Breaking News

ഫൈസല്‍ കുപ്പായിയുടെ വിയോഗം പ്രവാസി സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തി

ദോഹ. ഗായകനും ചിത്രകാരനും കലാസാംസ്‌കാരിക വേദികളിലെ നിറ സാന്നിധ്യവുമായിരുന്ന ഫൈസല്‍ കുപ്പായിയുടെ വിയോഗം പ്രവാസി സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തി.

ബുധനാഴ്ച രാവിലെ ദോഹയിലെ മന്‍സൂറയില്‍ തകര്‍ന്നു വീണ കെട്ടിടത്തിലായിരുന്നു ഫൈസല്‍ താമസിച്ചിരുന്നതെന്നും ഫോണിലോ വാട്‌സ്അപ്പിലോ ബന്ധപ്പെടാനാവുന്നില്ലെന്നും ബുധനാഴ്ച തന്നെ ബന്ധപ്പെട്ടവര്‍ പരാതിപ്പെട്ടിരുന്നു.

എന്നാല്‍ ഇന്നലെ രാത്രിയോടെയാണ് ഫൈസലിന്റെ മരണം ബന്ധുക്കള്‍ സ്ഥിരീകരിച്ചത്. അദ്ദേഹം താമസിക്കുന്ന കെട്ടിടം തകര്‍ന്നുവീണത് അറിഞ്ഞത് മുതല്‍ അദ്ദേഹത്തിന്റെ അളിയനും സുഹൃത്തുക്കളും പ്രാര്‍ത്ഥനയോടെ അപകടസ്ഥലത്തും ആശുപത്രിയിലുമൊക്കെ അന്വേഷിക്കുന്നുണ്ടായിരുന്നു.

നിരവധി പ്രവാസി സംഘടനകളുടെയും കാലാസാംസ്‌ക്കാരിക ഗ്രൂപ്പുകളുടെയും പരിപാടികളില്‍ പാടാറുള്ള ഫൈസല്‍ ഖത്തറിലെ മലയാളികള്‍ക്ക് സുപരിചതനായിരുന്നു.

ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ വരച്ചും ഫൈസല്‍ ഖത്തര്‍ നിവാസികളെ അത്ഭുതപ്പെടുത്തി. അതിലെല്ലാമുപരി സ്‌നേഹം കൊണ്ടും എളിമ കൊണ്ടും ഫൈസല്‍ എല്ലാവരെയും കീഴ്പ്പെടുത്തിയതായി സുഹൃത്തുക്കള്‍ പറഞ്ഞു. മരണവാര്‍ത്ത അറിഞ്ഞത് മുതല്‍ ഖത്തറിലെ മുഴുവന്‍ വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലും മറ്റു സമൂഹമാധ്യമങ്ങളിലും അനുശോചന പ്രവാഹമാണ്. ഫൈസലുമായി ഒരു പ്രാവശ്യം സംസാരിച്ചവര്‍ പോലും വികാരഭരിതമായാണ് ഓര്‍മ്മകള്‍ പങ്കുവെക്കുന്നത്. .

ഒരു പക്ഷേ ഗായകനെന്ന പ്രശസ്തിയോളം അദ്ദേഹത്തിന്റെ ചിത്രരചനാപാടവം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടാവില്ല.. തന്റെ കൊച്ചു സ്റ്റുഡിയോയില്‍ വെച്ച് ചിത്രം വരക്കുന്നതിന്റെ ചെറിയ വിഡിയോകള്‍ അദ്ദേഹം മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയുടെ ഡോം ഖത്തറില്‍ ഇടയ്ക്കു പോസ്റ്റ് ചെയ്യുമായിരുന്നു. പോസ്റ്റ് ചെയ്യുന്ന പല ചിത്രങ്ങളും ഫോട്ടോ ആണോ അതോ വരച്ചതാണോ എന്ന് തിരിച്ചറിയാനാകാതെ പലരും അത്ഭുതപ്പെട്ടു.

ഖത്തര്‍ മലയാളികളെ ഒന്നടങ്കം ദു:ഖത്തിലാഴ്ത്തിയ അപൂര്‍വം ചില വിയോഗങ്ങളിലൊന്നാണ് ഫൈസലിന്റേത്.

അദ്ദേഹത്തിന്റെ വിയോഗത്തില്‍ ഇത്രയും പേര്‍ ദുഃഖിക്കുന്നുണ്ടെങ്കില്‍ അത്രയും പേര്‍ക്ക് അദ്ദേഹത്തെ ഇഷ്ടമായിരുന്നു എന്നാണ് അത് തെളിയിക്കുന്നതെന്നും ക്ലാസിക് ഗാനങ്ങള്‍ അനായാസം പാടുന്ന ഗായകനായിരുന്നു ഫൈസല്‍ എന്നും പലരും സമൂഹമാധ്യമങ്ങളില്‍ അഭിപ്രായപ്പെട്ടു.

പത്തുവര്‍ഷത്തോളം ജിദ്ദയില്‍ പ്രവാസിയായിരുന്നു ഫൈസല്‍.

നിലമ്പൂരിലെ അബ്ദുസ്സമദിന്റെയും ഖദീജയുടെയും മകനാണ് ഫൈസല്‍. ഭാര്യ: റബീന. മക്കള്‍: റന, നദയ, മുഹമ്മദ് ഫാബിന്‍.

Related Articles

Back to top button
error: Content is protected !!