പ്രതീക്ഷയുടെ ഇന്ത്യ – പൊതുസമൂഹം മനസ്സ് തുറന്നൊരു ചര്‍ച്ച
ദോഹ. ഇക്കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിശകലനം ചെയ്യുന്നതിനും, സംഭവവികാസങ്ങള്‍ വിലയിരുത്തുന്നതിനും വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ ഒരു ചര്‍ച്ചക്ക് വഴിയൊരുക്കി.
ഇന്ത്യയിലെ പൊതുജന താല്പര്യം ആശാവഹമാണെന്ന് എസ് എ എം.ബഷീര്‍ വിലയിരുത്തി. ഈ തെരെഞ്ഞെടുപ്പില്‍ ജനാധിപത്യം നശിക്കപ്പെട്ടിട്ടില്ല എന്ന ബോധ്യം സന്തോഷം പകരുന്നു. രാഹുലിനെയും പ്രിയങ്കയെയും കൂടാതെ ഏറ്റവും വലിയ സ്വാധീനം ഉണ്ടാക്കിയ ധ്രൂവ് രാഥേയുടെ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങളും, അഖിലേഷ് യാദവിന്റെ സമയോചിതമായ ഇടപെടലും എല്ലാം ഈ ജനാധിപത്യ മുന്നേറ്റത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു. കേരളീയ സമൂഹം മതേതരമൂല്യം മുറുകെ പിടിക്കുന്നതില്‍ വിജയിച്ചുവെങ്കിലും നമ്മുടെ സംസ്ഥാനം വിവിധ മത സമൂഹങ്ങള്‍ ആയി വിഭജിക്കപ്പെടുന്നു എന്ന ആശങ്കയാണ് എസ് എ എം ബഷീര്‍ പങ്കുവെച്ചത്. മത സൗഹാര്‍ദ്ദം വീണ്ടെടുന്നതിനുള്ള ശ്രമങ്ങള്‍ സജീവമാകണം എന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു.
രാഹുല്‍ ഗാന്ധിയുടെ ഒറ്റയാള്‍ പോരാട്ടം ഉദ്ധിഷ്ട ലക്ഷ്യം കണ്ടതില്‍ മതേതര ജനാധിപത്യ വിശ്വാസികള്‍ സംതൃപ്തരാണ്. എന്നാല്‍ രാഹുല്‍ ലക്ഷ്യം വെച്ചിരിക്കുന്നത് 2029ലെ ജനാധിപത്യ ഇന്ത്യയുടെ പുനര്‍ നിര്‍മ്മിതിയാണെന്ന് ഇന്‍കാസ് പ്രതിനിധി ഹൈദര്‍ ചുങ്കത്തറ ചൂണ്ടിക്കാട്ടി. കേന്ദ്ര ഭരണകൂടത്തിനു ഇനിയുള്ള നാളുകള്‍ എളുപ്പമായിരിക്കില്ല. നാം നിരീക്ഷിക്കുകയാണ് എന്നാണ് ഇപ്പോള്‍ പറയാനുള്ളത്.
വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ചും, അസത്യങ്ങള്‍ പറഞ്ഞും അസഹിഷ്ണുത വളര്‍ത്താനുള്ള ഭഗീരഥ ശ്രമങ്ങള്‍ ഭയപ്പെടുത്തുന്നതായിരുന്നെന്നും, എന്നാല്‍ അതൊന്നും വിജയം കണ്ടില്ല എന്നും സുനില്‍ പെരുമ്പാവൂര്‍ സമാധാനം കണ്ടെത്തുന്നു. ഫാഷിസത്തെ ഒറ്റപ്പെടുത്തുന്നതില്‍ കേരളത്തെക്കാള്‍ കുടുതല്‍ പക്വമായ സമീപനം പ്രകടിപ്പിച്ചത് തമിഴ്നാടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ തെരെഞ്ഞെടുപ്പു പ്രക്രിയ വിളിച്ചോതിയ കാര്യം ജനാധിപത്യ മൂല്യങ്ങള്‍ കുഴിച്ചുമൂടപ്പെടാവതല്ല എന്ന പാഠമാണ് കെ.