ഇന്തോ ഖത്തര്‍ ബന്ധങ്ങളില്‍ നാഴികക്കല്ലായി ഖത്തര്‍ അമീറിന്റെ ഇന്ത്യാ സന്ദര്‍ശനം

അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്തോ ഖത്തര്‍ ബന്ധങ്ങള്‍ കൂടുതല്‍ ക്രിയാത്മകവും ഊഷ്മളവുമാക്കുന്നതിനുള്ള ചര്‍ച്ചകളും ധാരണകളുമായി ഖത്തര്‍ അമീറിന്റെ ഇന്ത്യാ സന്ദര്‍ശനം ശ്രദ്ധേയമായി. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി ഖത്തര്‍ അമീറും സംഘവും ഇന്നലെ രാത്രിയോടെയാണ് മടങ്ങിയത്.
ഉഭയകക്ഷി തന്ത്രപരമായ പങ്കാളിത്തം സ്ഥാപിക്കുന്നതിനുള്ള കരാര്‍, വരുമാന നികുതിയും അതിന്റെ പ്രോട്ടോക്കോളും സംബന്ധിച്ച് ഇരട്ടനികുതി ഒഴിവാക്കുന്നതിനും സാമ്പത്തിക വെട്ടിപ്പ് തടയുന്നതിനുമുള്ള പുതുക്കിയ കരാര്‍, സാമ്പത്തിക സഹകരണത്തെക്കുറിച്ച് ഇന്ത്യന്‍ ധനകാര്യ മന്ത്രാലയവും ഖത്തര്‍ ധനകാര്യ മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം, യുവജന, കായിക മേഖലയിലെ സഹകരണത്തെക്കുറിച്ച് ധാരണാപത്രം, രേഖകളുടെയും ആര്‍ക്കൈവുകളുടെയും മേഖലയിലെ സഹകരണത്തെക്കുറിച്ച് ധാരണാപത്രം, ഇന്‍വെസ്റ്റ് ഇന്ത്യയും ഇന്‍വെസ്റ്റ് ഖത്തറും തമ്മിലുള്ള ധാരണാപത്രം, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും ഖത്തരി ബിസിനസ്മെന്‍ അസോസിയേഷനും തമ്മിലുള്ള ധാരണാപത്രം തുടങ്ങി സുപ്രധാനമായ പല കരാറുകളിലും ധാരണാ പത്രങ്ങളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചതായി സന്ദര്‍ശനത്തിന്റെ അവസാനം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
തനിക്കും തന്റെ പ്രതിനിധി സംഘത്തിനും നല്‍കിയ ഊഷ്മളമായ ആതിഥ്യത്തിന് അമീര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞു.
ഇന്ത്യയും ഖത്തറും തമ്മിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ശക്തമായ ബന്ധങ്ങള്‍ ഈ സന്ദര്‍ശനം വീണ്ടും ഉറപ്പിച്ചു. ഈ പുതുക്കിയ പങ്കാളിത്തം തുടര്‍ന്നും വളരുമെന്നും ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് പ്രയോജനകരമാകുമെന്നും പ്രാദേശിക, ആഗോള സ്ഥിരതയ്ക്ക് സംഭാവന നല്‍കുമെന്നും നേതാക്കള്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.