മുഹമ്മദ് കുഞ്ഞിയുടെ വിജയത്തിന് തിളക്കമേറെ
അമാനുല്ല വടക്കാങ്ങര
ദോഹ. മുഹമ്മദ് കുഞ്ഞിയുടെ വിജയത്തിന് തിളക്കമേറെ. ഖത്തറില്‍ പ്രവാസം ജനസേവനം കൊണ്ട് ധന്യമാക്കിയ പൊതുപ്രവര്‍ത്തകനായ മുഹമ്മദ് കുഞ്ഞി ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം മാനേജിംഗ് കമ്മറ്റിയംഗമായി ഉയര്‍ന്ന വോട്ടുനേടിയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
കുഞ്ഞിക്ക എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന അദ്ദേഹം മാനവ സ്നേഹത്തിന്റേയും സേവനത്തിന്റേയും പ്രതീകമാണ് . ആവശ്യം എന്തായാലും ‘കുഞ്ഞിക്ക ‘ ഒരു വിളിക്കപ്പുറത്തുണ്ടാവും . ജയിലും , ആശുപത്രിയും ഒക്കെ സ്ഥിരം സന്ദര്‍ശന സ്ഥലം . ഒഴിവു സമയത്തല്ല . ഒഴിവുണ്ടാക്കി പോവും . പല കാരണങ്ങളാല്‍ നാട്ടില്‍ പോവാന്‍ കഴിയാത്തവരുടെ ആശ്രയമാണ് ഈ മനുഷ്യന്‍ . കുഞ്ഞിക്കയുടെ സേവനത്തിന്റെ ഗുണഭോക്താക്കളായവര്‍ നിരവധി . കുടുംബങ്ങള്‍ക്കും ബാച്ചിലര്‍മാര്‍ക്കും ഒരു പോലെ സ്വീകാര്യനായ നേതാവാണ് കുഞ്ഞിക്ക .
ടി.കെ. മുഹമ്മദ് കുഞ്ഞി എന്ന കുഞ്ഞിക്കയെ ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തില്‍ പരിചയമില്ലാത്തവര്‍ കുറവായിരിക്കും. കാരണം ഖത്തറിലെ പ്രവാസികളുടെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ രാവും പകലും വിശ്രമമില്ലാതെ ഓടിനടക്കുകയെന്നത് ജീവിത ദൗത്യമായി ഏറ്റെടുത്ത സാമൂഹ്യ പ്രവര്‍ത്തകനാണദ്ദേഹം. ഹോസ്പിറ്റലിലെ കിടപ്പു രോഗികള്‍, ജയിലുകളില്‍ കഴിയുന്നവര്‍,ലേബര്‍ ക്യാമ്പുകളില്‍ പ്രയാസമനുഭവിക്കുന്നവര്‍, ഖത്തറില്‍ മരണപ്പെടുന്നവരുടെ മൃതദേഹപരിപാലനം,മൃതദേഹം നാട്ടിലേക്കയക്കല്‍ തുടങ്ങി കുഞ്ഞിക്കയുടെ സേവന മേഖലകള്‍ ഏറെ വിപുലമാണ് . പലയിടങ്ങളിലും സേവന സന്നദ്ധയായി കുഞ്ഞിക്കയുടെ പ്രിയതമയും സജീവമാകുന്നതോടെ ആ കുടുംബം മുഴുവന്‍ മനുഷ്യ സ്നേഹത്തിന്റെ കെടാവിളക്കായി മാറും.
കുഞ്ഞിക്കയെപ്പോലുള്ളവര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറത്തിന്റെ മാനേജിംഗ് കമ്മറ്റിയിലുണ്ടാവുന്നത് ഇന്ത്യന്‍ സമൂഹത്തിന് തന്നെ വലിയ സൗഭാഗ്യമാണ്