Breaking News

ഖത്തറില്‍ മെഗാ സോളാര്‍ പദ്ധതി, 2024 അവസാനത്തോടെ ഉല്‍പാദനമാരംഭിക്കും

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ മെഗാ സോളാര്‍ പദ്ധതി, 2024 അവസാനത്തോടെ ഉല്‍പാദനമാരംഭിക്കും. ഖത്തറിലെ വ്യാവസായിക നഗരങ്ങളായ മിസഈദ് ഇന്‍ഡസ്ട്രിയല്‍ സിറ്റി, റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റി എന്നിവിടങ്ങളിലാണ് മെഗാ സോളാര്‍ പദ്ധതിയാരംഭിക്കുന്നത്. ഇതിനായി ഖത്തര്‍ എനര്‍ജിയുടെ കീഴിലുള്ള ഖത്തര്‍ എനര്‍ജി റിന്യൂവബിള്‍ സൊല്യൂഷന്‍സും പദ്ധതിയുടെ നടത്തിപ്പിനായി കരാറുകാരനായി തിരഞ്ഞെടുക്കപ്പെട്ട സാംസങ് സി ആന്‍ഡ് ടിയും തമ്മില്‍ ഇന്ന് ദോഹയില്‍ നടന്ന പ്രത്യേക ചടങ്ങില്‍ കരാര്‍ ഒപ്പിട്ടു.

മിസഈദ് ഇന്‍ഡസ്ട്രിയല്‍ സിറ്റി, റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റി എന്നിവിടങ്ങളില്‍ നിര്‍മിക്കുന്ന ഫോട്ടോവോള്‍ട്ടെയ്ക് സോളാര്‍ പവര്‍ പ്രോജക്റ്റിന്റെ എഞ്ചിനീയറിംഗ്, പ്രൊക്യുര്‍മെന്റ്, കണ്‍സ്ട്രക്ഷന്‍ (ഇപിസി) കരാരാണ് സാംസംഗിന് നല്‍കിയിരിക്കുന്നത്.

ഖത്തര്‍ ഊര്‍ജകാര്യ സഹമന്ത്രിയും ഖത്തര്‍ എനര്‍ജി പ്രസിഡന്റും സിഇഒയുമായ സഅദ് ഷെരീദ അല്‍ കഅബി, സാംസങ് സി ആന്‍ഡ് ടി കോര്‍പ്പറേഷന്റെ പ്രസിഡന്റും സിഇഒയുമായ സെചുല്‍ ഓ, ഖത്തര്‍ എനര്‍ജി, സാംസങ് സി ആന്‍ഡ് ടി എന്നിവിടങ്ങളില്‍ നിന്നുള്ള മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇപിസി കരാറില്‍ ഒപ്പുവെക്കുന്ന ചടങ്ങിന് ് സാക്ഷ്യം വഹിച്ചു.

ഖത്തറിന്റെ ഊര്‍ജ സ്രോതസ്സുകള്‍ വൈവിധ്യവത്കരിക്കുന്നതിനും സുസ്ഥിര ഭാവിക്കായി ഉയര്‍ന്ന കാര്യക്ഷമതയുള്ള പുനരുപയോഗ ഊര്‍ജത്തെ ആശ്രയിക്കുന്നതിനുമുള്ള ഞങ്ങളുടെ തന്ത്രം നടപ്പാക്കുന്നതിലെ പ്രധാന ചുവടുവയ്പ്പാണ് ഈ ഐസി സോളാര്‍ പദ്ധതിയെന്ന് ഖത്തര്‍ ഊര്‍ജകാര്യ സഹമന്ത്രിയും ഖത്തര്‍ എനര്‍ജി പ്രസിഡന്റും സിഇഒയുമായ സഅദ് ഷെരീദ അല്‍ കഅബി പറഞ്ഞു. ഖത്തര്‍ എനര്‍ജിയുടെ സുസ്ഥിരത സ്ട്രാറ്റജിയുടെ പ്രതിബദ്ധതയും 2035-ഓടെ 5 ജി സൗരോര്‍ജ്ജം ഉല്‍പ്പാദിപ്പിക്കാനുള്ള ഞങ്ങളുടെ ഇടക്കാല ലക്ഷ്യവും ഇത് വീണ്ടും ഉറപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഖത്തറിലെ രണ്ടാമത്തെ സൗരോര്‍ജ പദ്ധതിയാണിത്. നിലവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന അല്‍ ഖര്‍സ സോളാര്‍ പിവി പവര്‍ പ്ലാന്റിനൊപ്പം, ഐസി സോളാര്‍ പദ്ധതി 2024 ഓടെ ഖത്തറിന്റെ പുനരുപയോഗ ഊര്‍ജ ഉല്‍പ്പാദന ശേഷി 1.675 ജിഗാവാട്ടായി ഉയര്‍ത്തും. സിംഗിള്‍ ആക്സിസ് ട്രാക്കറുകളിലും ക്ലീനിംഗ് റോബോട്ടുകളിലും ഘടിപ്പിച്ചിരിക്കുന്ന ഉയര്‍ന്ന കാര്യക്ഷമതയുള്ള ബൈഫേഷ്യല്‍ മൊഡ്യൂളുകള്‍ ഈ പദ്ധതി ഉപയോഗപ്പെടുത്തും. പിവി മൊഡ്യൂളുകളില്‍ നിന്ന് പൊടി നീക്കം ചെയ്ത് മലിനമാകുന്നത് മൂലമുണ്ടാകുന്ന നഷ്ടം കുറയ്ക്കുന്നതിന് ഇത് സഹായകമാകും.

ഖത്തറിലെ രണ്ട് പ്രധാന വ്യാവസായിക നഗരങ്ങളായ മിസഈദ് ഇന്‍ഡസ്ട്രിയല്‍ സിറ്റി, റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റി എന്നിവയ്ക്കിടയില്‍ പദ്ധതിയുടെ വൈദ്യുതി ഉല്‍പാദന ശേഷി തന്ത്രപരമായി വിതരണം ചെയ്യപ്പെടും. എംഐസിക്ക് 417 മെഗാവാട്ടിന്റെ പ്ലാന്റും ആര്‍എല്‍ഐസിക്ക് 458 മെഗാവാട്ടിന്റെ പ്ലാന്റും ഉണ്ടാകും. രണ്ട് പ്ലാന്റുകളും ചേര്‍ന്ന് 10 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലായിരിക്കും.

ഏകദേശം 2.3 ബില്യണ്‍ ഖത്തരി റിയാല്‍ ചിലവില്‍ നിര്‍മിക്കുന്ന ഐസി സോളാര്‍ പദ്ധതി ഏകദേശം 28 ദശലക്ഷം ടണ്ണിലധികംകാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ നേരിട്ടുള്ള ഉദ്വമനം കുറയ്ക്കും.

Related Articles

Back to top button
error: Content is protected !!