Breaking News

അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ലോകത്തെമ്പാടും കോവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനാല്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കുന്നതാണ് നല്ലതെന്ന് ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസുഫ് അല്‍ മസ്‌ലമാനി അഭിപ്രായപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡിന്റെ രണ്ടാം വരവ് അപകടകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതായാണ് റിപ്പോര്‍ട്ടടുകള്‍. ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് ഈ സമയത്ത് യാത്രകള്‍ പരമാവധി ഒഴിവാക്കണം.

 


കോവിഡുമായി ബന്ധപ്പെട്ട പല സങ്കീര്‍ണതകളും നിലനില്‍ക്കുന്നുണ്ട്. ഇതിനെ അതിജീവിക്കുവാന്‍ വൈദ്യലോകം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തില്‍ വാക്‌സിനെടുത്തവരും വാക്‌സിനെടുക്കാത്തവരും അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

ഖത്തറില്‍ ഉപയോഗിക്കുന്ന കോവിഡ് വാക്‌സിനുകള്‍ ഏറെ ഫലപ്രദമാണെന്നും രാജ്യത്ത് വാക്‌സിനേഷന്‍ ഊര്‍ജിതമായി പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 80 മുതല്‍ 90 ശതമാനം പേരും വാക്‌സിനെടുക്കുന്നതോടെ രാജ്യത്തെ പൊതുജീവിതം സാധാരണ നിലയിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചില ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ബ്‌ളാക്ക് ഫംഗസും കോവിഡും തമ്മില്‍ നേരിട്ട് ബന്ധമില്ല. എന്നാല്‍ കോവിഡ് രോഗികളിലെ ഫംഗല്‍ ബാധ സ്ഥിതിഗതികള്‍ രൂക്ഷമാക്കിയേക്കും. അതിനാല്‍ അതീവ ജാഗ്രത വേണം. സാധാരണ ഗതിയില്‍ ഫംഗസുകള്‍ ലോകത്തിന്റെ എല്ലാ ഭാഗത്തുമുണ്ടാകാം. പ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ടാണ് ഫംഗസ് ബാധ പ്രയാസം സൃഷ്ടിക്കുക.

ഈ വര്‍ഷം ഹജ്ജിന് പോകാന്‍ ഉദ്ദേശിക്കുന്നവരൊക്കെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണം. തങ്ങളുടേയും മറ്റുള്ളവരുടേയും സുരക്ഷ ഉറപ്പാക്കുവാന്‍ ഇത് അത്യാവശ്യമാണ് .

9 മാസത്തിനുള്ളില്‍ കോവിഡ് ബാധിച്ച് ഭേദമായവര്‍ക്കും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കുള്ള എല്ലാ ക്വാറന്റൈന്‍ ആനുകൂല്യങ്ങളും ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്ത് കോവിഡ് നിയന്ത്രണവിധേയമാകുന്നുവെന്നാണ് പ്രതിദിന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ മഹാമാരിയുടെ പിടിയില്‍ നിന്നും രാജ്യത്തേയും സമൂഹത്തേയും രക്ഷിക്കുവാന്‍ ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം പൊതുജനങ്ങളും സമൂഹവും പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ ജാഗ്രതയോടെ തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!