരുതല്‍ ശേഖരം, ശക്തമായ സാമ്പത്തിക അടിസ്ഥാനങ്ങള്‍ എന്നിവ അതിന്റെ ശക്തമായ ക്രെഡിറ്റ് പ്രൊഫൈലിനെ പിന്തുണയ്ക്കുന്നു.
ലോകബാങ്കിന്റെ ജൂണിലെ ഏറ്റവും പുതിയ ഗ്ലോബല്‍ ഇക്കണോമിക് പ്രോസ്‌പെക്ട്‌സ് റിപ്പോര്‍ട്ടനുസരിച്ച് ആഗോളതലത്തില്‍ ജിഡിപി വളര്‍ച്ച കുറയുകയാണെങ്കിലും (2.9 ശതമാനം) ഖത്തറിന്റെ ജിഡിപി വളര്‍ച്ച 2022ല്‍ 4.9 ശതമാനമായി ഉയരുമെന്നാണ് വിലയിരുത്തുന്നത്. 2023ലും 2024ലും ജിസിസിയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥ ഖത്തറായിരിക്കുമെന്ന പ്രവചനവും റിപ്പോര്‍ട്ട് ആവര്‍ത്തിക്കുന്നു.