Breaking NewsUncategorized

ലോകകപ്പ് സന്ദര്‍ശകര്‍ക്കായി ടൂര്‍ണമെന്റ് ചരിത്രത്തിലെ ആദ്യത്തെ അന്താരാഷ്ട്ര കോണ്‍സുലര്‍ സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു

അമാനുല്ല വടക്കാങ്ങര

ദോഹ. ലോകകപ്പ് സന്ദര്‍ശകര്‍ക്കായി ഫിഫ ടൂര്‍ണമെന്റ് ചരിത്രത്തിലെ ആദ്യത്തെ അന്താരാഷ്ട്ര കോണ്‍സുലര്‍ സേവന കേന്ദ്രം ഖത്തറിലെ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു

ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്ത ഇന്റര്‍നാഷണല്‍ കോണ്‍സുലര്‍ സര്‍വീസസ് സെന്റര്‍ ( ഐസിഎസ്സി) നവംബര്‍ 1 മുതല്‍ ആരാധകര്‍ക്കായി തുറക്കും.

ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ആതിഥേയ രാജ്യം ഇത്തരത്തിലുള്ള സൗകര്യം തുറക്കുന്നതെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി അവകാശപ്പെട്ടു.

ഉദ്ഘാടന ചടങ്ങില്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി പങ്കെടുത്തു.

നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ നടക്കുന്ന ഈ വര്‍ഷത്തെ ലോകകപ്പില്‍ പങ്കെടുക്കുന്ന ആരാധകരെ ഇന്റര്‍നാഷണല്‍ കോണ്‍സുലര്‍ സര്‍വീസസ് സെന്റര്‍ പിന്തുണയ്ക്കും. ടിക്കറ്റ് വില്‍പ്പന ഏറ്റവും കൂടുതല്‍ നടക്കുന്ന രാജ്യങ്ങള്‍ക്കൊപ്പം ഫിഫ ലോകകപ്പിന് യോഗ്യത നേടിയ 31 രാജ്യങ്ങളും ഉള്‍പ്പെടെ 40-ലധികം എംബസികളെ ഐസിഎസ്സിയില്‍ പ്രതിനിധീകരിക്കും.

നവംബര്‍ 1, ചൊവ്വാഴ്ച ഇന്റര്‍നാഷണല്‍ കോണ്‍സുലര്‍ സര്‍വീസസ് സെന്റര്‍ പൊതുജനങ്ങള്‍ക്കായി തുറക്കും. ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഹാള്‍ 4-ല്‍ ആണ് ഇന്റര്‍നാഷണല്‍ കോണ്‍സുലര്‍ സര്‍വീസസ് സെന്റര്‍ സ്ഥിതിചെയ്യുന്നത്. നിത്യവും രാവിലെ 10 മുതല്‍ രാത്രി 10 വരെ ഈ കേന്ദ്രം പ്രവര്‍ത്തിക്കും.

സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി, വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം , ഖത്തറിലുടനീളമുള്ള വിവിധ രാജ്യങ്ങളുടെ എംബസികളും മറ്റ് പ്രധാന ദേശീയ സ്ഥാപനങ്ങളും തമ്മിലുള്ള വിപുലമായ സഹകരണത്തെ തുടര്‍ന്നാണ് ഇന്റര്‍നാഷണല്‍ കോണ്‍സുലര്‍ സര്‍വീസസ് സെന്റര്‍ സ്ഥാപിച്ചത്.

ഫിഫ ലോകകപ്പ് ചരിത്രത്തിലെ ആദ്യത്തെ ഐസിഎസ്സി ആരംഭിക്കുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് എസ്സി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി പറഞ്ഞു. എംബസികള്‍ക്ക് അവരുടെ ആരാധകര്‍ അഭിമുഖീകരിക്കുന്ന കോണ്‍സുലാര്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്രീകൃതവും ആക്‌സസ് ചെയ്യാവുന്നതുമായ ഒരു കേന്ദ്രമായിരിക്കുമിത്. വിവിധ ദേശീയ സ്ഥാപനങ്ങളുമായുള്ള പ്രധാന ലിങ്കുകള്‍ ഈ കേന്ദ്രം ലഭ്യമാക്കും.

‘മെഗാ ഇവന്റുകളില്‍ കോണ്‍സുലാര്‍ സേവനങ്ങള്‍ക്കായി അന്താരാഷ്ട്ര സഹകരണത്തിന്റെ ഒരു പുതിയ മാതൃകയാണ് കേന്ദ്രം നല്‍കുന്നത്. ഇത് ഭാവി ഇവന്റ് സംഘാടകര്‍ക്കുള്ള ബ്ലൂപ്രിന്റാകും. എല്ലാറ്റിനുമുപരിയായി, ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമുള്ള രാജ്യങ്ങളെയും ജനങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാനുള്ള ലോകകപ്പിന്റെ ശക്തിയുടെ ജീവിക്കുന്ന ഉദാഹരണമാണിത്.

അര്‍ജന്റീന, ജര്‍മ്മനി, പോര്‍ച്ചുഗല്‍, ഓസ്‌ട്രേലിയ, ഘാന, സൗദി അറേബ്യ, ബംഗ്ലാദേശ്, ഇന്ത്യ, സെനഗല്‍, ബെല്‍ജിയം, ഇറാന്‍. സെര്‍ബിയ, ബ്രസീല്‍, ജപ്പാന്‍, സിംഗപ്പൂര്‍, കാമറൂണ്‍, കൊറിയ റിപ്പബ്ലിക്, സ്‌പെയിന്‍, കാനഡ, കുവൈറ്റ്, ശ്രീലങ്ക, ചൈന, ലെബനോന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, കോസ്റ്റാറിക്ക, മെക്‌സിക്കോ, സിറിയ, ക്രൊയേഷ്യ, മൊറോക്കോ, ടുണീഷ്യ, ഡെന്‍മാര്‍ക്ക്, നെതര്‍ലാന്‍ഡ്‌സ്, യുകെ
ഇക്വഡോര്‍, പാകിസ്ഥാന്‍, യുഎസ്എ, ഈജിപ്ത്, ഫിലിപ്പീന്‍സ്, ഉറുഗ്വേ, ഫ്രാന്‍സ്,പോളണ്ട് എന്നീ രാജ്യങ്ങളുടെ പങ്കാളിത്തമാണ്
ഇന്റര്‍നാഷണല്‍ കോണ്‍സുലര്‍ സര്‍വീസസ് സെന്ററിലുള്ളത്.

Related Articles

Back to top button
error: Content is protected !!