പിടിച്ചെടുത്ത കാറുകള്‍ പിഴയടച്ച് തിരിച്ചെടുക്കാന്‍ ഉടമകള്‍ക്ക് 30 ദിവസത്തെ സമയം അനുവദിച്ച് ആഭ്യന്തര മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ: വിവിധ ട്രാഫിക് നിയമലംഘനങ്ങളെ തുടര്‍ന്ന് പിടിച്ചെടുത്ത കാറുകള്‍ പിഴയടച്ച് തിരിച്ചെടുക്കാന്‍ ഉടമകള്‍ക്ക് 30 ദിവസത്തെ സമയം അനുവദിച്ച് ആഭ്യന്തര മന്ത്രാലയം . ഇന്‍ഡസ്ട്രിയല്‍ ഏരിയ സ്ട്രീറ്റ് നമ്പര്‍ 52 ലെ ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിലുള്ള മൂന്ന് മാസത്തിലേറെയായി കണ്ടുകെട്ടിയ വാഹന ഉടമകള്‍ക്ക് ആവശ്യമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കാനും പിഴയും ഗ്രൗണ്ട് ഫീസും അടച്ച് 30 ദിവസത്തിനകം വാഹനങ്ങള്‍ ക്ലെയിം ചെയ്യാനും ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തെ സമീപിക്കാമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.ഈ പ്രഖ്യാപനം 2022 ആഗസ്റ്റ് 17 മുതല്‍ മുതല്‍ പ്രാബല്യത്തിലുണ്ട്.
പിടിച്ചെടുക്കപ്പെട്ട വാഹനങ്ങളുടെ ഉടമകള്‍ നിശ്ചിത കാലയളവിനുള്ളില്‍ ഹാജരായില്ലെങ്കില്‍, ട്രാഫിക് റെക്കോര്‍ഡുകളില്‍ നിന്ന് നിയമപരമായ കാലാവധി പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് റദ്ദാക്കുകയും പൊതു ലേലത്തില്‍ വില്‍ക്കാന്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു.