Breaking News

സി റിംഗ് റോഡിലെ തൊഴിലാളികളുടെ പ്രതിഷേധം: തെറ്റ് ചെയ്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് തൊഴില്‍ മന്ത്രാലയം

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിന്റെ വേതന സംരക്ഷണ സമ്പ്രദായം ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. തങ്ങളുടെ ശമ്പളം നല്‍കുന്നതില്‍ കാലതാമസം നേരിടുന്നതിനെതിരെ സി റിംഗ് റോഡിലെ തൊഴിലാളികള്‍ പ്രതിഷേധിക്കുന്നത് കാണിക്കുന്ന സോഷ്യല്‍ മീഡിയ വീഡിയോയ്ക്ക് മറുപടിയായാണ് മന്ത്രാലയം ഇങ്ങനെ പ്രതികരിച്ചത്.

ഇന്നലെ സ്വദേശി പൗരനായ അബ്ദുള്ള അല്‍ കുബൈസിയാണ് ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ച് തൊഴില്‍ മന്ത്രാലയത്തെ ടാഗ് ചെയ്തത്. 56 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്ന് നിരവധി തൊഴിലാളികള്‍ പ്രതിഷേധിക്കുന്നതായി കാണാമായിരുന്നു. തൊഴിലാളികള്‍ക്ക് ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ അദ്ദേഹം അധികാരികളോട് ആവശ്യപ്പെട്ടു,

‘നിങ്ങളുടെ താല്‍പ്പര്യത്തിന് നന്ദി. വേതന സംരക്ഷണ സംവിധാനം നടപ്പിലാക്കുന്നത് ഉറപ്പാക്കാന്‍ തൊഴില്‍ മന്ത്രാലയം കഠിനമായി പരിശ്രമിക്കുന്നുവെന്നും നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നതായും ‘ മന്ത്രാലയം പ്രതികരിച്ചു. ശമ്പളം ലഭിക്കുന്നതിനായി തെരുവിലറങ്ങുകയെന്നത് സാംസ്‌കാരികമായും ധാര്‍മികമായും ഖത്തറിന് സ്വീകാര്യമല്ലാത്ത നടപടിയാണ് .

2015 അവസാനത്തോടെയാണ് ഖത്തര്‍ വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം നടപ്പാക്കിയത്. തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ തൊഴിലുടമകളും തങ്ങളുടെ ജീവനക്കാരുടെ വേതനം ഓരോ മാസവും 7ാം തിയ്യതിക്ക് മുമ്പായി ഖത്തറിലെ ബാങ്കുകള്‍ വഴി തൊഴിലാളികളുടെ എക്കൗണ്ടിലേക്ക് നല്‍കണമെന്നാണ് വ്യവസ്ഥ.

Related Articles

Back to top button
error: Content is protected !!