പന്ത്രണ്ടാമത് ഖത്തര്‍ രാജ്യാന്തര ഭക്ഷ്യമേളയ്ക്ക് ഉജ്വല തുടക്കം
അമാനുല്ല വടക്കാങ്ങര
ദോഹ: ഭക്ഷണ പ്രിയരുടെ രുചിമുകുളങ്ങളെ ത്രസിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന ഭക്ഷ്യവിഭവങ്ങളവതരിപ്പിക്കുന്ന പന്ത്രണ്ടാമത്
ഖത്തര്‍ രാജ്യാന്തര ഭക്ഷ്യമേളയ്ക്ക് ലുസൈല്‍ ബൊളിവാര്‍ഡില്‍ തുടക്കമായി.
ഖത്തര്‍ മ്യൂസിയംസ് അധ്യക്ഷ ശൈഖ അല്‍ മയാസ്സ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ രക്ഷാകര്‍തൃത്വത്തില്‍ ഇന്നലെയാണ് ലുസൈല്‍ സിറ്റിയിലെ വാട്ടര്‍ഫ്രണ്ടില്‍ 12-ാമത് ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവല്‍ ആരംഭിച്ചത്. ഉത്സവം മാര്‍ച്ച് 21 വരെ തുടരും.
ഉദ്ഘാടന ചടങ്ങില്‍ ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് സിഇഒയും ഖത്തര്‍ ടൂറിസം പ്രസിഡന്റുമായ അക്ബര്‍ അല്‍ ബേക്കര്‍ പങ്കെടുത്തവരെ സ്വാഗതം ചെയ്യുകയും ഉത്സവത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.
ഖത്തറിലെ ഏറ്റവും പ്രശസ്തമായ ആഘോഷങ്ങളിലൊന്നാണ് ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവലെന്നും ഈ വര്‍ഷം മിക്ക രാജ്യങ്ങളിലെയും ലക്ഷ്യസ്ഥാനങ്ങളിലേക്കും ഖത്തര്‍ എയര്‍വേസ് പറക്കുന്ന പശ്ചാത്തലത്തില്‍ എല്ലാ രാജ്യങ്ങളുടേയും പരമ്പരാഗത വിഭവങ്ങള്‍ അവതരിപ്പിക്കുമെന്നും അല്‍ ബേക്കര്‍ പറഞ്ഞു.
വരാനിരിക്കുന്ന അന്താരാഷ്ട്ര പരിപാടികളുടെ അജണ്ടയുടെ ആകര്‍ഷണീയത കാരണം ഖത്തറിലെ ഫുഡ് ടൂറിസം മേഖല ഗണ്യമായ വളര്‍ച്ച തുടരുമെന്ന് അല്‍ ബേക്കര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഖത്തര്‍ എയര്‍വേയ്സും ഖത്തര്‍ ടൂറിസവും തമ്മിലുള്ള ഉറച്ച സഹകരണം ആഗോള വിനോദസഞ്ചാരമെന്ന നിലയില്‍ ഖത്തറിന്റെ സ്ഥാനം ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോകകപ്പ് ഖത്തര്‍ 2022 ഫൈനല്‍ ആഘോഷങ്ങള്‍ക്ക് പേരുകേട്ട ലുസൈല്‍ ബൊളിവാര്‍ഡിലെ പ്രസിദ്ധമായ ലുസൈല്‍ ടവറുകള്‍ക്കിടയിലുള്ള അല്‍ സാദ് പ്ലാസയിലെ മനോഹരമായമായ പശ്ചാത്തലത്തില്‍ നടക്കുന്ന ഖത്തര്‍ രാജ്യാന്തര ഭക്ഷ്യമേള സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരു പോലെ ഹൃദ്യമാകും.