Breaking NewsUncategorized

ഇന്റര്‍നാഷണല്‍ ഹോര്‍ട്ടികള്‍ച്ചറല്‍ എക്സിബിഷന്‍ എക്സ്പോ 2023 ദോഹയില്‍ ഇതിനകം 70 രാജ്യങ്ങള്‍ പങ്കാളിത്തം ഉറപ്പിച്ചു


അമാനുല്ല വടക്കാങ്ങര

ദോഹ: 2023 ഒക്ടോബര്‍ 2 മുതല്‍ 2024 മാര്‍ച്ച് 28 വരെ ദോഹയില്‍ നടക്കാനിരിക്കുന്ന ഇന്റര്‍നാഷണല്‍ ഹോര്‍ട്ടികള്‍ച്ചറല്‍ എക്സിബിഷന്‍ എക്സ്പോ 2023 ദോഹയില്‍ ഇതിനകം 70 രാജ്യങ്ങള്‍ പങ്കാളിത്തം ഉറപ്പിച്ചതായി മുനിസിപ്പാലിറ്റി മന്ത്രി ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുപ്പത് ലക്ഷത്തിലേറെ സന്ദര്‍ശകരെത്തുമെന്ന് പ്രതീക്ഷിക്തകുന്ന എക്‌സ്‌പോയുടെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ 80 ശതമാനം ജോലികളും പൂര്‍ത്തിയായതായി മന്ത്രി പറഞ്ഞു.
ശേഷിക്കുന്ന 20 ശതമാനം പ്രവൃത്തികളില്‍ ചില പവലിയനുകളും താല്‍ക്കാലിക സൗകര്യങ്ങളും ഉള്‍പ്പെടുന്നുവെന്നും അവ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഒക്ടോബറിനുമുമ്പ് കൃത്യസമയത്ത് തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായും എക്സ്പോ 2023 ദോഹ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ മന്ത്രി പറഞ്ഞു.അല്‍ ബിദ്ദ പാര്‍ക്കിലെ വിശാലമായ വേദിയിലാണ് എക്‌സ്‌പോ 2023 ദോഹ അരങ്ങേ്‌റുക.

ഇന്റര്‍നാഷണല്‍ ഹോര്‍ട്ടികള്‍ച്ചറല്‍ എക്സിബിഷന്‍ എക്സ്പോ 2023 ദോഹയില്‍ വലിയ രീതിയില്‍ പങ്കെടുക്കാനുള്ള കരാറില്‍ ജിസിസി ജനറല്‍ സെക്രട്ടേറിയറ്റുമായുള്ള കരാര്‍ ഒപ്പിടല്‍ ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി

കാലാവസ്ഥാ വ്യതിയാനത്തിനും സുസ്ഥിരതയ്ക്കുമുള്ള വിദേശകാര്യ മന്ത്രിയുടെ പ്രത്യേക പ്രതിനിധി അംബാസഡര്‍ ബദര്‍ ബിന്‍ ഒമര്‍ അല്‍ ദഫയും എക്സ്പോ 2023 ദോഹ കമ്മീഷണറും ഓഫീസ് ഡയറക്ടര്‍ ജനറല്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ അല്‍ ഷെയ്ഖും കരാറില്‍ ഒപ്പുവച്ചു.

ജിസിസി ജനറല്‍ സെക്രട്ടേറിയറ്റിന്റെ പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച മുനിസിപ്പാലിറ്റി മന്ത്രി പറഞ്ഞു: ”എക്സ്പോ 2023 ദോഹയെ പിന്തുണയ്‌ക്കേണ്ടത് വളരെ പ്രധാനമാണ്. സുസ്ഥിരത, വൃക്ഷത്തൈ നടീല്‍, പച്ചപ്പ് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ജിസിസിയുടെ ശ്രമങ്ങളില്‍ പങ്കാളിത്തം മൂല്യവര്‍ദ്ധിതമാകും.

കരാറിനെ തുടര്‍ന്ന് ‘ഗ്രീന്‍ ഗള്‍ഫിലേക്ക്.. സുസ്ഥിര പരിസ്ഥിതിക്ക്’ എന്ന തലക്കെട്ടില്‍ ബൃഹത്തായ ജിസിസി പവലിയന്‍ എക്സ്പോയില്‍ ഒരുക്കുമെന്ന് ചടങ്ങില്‍ സംസാരിച്ച ജിസിസി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവി പറഞ്ഞു.

സംയുക്ത ജിസിസി പ്രവര്‍ത്തനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങള്‍, പരിസ്ഥിതി, കാര്‍ഷിക മേഖലയിലെ പദ്ധതികള്‍, തന്ത്രങ്ങള്‍ എന്നിവ പവലിയനില്‍ പ്രദര്‍ശിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കാനും പ്രദര്‍ശന മേഖലകളില്‍ നിക്ഷേപം നടത്താനും ലക്ഷ്യമിട്ടുള്ള മറ്റ് സംരംഭങ്ങള്‍ക്ക് പുറമെ കാലാവസ്ഥാ വ്യതിയാനം, മരുഭൂവല്‍ക്കരണം, സസ്യസംരക്ഷണം, ഭക്ഷ്യസുരക്ഷ വര്‍ധിപ്പിക്കല്‍ തുടങ്ങിയ മേഖലകളില്‍ ജിസിസി പവലിയന്‍ സംരംഭങ്ങള്‍ അവതരിപ്പിക്കുമെന്ന് അല്‍ ബുദൈവി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!