എം,സിസി പ്രതിനിധി സലീം നാലകത്ത് അവതരിപ്പിച്ചത്. ഇന്ത്യയുടെ ചരിത്രം സ്വേച്ഛാധിപത്യത്തിന്നെതിരെ പോരാടി വിജയം വരിച്ചതാണ്. ഇന്ത്യ എന്നത് വിവിധ ഭാഷാ, ദേശ, ജാതി, വര്‍ണ്ണ, വര്‍ഗ്ഗ, സംസ്കാരങ്ങളുടെ സങ്കലനത്തിന്റെ സൗന്ദര്യമാണ്. അതിനെതിരെ രൂപീകരിക്കപ്പെട്ട ചിന്താധാരയാണ് ഏകാഗ്ര മാനവീകതയും സാംസ്കാരിക ദേശീയതയും . ഹിന്ദുത്വ വാദത്തിന്ന് അടിസ്ഥാനമായ ഒരു കേന്ദ്രീകൃത രാഷ്ട്രം; അതിനനുസൃതമായ ഒരു സാംസ്കാരിക ദേശിയതയും. 100 വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിവച്ച ഈ ഹിന്ദുത്വ അജണ്ടയാണ് മോഡി കഴിഞ്ഞ 10 വര്‍ഷക്കാലത്തെ അധികാരം വഴി നടപ്പിലാക്കാന്‍ ശ്രമിച്ചത്. അതിനെതിരെ ഒരു മനുഷ്യന് ഇന്ത്യയൊട്ടാകെ നടന്ന് ബോധവല്‍ക്കരണം നടത്തി. ആ ഭയപ്പാടിനെയാണ് രാഹുല്‍ ഗാന്ധി ഇല്ലായ്മ ചെയ്തത്. ഇന്ത്യന്‍ ജനാധിപത്യത്തിനു ഗ്രാമങ്ങളില്‍ അണികളെ ഒരുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അതാണ് ജനം ഈ വിധിയെഴുത്തിലൂടെ അംഗീകരിച്ചത് എന്ന് സലീം വ്യക്തമാക്കി. യുപിയിലെ ജനങ്ങള്‍ രാമജന്മ ഭൂമി പോലുള്ള സംഘ് പരിവാര്‍ കുതന്ത്രങ്ങളുടെ പൊള്ളത്തരങ്ങള്‍ മനസ്സിലാക്കി വിധിയെഴുതി എന്നതാണ് ഏറ്റവും മഹത്തായ കാര്യം.
രാജ്യത്തിന്റെ 5000 വര്‍ഷത്തെ പാരമ്പര്യം ധിക്കാരത്തിന്റെയും, ധാര്‍ഷ്ട്യത്തിന്റെയും രണ്ട് ആള് രൂപങ്ങള്‍ ഉണ്ടാക്കി വെച്ച ഭയത്തിന്റെ അന്തരീക്ഷമാണ് ഈ തെരെഞ്ഞെടുപ്പ് തകര്‍ത്തു കളഞ്ഞതെന്ന് സഈദ് തളിയില്‍ അഭിപ്രായപ്പെട്ടു. ആത്മീയതയെ രാഷ്ട്രീയ ലാഭത്തിനായി നിര്‍ലജ്ജം വിപണനമാക്കിയ ഒരു ഭരണാധികാരിയും, മാധ്യമങ്ങളെ മുഴുവന്‍ വിലക്കെടുത്ത് ഭരണ വിരുദ്ധ തരംഗത്തെയും, ഭരണ പരാജയത്തെയും മറച്ചു പിടിക്കുകയും, മാത്രമല്ല യാതൊരു തത്വദീക്ഷയുമില്ലാതെ കള്ളങ്ങള്‍ ആവര്‍ത്തിച്ചും, പെയ്ഡ് സര്‍വേകള്‍ വഴി ഉണ്ടാക്കിയെടുത്ത പൊള്ളത്തരങ്ങളെയും തകര്‍ത്തെറിഞ്ഞ വിധി അതാണ് നമ്മുടെ പ്രതീക്ഷ.
ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹീ സെന്റര്‍ ലക്ത ആസ്ഥാനത്ത് സംഘടിപ്പിച്ച ‘പ്രതീക്ഷയുടെ ഇന്ത്യ’ പ്രസിഡണ്ട് സുബൈര്‍ വക്ര ഉല്‍ഘാടനം ചെയ്തു. ഉപദേശക സമിതി കണ്‍വിനര്‍ മുനീര്‍ സലഫി അവലോകനം നടത്തി. അര്‍ഷാദ് ഹുസൈന്, മുസ്തഫ, അക്ബര്‍ ഖാസിം തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഷമീര്‍ പി.കെ സ്വാഗതവും അനീസ് നാദാപുരം നന്ദിയും പറഞ്ഞു