ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ ഓര്‍മചിത്രങ്ങളുമായി ലെഗസി പ്രകാശനം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ലോകകപ്പിന്റെ ഓര്‍മ്മകളിലേക്ക് ഫുട്ബോള്‍ ആരാധകരെ തിരികെ കൊണ്ടുപോകുന്ന ചിത്രങ്ങളുടെ ഓര്‍മ്മ പുസ്തകം ലെഗസി പ്രകാശനം ചെയ്തു. ദോഹ വെസ്റ്റിന് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഖത്തറിലെ അര്‍ജന്റീനിയന്‍ അംബാസിഡര്‍ ഗിലര്‍മൊ നിക്കോളസ് ആണ് പുസ്തകം പ്രകാശനം ചെയ്തത്. ഫിഫ ലോകകപ്പ് വിജയകരമായി സംഘടിപ്പിച്ച ഖത്തറിനുള്ള ഉപഹാരമായി ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്ററാണ് ലോഗസി എ്ന്ന പേരില്‍ പ്രമുഖ ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഓര്‍മ്മ പുസ്തകം തയ്യാറാക്കിയത്.
160 പേജുള്ള പുസ്കത്തിലുടനീളം ഖത്തറിന് ലോകകപ്പ് അനുവദിച്ച 2010 ഡിസംബര്‍ മുതലുള്ള അവിസ്മരണീയമായ ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ലെഗസി ഖത്തറിനും അര്‍ജന്റീനയ്ക്കും മറക്കാന്‍ പറ്റാത്ത അനുഭവങ്ങളാണ് സമ്മാനിക്കുന്നതെന്ന് ഗിലര്‍മൊ നിക്കോളാസ് അഭിപ്രായപ്പെട്ടു. ഗാലറിയും കളികളും ഫാന്‍ സോണുകളും ചിത്രങ്ങളിലൂടെ നിറഞ്ഞു നില്ക്കുന്ന പുസ്തകം ഖത്തര്‍ ലോകകപ്പിന്റെ ഓര്‍മ്മകള്‍ അടുത്ത തലമുറയിലേക്കും പകര്‍ന്നു നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
ഒളിംപിക് മ്യൂസിയം ഡയറക്ടര്‍ അബ്ദുല്ല അല്‍ മുല്ല പുസ്തകത്തിന്റെ ഓണ്‍ലൈന്‍ പതിപ്പ് പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ കോപ്പികള്‍ 2-3-1 ഖത്തര്‍ ഒളിംപിക് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ലെഗസി എഡിറ്റര്‍ റഈസ് അഹമ്മദ് പുസ്തകം പരിചയപ്പെടുത്തി. ലോകകപ്പ് കാലത്തെ ഖത്തര്‍ അനുഭവങ്ങള്‍ ഒരിക്കല്‍ കൂടി ആസ്വാദകരിലേക്ക് എത്തിക്കുകയായിരുന്നു പുസ്തകത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
പ്രമുഖ സ്പോര്‍ട്സ് ജേണലിസ്റ്റും ലോകകപ്പ് സംഘാടക സമിതിയുടെ മീഡിയ കണ്‍സള്‍ട്ടന്റുമായിരുന്ന ഡി രവികുമാര്‍, ഖത്താറ പബ്ലിഷിംഗ് ഹൗസ് മാനേജിംഗ് എഡിറ്റര്‍ ഹുസൈന് അഹമ്മദ്, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവസ് ബാവ, ഐ സി സി പ്രസിഡന്റ് എ.പി.മണികണഠന്, ഇന്ത്യന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഇ പി അബ്ദുറഹിമാന് എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. ഫൈസല്‍ കരട്ടിയാട്ടില്‍ സ്വാഗതം പറഞ്ഞു. യു ഹുസൈന് മുഹമ്മദ് അധ്യക്ഷത വഹിച്ചു.