നജാത്തുല്ല സിദ്ധീഖി : ഇസ് ലാമിക ചിന്തക്ക് ധൈഷണിക സംഭാവനകള്‍ നല്‍കിയ മഹാ വ്യക്തിത്വം : സി ഐ സി
അമാനുല്ല വടക്കാങ്ങര
ദോഹ : സമകാലിക ഇസ് ലാമിക ചിന്തക്ക് ധൈഷണിക സംഭാവനകളര്‍പിച്ച മഹാ വ്യക്തിത്വമായിരുന്നു ഇന്ത്യന്‍ ജമാ അത്തെ ഇസ് ലാമി മുന്‍ കേന്ദ്ര ശൂറാ അംഗവും ഇസ് ലാമിക ചിന്തകനുമായിരുന്ന ഡോ. നജാത്തുല്ല സിദ്ധീഖിയെന്ന് സി ഐ സി കേന്ദ്ര സമിതി അനുശോചന കുറിപ്പില്‍ അഭിപ്രായപ്പെട്ടു.
ലോക പ്രസിദ്ധ ഇസ്ലാമിക സാമ്പത്തിക ശാസ്ത്രജ്ഞനും ഇസ്ലാമിക പഠനത്തിനുള്ള കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാര ജേതാവുമായ അദ്ദേഹത്തിന്റെ വൈജ്ഞാനിക സംഭാവനകള്‍ വിലമതിക്കാനാകാത്തതാണ്.
അസോസിയേറ്റ് പ്രൊഫസര്‍ ഓഫ് എക്കണോമിക്‌സ്, അലിഗഡ് മുസ്ലിം സര്‍വകലാശാലയിലെ ഇസ്ലാമിക് സ്റ്റഡീസ് പ്രൊഫസര്‍, കിങ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റിയിലെ ഇസ്ലാമിക് എക്കണോമിക്‌സ് റിസര്‍ച്ച് സെന്ററില്‍ അധ്യാപകന്‍, ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഈസ്റ്റേണ്‍ സ്റ്റഡീസില്‍ ഫെലോ, ജിദ്ദയിലെ ഇസ്ലാമിക് ഡവലപ്‌മെന്റ് ബാങ്കിലെ ഇസ്ലാമിക് റിസര്‍ച്ച് & ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിസിറ്റിംഗ് സ്‌കോളര്‍ എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചു വന്ന അദ്ദേഹത്തിന്റെ സംഭാവനകള്‍ പുതിയ ലോകത്ത് കാലാതിവര്‍ത്തിയായി നിലനില്‍ക്കുമെന്ന് സി ഐ സി അഭിപ്രായപ്പെട്ടു.
പലിശ രഹിത ബാങ്കിങ്ങ് സിസ്റ്റത്തെ കുറിച്ച അദ്ദേഹത്തിന്റെ പുസ്തകം വിവിധ ഭാഷകളിലായി അനേകം എഡിഷനുകളില്‍ പബ്ലിഷ് ചെയ്യപ്പെട്ടിട്ടുണ്ട്.
1973 നും 2000 നും ഇടയില്‍ 27 പതിപ്പുകളില്‍ 3 ഭാഷകളില്‍ പ്രസിദ്ധീകരിച്ചതുമായ ബാങ്കിങ് വിത്തൗട്ട് ഇന്‍ട്രസ്റ്റ് എന്ന പുസ്തകം ഇസ് ലാമിക സാമ്പത്തിക ശാസ്ത്രത്തിലെ അദ്ദേഹത്തിന്റെ മൗലിക സംഭാവനക്കുള്ള ഉദാഹരണമാണെന്നു അനുശോചന കുറിപ്പ് അഭിപ്രായപ്പെട്ടു.
സി ഐ സി കേന്ദ്ര പ്രസിഡണ്ട് ടി.കെ. ഖാസിം യോഗത്തില്‍ അധ്യക്ഷത വഹിച്ചു.