ഫിഫ 2022 ലോകകപ്പ് ഗതാഗത സേവനങ്ങള്‍ക്കായി പരിശീലനം നല്‍കിയ പതിനാലായിരം ജീവനക്കാരുമായി കര്‍വ സജ്ജം
അമാനുല്ല വടക്കാങ്ങര
ദോഹ. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തര്‍ ആതിഥ്യം വഹിക്കുന്ന ഫിഫ 2022 ലോകകപ്പിനെത്തുന്ന ആരാധകരുടെ ഗതാഗത ആവശ്യങ്ങള്‍ നിറവേറ്റാന്‍ പരിശീലനം നല്‍കിയ പതിനാലായിരം ജീവനക്കാരുമായി
മുവാസലാത്ത് (കര്‍വ) സജ്ജം. ഡ്രൈവര്‍മാര്‍, ഗ്രൗണ്ട് സ്റ്റാഫ്, ഓപ്പറേഷന്‍ സ്റ്റാഫ് അംഗങ്ങള്‍ എന്നിവരുള്‍പ്പെടെ 14,000-ലധികം ആളുകള്‍ അടങ്ങുന്ന കര്‍വ ടീം സേവന സജ്ജമാണെന്ന് കമ്പനി ട്വീറ്റ് ചെയ്തു.
‘ഖത്തര്‍ 2022-ന്റെ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസസ് ടീം സജ്ജമാണ്. നിങ്ങളുടെ പ്രിയപ്പെട്ട ടീമുകളുടെ കളി ആസ്വദിക്കുന്നതിന് സുഗമമായ ഗതാഗതസൗകര്യമൊരുക്കുന്നതിന് പരിശീലനം സിദ്ധിച്ച 9,000+ ഡ്രൈവര്‍മാരും 2,000+ ഗ്രൗണ്ട് സ്റ്റാഫുകളും 3,000+ ഓപ്പറേഷന്‍ സ്റ്റാഫുകളും തയ്യാറാണെന്ന് മുവാസലാത്ത് (കര്‍വ) പറഞ്ഞു.
ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ സവിശേഷമായ ബ്രാന്‍ഡിംഗുകളോടെ ലോകോത്തര നിലവാരത്തിലുള്ള 1,300 ബസുകളുടെ ട്രയല്‍ റണ്‍ കമ്പനി അടുത്തിടെ നടത്തിയിരുന്നു. ലോകകപ്പ് സമയത്ത് ഖത്തറിന്റെ വിവിധ ഭാഗങ്ങളിലുള്ള എട്ട് സ്റ്റേഡിയങ്ങള്‍ക്കിടയിലും ഫുട്ബോള്‍ ആരാധകരെ എത്തിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ട്രയല്‍ റണ്‍.
ഫുട്ബോള്‍ ആരാധകര്‍ക്ക് അവിസ്മരണീയമായ അനുഭവം സമ്മാനിക്കുവാന്‍ സജ്ജമാക്കാനുള്ള മുവാസലാത്തിന്റെ (കര്‍വ) ശ്രമങ്ങളുടെ ഭാഗമായിരുന്നു ട്രയല്‍ റണ്‍.
ലോകകപ്പിനെത്തുന്ന ഫുട്ബോള്‍ ആരാധകര്‍ക്ക് സുഗമവും വിപുലവുമായ പൊതുഗതാഗത പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കാന്‍ ഖത്തര്‍ വന്‍ ക്രമീകരണങ്ങളാണ് നടത്തുന്നത്. ബസ് സര്‍വീസുകള്‍, ദോഹ മെട്രോ, ലുസൈല്‍ ട്രാം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.