ബഹുസ്വരതയെ ശക്തിപ്പെടുത്തി അനൈക്യ ശ്രമങ്ങളെ പരാജയപ്പെടുത്തണം – ടി.ആരിഫലി
അമാനുല്ല വടക്കാങ്ങര
ദോഹ. ലോകത്തിന് മുന്നില്‍ ഇന്ത്യ വ്യതിരിക്തമാകുന്നത് അതിന്റെ ബഹുസ്വരതയുടെയും നാനാത്വത്തില്‍ ഏകത്വത്തിന്റെയും പേരിലാണെന്ന് ജമാ അത്തെ ഇസ് ലാമി ഹിന്ദ് സെക്രട്ടറി ജനറലും ഹ്യൂമന്‍ വെല്‍ഫയര്‍ ഫൌണ്ടേഷന്‍ വൈസ് ചെയര്‍മാനുമായ ടി.ആരിഫലി അഭിപ്രായപ്പെട്ടു.സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി സി ഐ സി ഖത്തര്‍ നടത്തി വരുന്ന ഇസ് ലാം ആശയ സംവാദത്തിന്റെ സൗഹൃദ നാളുകള്‍ എന്ന കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച ക്ഷണിക്കപ്പെട്ടവരുടെ സദസ്സില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ബഹുസ്വര സാമൂഹിക ഘടനയില്‍ വിവിധ ജനവിഭാഗങ്ങള്‍ക്ക് സഹവര്‍ത്തിത്തത്തോടെ ഇടപെടാനും ഇടപഴകാനും കഴിയുന്ന അന്തരീക്ഷം ശക്തിപ്പെടുത്തുകയാണ് വേണ്ടത്. തുറന്ന ഇടപഴക്കങ്ങളിലൂടെ ഇന്ത്യയില്‍ വളര്‍ന്ന് വരുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തെ നിരാകരിക്കാന്‍ നമുക്ക് കഴിയുമെന്നും അതിന് ശക്തി പകരുന്ന വിധം സാമൂഹിക സംഘാടനം സാധ്യമാക്കാനാണ് കൂട്ടായി യത്‌നിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇസ് ലാം ഭീതി പടരുന്ന പുതിയ ലോകത്ത് ഇസ് ലാമിനെ സമാധാനപൂര്‍വം അവതരിപ്പിക്കുകയാണ് ജമാ അത്തെ ഇസ് ലാമി ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഇസ് ലാമോ ഫോബിയക്ക് പിന്നില്‍ വലിയ അധീശ താല്‍പര്യങ്ങളുണ്ട്. ലോകത്തെല്ലായിടത്തും മനുഷ്യര്‍ക്കിടയില്‍ വംശീയ വേര്‍തിരിവുകള്‍ സൃഷ്ടിച്ചു അധികാര താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആണ് അധീശ ശക്തികള്‍ ശ്രമിക്കുന്നത്. ഇത്തരം ശക്തികളാണ് ലോകത്തിന്റെ സ്വഛതയും സമാധാനവും തകര്‍ക്കുന്നതെന്നും ഇത്തരം ശ്രമങ്ങള്‍ക്കെതിരെ മനുഷ്യര്‍ ജാതി മത ഭേദമന്യേ ഐക്യപ്പെടുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നസിം ഗാര്‍ഡന്‍ ക്ലബ് ഹൗസില്‍ നടന്ന പരിപാടിയില്‍ സി ഐ സി പ്രസിഡന്റ് ടി.കെ ഖാസിം അധ്യക്ഷത വഹിച്ചു.
സി ഐ സി വൈസ് പ്രസിഡന്റ് യാസിര്‍ ഇല്ലത്തൊടി സ്വാഗതം പറഞ്ഞു.
തൗഫീഖ് മമ്പാട് ഖുര്‍ആനില്‍ നിന്ന് അവതരിപ്പിച്ചു.
സി ഐ സി ജനറല്‍ സെക്രട്ടറി നൗഫല്‍ പാലേരി, കേന്ദ്ര സമിതി അംഗം ആര്‍ എസ് അബ്ദുല്‍ ജലീല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.