പുതിയ തലമുറ പാഷനായും പ്രൊഫഷനായും സിനിമയെ സ്വീകരിക്കുന്നു. മമ്മുട്ടി
അമാനുല്ല വടക്കാങ്ങര
ദോഹ. പുതിയ തലമുറയുടെ സിനിമ സങ്കല്‍പങ്ങള്‍ വ്യത്യസ്തമാണെന്നും അവര്‍ പാഷനായും പ്രൊഫഷനായും സിനിമയെ സ്വീകരിക്കുന്നുവെന്നത് സന്തോഷകരമാണെന്നും പത്മശ്രീ ഭരത് മമ്മുട്ടി അഭിപ്രായപ്പെട്ടു . റോഷാക്കിന്റെ ഗ്ളോബല്‍ ലോഞ്ചിംഗിന്റെ ഭാഗമായി ദോഹ ഗ്രാന്റ് ഹയാത്തില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ തലമുറക്ക് സിനിമയില്‍ അനന്തമായ സാധ്യതകളാണുള്ളത്. സിനിമ ജീവിതത്തിന്റെ ഭാഗമാണ്. ഓരോ വീട്ടിലും രണ്ട് കുട്ടികളുണ്ടെങ്കില്‍ അതില്‍ ഒരാളെങ്കിലും സിനിമ കമ്പക്കാരനായിരിക്കും. പുതിയ സാങ്കേതിക വിദ്യകളും സംവിധാനങ്ങളും സിനിമയെ കൂടുതല്‍ ജനകീയവും ക്രിയാത്മകവുമാക്കുന്നുവെന്നാണ് താന്‍ കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കാലികമായ മാറ്റങ്ങളും വളര്‍ച്ചയും അനിവാര്യമാണെന്നും പുതിയ കാലത്തിനൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഴയ രീതികളിലേക്ക് പുതിയ തലമുറ വരണമെന്ന് വാശി പിടിക്കുന്നതിലര്‍ഥമില്ല. പുതുമകള്‍ സ്വീകരിക്കുകയും അവക്കനുസരിച്ച് നാം പാകപ്പെടുകയുമാണ് വേണ്ടത്. സിനിമ ചെറുപ്പക്കാരുടെ വിനോദമാണ്. അതുകൊണ്ട് എല്ലാവരും സിനിമ കാണാനായി ചെറുപ്പക്കാരാവുക
ഈയിടെയായി മലയാള സിനിമയില്‍ സൈക്കോ ത്രില്ലറുകള്‍ വര്‍ദ്ധിച്ചുവരുന്നുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെയൊരു കാര്യം തന്റെ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ദുല്‍ഖറുമൊത്ത് ഒരു സിനിമ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നുണ്ടെന്നും അതിന് എപ്പോഴാണ് ഭാഗ്യമുണ്ടാവുക എന്ന ചോദ്യത്തിന് അവസരം വരുമ്പോള്‍ നോക്കാമെന്നായിരുന്നു മമ്മുട്ടിയുടെ പ്രതികരണം.
ഓരോ സിനിമയും വ്യത്യസ്തമാകണമെന്നാണ് ആഗ്രഹം. അതുകൊണ്ട് തന്നെ സിനിമാസ്വാദകര്‍ക്ക് എന്തെങ്കിലും സവിശേഷമായ അനുഭവം സമ്മാനിക്കുവാന്‍ കഴിയുന്ന റോളുകളാണ് സ്വീകരിക്കാറുള്ളത്. റോഷാക്കിന് ഒരു രണ്ടാം ഭാഗത്തിന് പ്രസക്തിയില്ല. എന്നാല്‍ സി.ബി.ഐ ഡയറിക്കുറിപ്പില്‍ ഓരോ ഭാഗവും വ്യത്യസ്ത കേസുകളായതിനാല്‍ ഇനിയും സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.