Breaking News

ഫിഫയുടെ അനുമതിയില്ലാതെ ടിക്കറ്റുകള്‍ വില്‍ക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്താല്‍ 250,000 റിയാല്‍ വരെ പിഴ

റഷാദ് മുബാറക്

ദോഹ: ലോകകപ്പ് ആതിഥേയത്വം വഹിക്കുന്നതിനുള്ള നടപടികള്‍ സംബന്ധിച്ച 2021 ലെ നിയമ നമ്പര്‍ (10) അനുസരിച്ച്, ഫിഫയുടെ അനുമതിയില്ലാതെ ടിക്കറ്റ് ഇഷ്യൂ ചെയ്യുന്നതോ വില്‍ക്കുന്നതോ റീ സെയില്‍ ചെയ്യുന്നതോ എക്സ്ചേഞ്ച് ചെയ്യുന്നതോ ആയ ആര്‍ക്കും 250,000 റിയാല്‍ വരെ പിഴ ചുമത്താമെന്ന് ഖത്തര്‍ നീതിന്യായ മന്ത്രാലയം ട്വിറ്റ് ചെയ്തു.

ഫിഫ വെബ്സൈറ്റിലെ വിവരണമനുസരിച്ച്, ഫിഫ ടിക്കറ്റുകള്‍ നേരിട്ടോ ഓണ്‍ലൈനായോ, വില്‍പ്പനയ്ക്ക് ഓഫര്‍ ചെയ്യുകയോ വില്‍ക്കുകയോ ലേലത്തില്‍ ഓഫര്‍ ചെയ്യുകയോ നല്‍കുകയോ കൈമാറുകയോ കൈമാറ്റം ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ് .

പരസ്യങ്ങള്‍, പ്രമോഷനുകള്‍, പ്രോത്സാഹന പരിപാടികള്‍, സ്വീപ്സ്റ്റേക്കുകള്‍, മത്സരങ്ങള്‍, സമ്മാനങ്ങള്‍ റാഫിളുകള്‍ ,ഹോട്ടല്‍, ഫ്‌ളൈറ്റ്, ഹോസ്പിറ്റാലിറ്റി അല്ലെങ്കില്‍ യാത്രാ പാക്കേജുകള്‍ തുടങ്ങിയവയുടെ ഭാഗമായി ടിക്കറ്റുകള്‍ ഓഫര്‍ ചെയ്യുവാന്‍ ഫിഫയുടെ രേഖാമൂലമുള്ള അനുമതി വേണം.

ഫിഫയുടെ അനുമതിയില്ലാതെ കൈമാറ്റം ചെയ്യുന്ന ടിക്കറ്റുകള്‍ അസാധുവാവുകയും നിയമം ലംഘിച്ചവര്‍ക്കെതിരേ പിഴയ്ക്കു പുറമേ മറ്റു ശിക്ഷകളും ചുമത്തുകയും ചെയ്യും. അതേസമയം ടിക്കറ്റെടുത്ത ശേഷം കളി കാണാന്‍ എത്താനാവാത്തവര്‍ക്ക് ഫിഫയുടെ ഔദ്യോഗിക റീസെയില്‍ പ്ലാറ്റ്‌ഫോമിലൂടെ ടിക്കറ്റ് മറിച്ചുവില്‍ക്കാനാവുമെന്നും വെബ്‌സൈറ്റില്‍ അധികൃതര്‍ വ്യക്തമാക്കി.

Related Articles

Back to top button
error: Content is protected !!