Archived Articles

പ്രവാസി സാന്ത്വന പദ്ധതി; വേണ്ടത് ആയിരത്തി അഞ്ഞൂറ് അപേക്ഷകള്‍ ; ലഭിച്ചത് എണ്ണൂറ് മാത്രം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കേരള സര്‍ക്കാറിന്റെ പ്രവാസി സാന്ത്വന പദ്ധതി ജനകീയമാക്കുന്നതിനും അര്‍ഹരായവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനും പ്രവാസി സംഘടനകള്‍ മുന്‍കൈയെടുക്കണമെന്ന് ഖത്തറിലെ സാമൂഹ്യ പ്രവര്‍ത്തകനും  ലോക കേരള സഭ അംഗവുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ആവശ്യപ്പെട്ടു.

കോഴിക്കോട് റീജിയണല്‍ ഓഫീസിന്റെ കീഴില്‍ വരുന്ന മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട് കാസര്‍ഗോഡ് ജില്ലകളില്‍ നിന്ന് മാത്രം സാന്ത്വന പദ്ധതി മുഖേന 1500 പേരെയെങ്കിലും സഹായിക്കാനാവും. എന്നാല്‍, ഈ സാമ്പത്തിക വര്‍ഷം എണ്ണൂറോളം അപേക്ഷകള്‍ മാത്രമേ ഇത് വരെ നോര്‍ക്കാ ഓഫീസില്‍ എത്തിയിട്ടുള്ളൂ. ഇക്കഴിഞ്ഞ ദിവസം കോഴിക്കോട് നോര്‍ക്ക റീജിയണല്‍ ഓഫീസിലെ ഉദ്യോഗസ്ഥരുമായും നോര്‍ക്കാ വൈസ് ചെയര്‍മാന്‍ പി.ശ്രീ രാമകൃഷ്ണനുമായും കൂടിക്കാഴ്ച നടത്തി ദോഹയില്‍ തിരിച്ചെത്തിയ അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് മുറവിളി കൂട്ടുമ്പോഴും ലഭ്യമായ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷകള്‍ പോലുമില്ലെന്നത് അത്ഭുതകരമാണ്. പ്രത്യേകിച്ചും ഈ കോവിഡ് മഹാമാരി കാലത്ത്. പ്രവാസി സംഘടനകളുടെ അടിയന്തിര ശ്രദ്ധയര്‍ഹിക്കുന്ന വിഷയമാണിതെന്ന് അദ്ദേഹം പറഞ്ഞു.

മരണാനന്തര സഹായം. 1 ലക്ഷം രൂപ, മാരകമായ രോഗങ്ങളുടെ ചികില്‍സക്ക്. അമ്പതിനായിരം രൂപ, മാരകമല്ലാത്ത അസുഖങ്ങള്‍ക്ക് . 20,000 രൂപ, രണ്ട് പെണ്‍മക്കളുടെ വിവാഹത്തിന് 15,000 രൂപ വീതം, കൃതിമ കാല്‍, വീല്‍ ചെയര്‍ മുതലായവക്കായി പതിനായിരം രൂപ മുതലായയവയാണ് പദ്ധതി ആനുകൂല്യങ്ങള്‍

വാര്‍ഷിക കുടുംബ വരുമാനം 1.5 ലക്ഷം രൂപയില്‍ താഴെയുള്ള ചുരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലും പ്രവാസിയായിരുന്നവര്‍ക്ക് അപേക്ഷിക്കാം.

2022 ജനുവരി 31 വരെ ലഭിക്കുന്ന അപേക്ഷകര്‍ക്ക് 2022 മാര്‍ച്ച് 31 നകം ധനസഹായം നല്‍കാനാവുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാന്‍ സൗകര്യമുണ്ട്.

പ്രവാസി സംഘടനകള്‍ ഇക്കാര്യം പ്രത്യേകം പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!